Thursday, June 18, 2009

സ്വയംപര്യാപ്തത

ആറാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്കു ചോദിച്ച മുപ്പത്താമത്തെ ചോദ്യം “നിങ്ങളുടെ സ്കൂളിലെ മൂത്രപ്പുരയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നിങ്ങളെങ്ങനെ മുൻകൈ എടുക്കും? “ എന്നതായിരുന്നു.
കുഞ്ഞു തലകളിൽ പൊട്ടിമുളച്ച പലേ വികൃതിത്തരങ്ങളും ഉശിരൻ ആശയങ്ങളും വായിച്ചങ്ങനെ രസിച്ചിരിക്കുകയാണ് ഞാൻ. പെട്ടെന്നാണ്, ആറാം ക്ലാസ്സിലെത്തിയിട്ടും തലയിൽ നിലാവെളിച്ചം പോലും വീണിട്ടില്ലാത്ത ഒരു മണ്ടന്റെ ഉത്തരം കൈയ്യിൽ തടഞ്ഞത്.

“സർക്കാരിനോടു സഹായം ചോദിക്കും!!!”

ഹും! സർക്കാരിനോടു സഹായം ചോദിക്കുമെന്ന്! പിന്നേ! നിന്റെ സ്കൂളിലെ മൂത്രപ്പുര നന്നാക്കലല്ലെ സർക്കാരിന്റെ തൊഴിൽ! ഉത്തരത്തിനടുത്തു ആ മണ്ടത്തരത്തേക്കാൾ വലിയ ഒരു വെട്ടു വെട്ടി , വടിവൊത്ത ഒരു പൂജ്യനെയും വരച്ചു ചേർത്തിട്ടും എന്റെ രോഷംആളിക്കത്തിക്കൊണ്ടിരുന്നു. ഞാനിത്രമാത്രം പഠിപ്പിച്ചിട്ടും സാമൂഹ്യ ബോധം വന്നില്ലല്ലോ! പഠിപ്പു പോട്ടെ, ഇവനൊക്കെ ഈ നാട്ടില്ലല്ലെ ജീവിക്കുന്നത്? മൂത്രപ്പുര നന്നാക്കണമെന്നു പറഞ്ഞു നൂറു പീക്കിരി പിള്ളേരുടെ ഒപ്പും കൊണ്ടങ്ങു ചെന്നാ മതി! സർക്കാർ രണ്ടു ലോറി ആൾക്കാരെ ഇറക്കി എല്ലാം ശരിയാക്കി തരും!

ഇവനൊക്കെ സർക്കാരിനെപ്പറ്റി എന്താണാവോ ധരിച്ചു വച്ചിരിക്കുന്നത്? സർക്കാർ ഇങ്ങനെ കുട്ടിക്കളി കളിക്കാൻ ഉള്ളതാണോ? എന്തൊക്കെ നൂലാമാലകളെ നേരിടേണ്ട തകർപ്പൻ പ്രസ്ഥാനമാണ് സർക്കാർ!

അല്ലെങ്കിൽ തന്നെ ഇവനെയൊക്കെ പറഞ്ഞിട്ടെന്താ കാര്യം? തൊട്ടതിനും പിടിച്ചതിനും ഒക്കെ സർക്കാരിന്റെ സ്വര്യം കെടുത്തുന്നതിൽ പൊതുജനവും മോശമൊന്നുമല്ലോ! തിരഞ്ഞെടുപ്പു പത്രികയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും കക്ഷത്തിൽ തിരുകി സെക്രട്ടറിയേറ്റിനു മുൻപിൽ കൂരയും കുത്തി കിടന്നു പാവം സർക്കാരിനെ ഉപദ്രവിക്കുകയാണല്ലോ! തിരഞ്ഞെടുപ്പു കഴിഞ്ഞാല് ഈ പത്രം കടല പൊതിയാ ഉപയോഗിച്ചാൽ പോരെ? അത്രയല്ലേ പാവം സര്ക്കാരും ഉദ്ദേശിക്കുന്നുള്ളൂ! കോടികൾ മുടക്കിയും, ചാക്കിട്ടു പിടിച്ചും, വേണമെങ്കില് ആത്മാഭിമാനം വരെ പണയം വച്ചും, ഒട്ടേറെ ത്യാഗങ്ങള് സഹിച്ചും അധികാരത്തിൽ വരുന്നതു നാടു നന്നാക്കിട്ടു ചുമ്മാ അങ്ങു പോകാനാണോ? സാക്ഷര കേരളത്തിലെ ജനങ്ങല്ക്കു ഇതു മനസ്സിലാക്കുവാന് ട്യുഷൻ ക്ലാസ്സ് വേണോ? എന്തൊക്കെ പാപഭാരങ്ങളാണു പാവം സര്ക്കാരിന്റെ ചുമലില്?

ഒരു വണ്ടി പോയപ്പോ പുകയിൽ കുറച്ചു കാർബൺ മോണോക്സൈഡ് കൂടിപ്പോയതിനു പാവം സർക്കാർ എന്തു ചെയ്യാൻ?കേരളത്തിനകത്തേക്കു വരുന്ന വായു മുഴുവൻ സെക്രട്ടറിയേറ്റിൽ വച്ച് അരിച്ചു വിടാൻ പറ്റുമോ?നടപ്പുള്ള കാര്യം വല്ലതും പറ! അപ്പോ കുറച്ചു പുക അങ്ങു വന്നാലും രണ്ടു കൈകളിൽ ഒന്നു കൊണ്ട് മൂക്കടച്ചു പിടിക്കുക. ഇത്ര നിസ്സാരമായി തീർക്കാവുന്ന പ്രശ്ന്ങ്ങളിൽ സർക്കാരെങ്ങനെ ഇടപെടും? മോശമല്ലെ?

ക്ലാസ്സിൽ ഒരു ബോധവത്ക്കരണം നടത്തണം. ഇങ്ങനെ ചിന്ന ചിന്ന കാര്യങ്ങൾക്ക് സർക്കാരിന്റെ സ്വര്യം കെടുത്തരുത്. അല്ലെങ്കിൽ ഇവനൊക്കെ നാളെ റോഡിൽ നിറയെ കുണ്ടും കുഴിയുമാണെന്നു പറഞ്ഞു വരെ നിവേദനവും കൊണ്ടിറങ്ങും. ലൈസൻസു കൊടുക്കാൻ നേരത്ത് എട്ടും (8) എച്ചും(H) ഒക്കെ വരപ്പിക്കുന്നതു തമാശയ്ക്കാണെന്നു കരുതിയോ? ഉള്ള റോഡിലൂടെ ഗട്ടർ ഒക്കെ ഒഴിവാക്കി അങ്ങു പൊക്കോളണം. അല്ലാതെ സർക്കാരിനു ടാർ പാട്ടയുമായി ഇറങ്ങാൻ പറ്റുമോ?

വിളിപ്പുറത്ത് ഓഛാനിച്ചു നിൽക്കാൻ സർക്കാർ നമ്മുടെ തറവാട്ടു വാല്യക്കാർ ഒന്നുമല്ലല്ലോ!

പാവം സർക്കാർ! പണിയുണ്ടാക്കാൻ ഒരു പ്രതിപക്ഷം തന്നെ ധാരാളം. ഒരു ദിവസം റിലീസാകുