Monday, June 22, 2009

ഡെഡ് ലൈൻ

ഇന്നേക്കു ഒന്നര ആഴ്ച തികയുന്നു. കഴിഞ്ഞതൊക്കെ മറവിയുടെ റീസൈക്കിൾ ബിന്നിലേക്കു പോകാൻ മടിച്ചു നിൽക്കുന്നു. ഇന്നു ബുധനാഴ്ച. കഴിഞ്ഞ തിങ്കളാഴ്ച ജവഹറിന്റെ മുറിയിൽ നിന്നു മീറ്റിങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞിരുന്നു. കൈകൾക്കു നേരിയ വിറയൽ പോലെ. തലച്ചോറിൽ ആയിരമായിരം ചിന്തകൾ തിരമാലകൾ പോലെ വന്നു ചിതറിത്തെറിച്ചു. ജവഹറിന്റെ വാക്കുകൾ മണൽത്തരികൾ പോലെ മനസ്സിലുരഞ്ഞു മുറിവുകൾ ഉണ്ടാക്കുകയായിരുന്നു.
“ ചെലവു ചുരുക്കലിന്റെയും ബിസ്സിനസ് സ്ടീം ലൈനിങ്ങിന്റെയും ഭാഗമായി കമ്പനിക്കു ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നിരിക്കുന്നു. നിങ്ങളുടെ സർവീസ് ടെർമിനേറ്റ് ചെയ്യേണ്ടി വരുന്നതിൽ ഞങ്ങൾ അതിയായി ഖേദിക്കുന്നു.” വാക്കുകൾക്കു തീരെ യോജിക്കാത്തതു പോലെ ജവഹറിന്റെ മുഖം നിർജീവമായിരുന്നു.
ഒരു യന്ത്രം പോലെയാണു ഞാനാ മുറിയിലിരുന്നത്. അദ്ദേഹം പറഞ്ഞ ആശയം മുഴുവനായി അപ്പോളെന്റെ ബോധമനസ്സ് ഉൾക്കൊണ്ടിരുന്നില്ല. പക്ഷേ പൊടുന്നനെ എന്റെ കണ്ണു നിറയുകയും ആശ്രയത്തിനായെന്ന പോലെ ഞാൻ ജവഹറിന്റെ മേശയിൽ അമർത്തിപ്പിടിക്കുകയും ചെയ്തു. ജവഹർ അപ്പോൾ ഒരു ഗ്ലാസ്സു വെള്ളം തന്നതായി ഓർക്കുന്നു!
ജവഹറിന്റെ മീറ്റിങിനു തൊട്ടു പിന്നാലെ ഹ്യുമൻ റിസോഴ്സുകാരുടെ വകയായും ഉണ്ടായിരുന്നു ഒരു മീറ്റിംങ്ങ്. ലേ ഓഫ് കോമ്പൻസേഷൻ പാക്കേജിനെപറ്റിയും, മറ്റു കമ്പനികളിൽ ജോലിക്കു ശ്രമിക്കാനുള്ള സാധ്യതകളെ പറ്റിയും അവർ ഒരു ലഘു പ്രസംഗം നടത്തി. ഞാൻ ഒന്നും തന്നെ ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. അവർ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു കൊടുത്തു. അത്രമാത്രം. ഒരു മറുചോദ്യം പോലും ചോദിച്ചതുമില്ല. എന്റെ ചിന്താശേഷി പൊടുന്നനെ വർക്കു ചെയ്യാതായി എന്നു തോന്നുന്നു.

കറുത്ത യൂണിഫോമിട്ട ഒരു സെക്യൂരിറ്റി ഗാർഡ് എന്റെ നിയന്ത്രണം ഏറ്റെടുത്തു. പിരിച്ചു വിട്ട ദേഷ്യത്തിൽ ഞാൻ അതിക്രമമൊന്നും കാണിക്കാതിരിക്കാനായിരുന്നു അതെന്നു പിന്നീടാലോചിച്ചപ്പോഴെ എനിക്ക് മനസ്സിലായുള്ളൂ. കമ്പനി വണ്ടിയിൽ എന്നെ വീട്ടിൽ കൊണ്ടു പോയാക്കുമത്രെ. വർക്ക് ഡെസ്കു ക്ലിയറു ചെയ്യാൻ സഹകരിക്കണമെന്നും, എന്റെ കമ്പ്യൂട്ടറിൽ ഇനി ലോഗിൻ ചെയ്യരുതെന്നും, സെക്യൂരിറ്റി ഗാർഡുമായി സഹകരിക്കണമെന്നും, ഞങ്ങൾ അതിയായി ഖേദിക്കുന്നുവെന്നുമെല്ലാം അക്കമിട്ടു പറയുന്ന ഒരു പ്രിന്റ് ഔട്ട് എനിക്കു കിട്ടി.സെക്യൂരിറ്റി ഗാർഡ് ഒരു യമദൂതനെ ഓർമിപ്പിച്ചു.അയാളുടെ കറുപ്പു യൂണീഫോം ഇത്തരം അവസരങ്ങൾക്കു തികച്ചും അനുയോജ്യമാണെന്നെനിക്കു തോന്നി. മനസ്സു ഒരു എതിർഭാഗം വക്കീലിനെപ്പോലെ എന്നോടു ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.എല്ലാ ചിലവുകളും, കൊടുത്തു തീർക്കാനുള്ള എല്ലാ കടങ്ങളും ഒറ്റ നിമിഷത്തിൽ എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു. ഞാൻ മറന്നു പോയവയടക്കം.പക്ഷേ എന്നെ ഏറ്റവും പേടിപ്പെടുത്തിയ ചോദ്യം “ഇനിയെന്ത്?” എന്നതായിരുന്നു.
ചോദ്യങ്ങളെല്ലാം ഒന്നൊന്നായി ഞാനവഗണിചു. സത്യം പറഞ്ഞാൽ ഒരു ചോദ്യം അവസാനിക്കുന്നതിനു മുൻപായി മറ്റൊന്നു പൊങ്ങി വന്നു കൊണ്ടേയിരിക്കുകയായിരുന്നു. കുറച്ചു കൂടി വേഗത്തിൽ നടക്കാൻ ഗാർഡ് എന്നോടാവശ്യപ്പെട്ടു. എനിക്ക് ഉറക്കെ കരയണമെന്നു തോന്നി. എന്റെ ക്യുബിക്കിളിൽ എത്തിയപ്പോഴേയ്ക്കു ഞാൻ അവശനായിരുന്നു. തലയിൽഊടെ വേദനയുടെ അസ്ത്രങ്ങൾ പാഞ്ഞു പോയി. എന്റെ പുസ്തകങ്ങളും മറ്റും മൂന്നടി പൊക്കമുള്ള ഒരു പെട്ടിയിൽ ഭംഗിയായി പാക്കു ചെയ്തു സീൽ ചെയ്തു വെച്ചിരുന്നു. ഗ്രൂപ്പിലുള്ളവർ എന്റെ അടുത്തു വന്നു. അവരുടെ കണ്ണുകളിൽ നിസ്സഹായത ഉണ്ടായിരുന്നു. ഇത്തവണ രക്ഷപെട്ടതിന്റെ ആശ്വാസവും. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ടീം ലീഡ് എന്റെ ചുമലിൽ കൈ വച്ചു പറഞ്ഞു. “സോറി ഐ വാസ് ഹെല്പ് ലെസ്സ്”. എന്റെ കസേരയിൽ അവസാനമായി ഒന്നിരിക്കണമെന്നുണ്ടായിരുന്നു. പ്ക്ഷേ സെക്യുരിറ്റി ഗാർഡ് അക്ഷമനാകുന്നതു കണ്ടു. എന്റെ ഡെഡ് ലൈൻ വെറും ഒരു മണിക്കൂറായിരുന്നല്ലോ!

-- നിഹാരിക.

Friday, June 19, 2009

(നഷ്ട)പ്രണയം

കാർമേഘങ്ങൾ വിരിഞ്ഞു നിന്ന ആകാശത്തിന്റെ ഇരുളിമയിൽ, മഴ പെയ്യാൻ തുടങ്ങുന്ന ഒരു സന്ധ്യയിലാണ് ഞാനവനെ അവസാനമായി കണ്ടത്. പതിവില്ലാത്ത ഒരു ചിരിയോടെ വളരെ പതുക്കെയാണവൻ നടന്നടുത്തത്. തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടി. അതെന്റെ കണ്ണുകളിൽ വിടരാൻ തുടങ്ങിയ കണ്ണീർ തുള്ളികളെ ഘനീഭവിപ്പിച്ചു. ദൂരെയുള്ള കുന്നുകൾ നീല നിറത്തിൽ പുകഞ്ഞു നിന്നു.

എന്റെ മനസ്സ് ഒരിക്കലെങ്കിലും അവനറിഞ്ഞിരുന്നുവോ? കണ്ണുനീരിന്റെ പടലത്തിൽകൂടി കണ്ട അവന്റെ അവ്യക്ത രൂപം നോക്കി നിൽക്കവെ ഞാൻ ചിന്തിച്ചു. ഒരിക്കലെങ്കിലും? വർഷങ്ങളുടെ സുഹൃത്ബന്ധത്തിൽ ഒരിക്കലെങ്കിലും? അവൻ എന്റെ സുഹൃത്തു മാത്രമായിരുന്നില്ല. കുസൃതി കാട്ടുന്ന ഒരേട്ടനായി, കരുതലുള്ള ഒരച്ഛനായി. പിന്നെ, മഴയുള്ള രാത്രിയിൽ എന്നെ തഴുകുന്ന മഴയുടെ തണുത്ത കരങ്ങളായി, എന്റെ അളകങ്ങളെ മാടിയൊതുക്കുന്ന കാറ്റിന്റെ കുസ്രുതിക്കരങ്ങളായി.ഒടുവിൽ  എന്റെ ആത്മാവെനിക്കു നഷ്ടപ്പെട്ടപ്പോൾ അവന്റേതെനിക്കായി പകുത്തു തന്നതും അവനായിരുന്നു.

മഴ വീണു കുതിർന്ന കോളേജ് വരാന്തയിൽ എവിടെയോ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. മഴയിൽ കുതിരാൻ തുടങ്ങുന്ന ഒരു ഫിസിക്സ് റെക്കോഡുമായി എന്റെ കുടയിൽ അഭയം ചോദിച്ച് അവനെത്തി. പിന്നീട് പതിവായി കുടയില്ലാതെ അവനാ വരാന്തയുടെ അറ്റത്തു പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്തിനായിരുന്നു എല്ലാം?

പിന്നീട് എന്റെ കണ്ണുകൾ അവനായി തിരഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഭയപ്പെട്ടു.ഇന്നും ഞാനോർക്കുന്നു, ലൈബ്രറിയുടെ പടിക്കെട്ടിൽ, ഉച്ചവെയിൽ പരന്നൊഴുകുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ കണ്ണുനീർ വീണു കുതിർന്ന പുതുമണ്ണിന്റെ ഗന്ധത്തിൽ, ഞങ്ങൾ ആദ്യമായി കലഹിച്ചു. എല്ലാം തീർന്നതു പോലെ തോന്നി. പക്ഷേ പിന്നീടെത്രയോ ഇണക്കങ്ങളും പിണക്കങ്ങളും, ചിരിയും കരച്ചിലും, സാന്ത്വനങ്ങളും.

അപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മതിൽക്കെട്ടുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്റെ മനസ്സു ആ പരിധി വിട്ടു പോയത്? അതിലും കൂടുതൽ വേണമെന്നു ആശിക്കാൻ തുടങ്ങിയത്? സ്വയം ശാസിച്ചു ഞാൻ. പക്ഷെ വീണ്ടും വീണ്ടും അവന്റെ അസുലഭമായ പുഞ്ചിരിക്കായി ഞാൻ കൊതിച്ചു കൊണ്ടേയിരുന്നു. എന്റെ സ്വന്തമല്ലെന്നറിഞ്ഞിട്ടും അവനെ നഷ്ടപ്പെടുമോ എന്നു ഞാൻ ഭയന്നതെന്തിനായിരുന്നു? അറിയില്ല.അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭാവങ്ങൾ എപ്പോഴുമെന്നെ കുഴക്കിയിരുന്നു. പക്ഷേ ആ ഭാവങ്ങളുടെ മാസ്മരികതയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ലെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു.


ഭാരിച്ച ദിവസങ്ങളുടെ അന്ത്യത്തിൽ, മാനഞ്ചിറയിലെ പുൽമേട്ടിൽ ഞങ്ങൾ പറഞ്ഞു തീർത്ത വിശേഷങ്ങളിൽ, ഞാൻ ചൊരിഞ്ഞ പരിഭവങ്ങളിൽ, ഒരിക്കലും ഞാനവനോടു പറഞ്ഞില്ല, ഈ സ്നേഹം ഞാൻ എന്നും ആഗ്രഹിക്കുന്നുവെന്ന്, ഈ കണ്ണുകളിൽ ഉറങ്ങുന്ന കവിതയെ ഞാൻ ആരാധിക്കുന്നുവെന്ന്. പറയാൻ ഞാൻ ഭയപ്പെട്ടു! സ്നേഹം ചോദിച്ചു വാങ്ങുന്നത് ഒരു ന്യൂനതയായതിനാലാവാം.

ഞങ്ങളുടെ പ്രണയ സങ്കല്പങ്ങൾ ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല.എനിക്കു പ്രണയം ഒരു ആഘോഷമായിരുന്നു. പക്ഷേ അവനു പ്രണയം രാത്രിയിൽ നാമറിയാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു. മഴ പെയ്തൊഴിയുമ്പോൾ നീണ്ടു നിൽക്കുന്ന നേർത്ത തണുപ്പു പോലെ, മണ്ണിന്റെ നനഞ്ഞ ഗന്ധം പോലെയായിരുന്നു അത്.

പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൗന്ദര്യം  ആയിരുന്നെന്ന്.

ഞങ്ങളുടെ സൗഹൃദത്തെ ശിശിരവും വസന്തവും പല തവണ തഴുകി. അവിടെ വർഷമുണ്ടായി, പൂക്കളുണ്ടായി, നനുത്ത മഞ്ഞുണ്ടായി. ഓരോ നിമിഷവും അവന്റെ ഗന്ധം, സുഖകരമായ അവന്റെ സാമീപ്യം വരാൻ പോകുന്ന ഒരു ദുഖത്തെ, പറയാതെ ഞാൻ നഷ്ടപ്പെടുത്തുന്ന സുരക്ഷയുടെ കരവലയത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ആ അവസാന ദിവസവും ഒന്നും പറയാൻ എനിക്കായില്ല. ഒഴുക്കാനാകാത്ത ആയിരം കണ്ണുനീർ തുള്ളികളുടെ ആർദ്രത ഒരു നിശ്വാസത്തിലൊളിപ്പിച്ച് ദൂരെയുള്ള കുന്നുകളെ നോക്കി ഞങ്ങൾ വളരെ നേരം നിന്നു.

Thursday, June 18, 2009

സ്വയംപര്യാപ്തത

ആറാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്കു ചോദിച്ച മുപ്പത്താമത്തെ ചോദ്യം “നിങ്ങളുടെ സ്കൂളിലെ മൂത്രപ്പുരയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നിങ്ങളെങ്ങനെ മുൻകൈ എടുക്കും? “ എന്നതായിരുന്നു.
കുഞ്ഞു തലകളിൽ പൊട്ടിമുളച്ച പലേ വികൃതിത്തരങ്ങളും ഉശിരൻ ആശയങ്ങളും വായിച്ചങ്ങനെ രസിച്ചിരിക്കുകയാണ് ഞാൻ. പെട്ടെന്നാണ്, ആറാം ക്ലാസ്സിലെത്തിയിട്ടും തലയിൽ നിലാവെളിച്ചം പോലും വീണിട്ടില്ലാത്ത ഒരു മണ്ടന്റെ ഉത്തരം കൈയ്യിൽ തടഞ്ഞത്.

“സർക്കാരിനോടു സഹായം ചോദിക്കും!!!”

ഹും! സർക്കാരിനോടു സഹായം ചോദിക്കുമെന്ന്! പിന്നേ! നിന്റെ സ്കൂളിലെ മൂത്രപ്പുര നന്നാക്കലല്ലെ സർക്കാരിന്റെ തൊഴിൽ! ഉത്തരത്തിനടുത്തു ആ മണ്ടത്തരത്തേക്കാൾ വലിയ ഒരു വെട്ടു വെട്ടി , വടിവൊത്ത ഒരു പൂജ്യനെയും വരച്ചു ചേർത്തിട്ടും എന്റെ രോഷംആളിക്കത്തിക്കൊണ്ടിരുന്നു. ഞാനിത്രമാത്രം പഠിപ്പിച്ചിട്ടും സാമൂഹ്യ ബോധം വന്നില്ലല്ലോ! പഠിപ്പു പോട്ടെ, ഇവനൊക്കെ ഈ നാട്ടില്ലല്ലെ ജീവിക്കുന്നത്? മൂത്രപ്പുര നന്നാക്കണമെന്നു പറഞ്ഞു നൂറു പീക്കിരി പിള്ളേരുടെ ഒപ്പും കൊണ്ടങ്ങു ചെന്നാ മതി! സർക്കാർ രണ്ടു ലോറി ആൾക്കാരെ ഇറക്കി എല്ലാം ശരിയാക്കി തരും!

ഇവനൊക്കെ സർക്കാരിനെപ്പറ്റി എന്താണാവോ ധരിച്ചു വച്ചിരിക്കുന്നത്? സർക്കാർ ഇങ്ങനെ കുട്ടിക്കളി കളിക്കാൻ ഉള്ളതാണോ? എന്തൊക്കെ നൂലാമാലകളെ നേരിടേണ്ട തകർപ്പൻ പ്രസ്ഥാനമാണ് സർക്കാർ!

അല്ലെങ്കിൽ തന്നെ ഇവനെയൊക്കെ പറഞ്ഞിട്ടെന്താ കാര്യം? തൊട്ടതിനും പിടിച്ചതിനും ഒക്കെ സർക്കാരിന്റെ സ്വര്യം കെടുത്തുന്നതിൽ പൊതുജനവും മോശമൊന്നുമല്ലോ! തിരഞ്ഞെടുപ്പു പത്രികയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും കക്ഷത്തിൽ തിരുകി സെക്രട്ടറിയേറ്റിനു മുൻപിൽ കൂരയും കുത്തി കിടന്നു പാവം സർക്കാരിനെ ഉപദ്രവിക്കുകയാണല്ലോ! തിരഞ്ഞെടുപ്പു കഴിഞ്ഞാല് ഈ പത്രം കടല പൊതിയാ ഉപയോഗിച്ചാൽ പോരെ? അത്രയല്ലേ പാവം സര്ക്കാരും ഉദ്ദേശിക്കുന്നുള്ളൂ! കോടികൾ മുടക്കിയും, ചാക്കിട്ടു പിടിച്ചും, വേണമെങ്കില് ആത്മാഭിമാനം വരെ പണയം വച്ചും, ഒട്ടേറെ ത്യാഗങ്ങള് സഹിച്ചും അധികാരത്തിൽ വരുന്നതു നാടു നന്നാക്കിട്ടു ചുമ്മാ അങ്ങു പോകാനാണോ? സാക്ഷര കേരളത്തിലെ ജനങ്ങല്ക്കു ഇതു മനസ്സിലാക്കുവാന് ട്യുഷൻ ക്ലാസ്സ് വേണോ? എന്തൊക്കെ പാപഭാരങ്ങളാണു പാവം സര്ക്കാരിന്റെ ചുമലില്?

ഒരു വണ്ടി പോയപ്പോ പുകയിൽ കുറച്ചു കാർബൺ മോണോക്സൈഡ് കൂടിപ്പോയതിനു പാവം സർക്കാർ എന്തു ചെയ്യാൻ?കേരളത്തിനകത്തേക്കു വരുന്ന വായു മുഴുവൻ സെക്രട്ടറിയേറ്റിൽ വച്ച് അരിച്ചു വിടാൻ പറ്റുമോ?നടപ്പുള്ള കാര്യം വല്ലതും പറ! അപ്പോ കുറച്ചു പുക അങ്ങു വന്നാലും രണ്ടു കൈകളിൽ ഒന്നു കൊണ്ട് മൂക്കടച്ചു പിടിക്കുക. ഇത്ര നിസ്സാരമായി തീർക്കാവുന്ന പ്രശ്ന്ങ്ങളിൽ സർക്കാരെങ്ങനെ ഇടപെടും? മോശമല്ലെ?

ക്ലാസ്സിൽ ഒരു ബോധവത്ക്കരണം നടത്തണം. ഇങ്ങനെ ചിന്ന ചിന്ന കാര്യങ്ങൾക്ക് സർക്കാരിന്റെ സ്വര്യം കെടുത്തരുത്. അല്ലെങ്കിൽ ഇവനൊക്കെ നാളെ റോഡിൽ നിറയെ കുണ്ടും കുഴിയുമാണെന്നു പറഞ്ഞു വരെ നിവേദനവും കൊണ്ടിറങ്ങും. ലൈസൻസു കൊടുക്കാൻ നേരത്ത് എട്ടും (8) എച്ചും(H) ഒക്കെ വരപ്പിക്കുന്നതു തമാശയ്ക്കാണെന്നു കരുതിയോ? ഉള്ള റോഡിലൂടെ ഗട്ടർ ഒക്കെ ഒഴിവാക്കി അങ്ങു പൊക്കോളണം. അല്ലാതെ സർക്കാരിനു ടാർ പാട്ടയുമായി ഇറങ്ങാൻ പറ്റുമോ?

വിളിപ്പുറത്ത് ഓഛാനിച്ചു നിൽക്കാൻ സർക്കാർ നമ്മുടെ തറവാട്ടു വാല്യക്കാർ ഒന്നുമല്ലല്ലോ!

പാവം സർക്കാർ! പണിയുണ്ടാക്കാൻ ഒരു പ്രതിപക്ഷം തന്നെ ധാരാളം. ഒരു ദിവസം റിലീസാകുന്ന ആരോപണങ്ങൾക്ക് ഉത്തരം പറയാൻ പോലും സമയം തികയില്ല.അതു കൂടാതെ തൊഴുത്തിൽക്കുത്ത്, ചെളി വാരിയെരിയൽ, ആരാന്റെ അമ്മയ്ക്ക് ഭ്രാന്തിളകുമ്പോൾ കയ്യടി ഇത്തരം കലാപരിപടികൾക്കും സമയം കണ്ടെത്തണം.അതു കൂടാതെ അഴിമതി കേസ്സുകളൊക്കെ ഉത്തരവാദിത്വപ്പെട്ട ഓരോ ചുമലില് വെച്ചു കെട്ടണം. അപ്പോഴാണ് നായും നരിയും കേട്ടിട്ടില്ലാത്ത നാട്ടിലെ (സർക്കാർ) പ്രൈമറി സ്ക്കൂളിന്റെ മൂത്രപ്പുര നന്നാക്കാൻ സർക്കാരിനോടു പറയുന്നത്! ഇവന്റെയൊക്കെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണം. അല്ലെങ്കിൽ വളർന്നു വലുതാകുമ്പോൾ ഇവനൊക്കെ ജനാധിപത്യത്തിനു തന്നെ ഭീഷണിയാകും. കൊടിയും കുത്തി നാലാളെയും കൂട്ടും. പിന്നെ സംഘടനയായി, പ്രക്ഷോഭമായി, കുത്തിയിരുപ്പായി, ഉന്തായി തള്ളായി, സർക്കാരിന്റെ മെക്കിട്ടു കയറും!
കഞ്ഞി വേണം, വീടു വേണം, ചെയ്യുന്ന തൊഴിലിനു മാന്യമായ കൂലി വേണം,വെള്ളം വായു, ഭക്ഷണം എന്നിവ മലിനപ്പെടുത്തുന്നതു തടയണം,സർക്കാർ ഓഫീസിൽ ചെന്നാൽ നല്ല സ്വീകരണം വേണം,കോടതിയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണം,അങ്ങനെ അങ്ങനെ ആഗ്രഹങ്ങളുടെ പട്ടിക അങ്ങു നിരത്തും.പിന്നെ! സർക്കാർ ഇങ്ങനെ സ്റ്റാൻഡേർഡ് കുറഞ്ഞ വകുപ്പുകളിൽ ഇടപെടുകയല്ലേ? മോശം. നാലു കോളം വാർത്തയ്ക്കു സ്കോപ്പോ, കോടികൾ മുകളിലേയ്ക്കു മുതൽ മുടക്കോ ഇല്ലാത്ത കാര്യങ്ങളെപ്പറ്റി സർക്കാരിനോടെങ്ങനെ ചോദിക്കും? ഓർക്കുമ്പോൾ തന്നെ നാണം തോന്നുന്നു. പൌരബോധം ഉള്ള ഒരു പൌരനു ചേർന്നതാണോ അത്? സർക്കാരിന്റെ കാര്യങ്ങളിൽ വെറുതെ പോയി തലയിടാതിരിക്കുക. സാധാരണക്കാരനു മനസ്സിലാക്കാൻ കഴിയാത്ത ഒരുപാടു മഹാ കാര്യങ്ങൾ ദിവസം തോറും നിഷ്പ്രയാസം ചെയ്തു തീർക്കുന്ന സർക്കാരിനെ ബഹുമാനിക്കുക. അല്ലാതെ യാതൊരു ന്യൂസ്സ് വാല്യുവുമില്ലാത്ത പാലം പണി, റോഡു നന്നാക്കൽ, അഴിമതി അൻഡ് പുക നിരോധനം ഇവയൊക്കെ സർക്കാരിനോടു ചെന്നു പറഞ്ഞാൽ സർക്കാർ എന്തു ചെയ്യാൻ? അനുഭവങ്ങളിൽ നിന്നു പഠിച്ചവൻ സ്വന്തം സ്ക്കൂളിലെ മൂത്രപ്പുര സ്വയം അങ്ങു ശരിയാക്കും, കുടിക്കുന്ന വെള്ളത്തിൽ വിഷം കലർന്നിട്ടുണ്ടെന്നു തോന്നിയാൽ വേറെ വെള്ളം അന്വേഷിക്കും, വീടിനു മുൻപിൽ കോർപ്പറേഷൻ വണ്ടി ചവറു കൊണ്ടിട്ടാൽ ഒരു കൈക്കോട്ടു കൊണ്ടു അതങ്ങു കോരിക്കളഞ്ഞു ക്ലീനാക്കും. അല്ലാതെ ഇങ്ങനെ നാറ്റക്കേസുകളിൽ സർക്കാരിന്റെ സ്വൈര്യം കെടുത്തുകില്ല. പിളേർക്കു ഒരു സ്റ്റുഡി ക്ലാസ്സെടുക്കണം. സ്വയം പര്യാപ്ത അനിവാര്യം!

-- നിഹാരിക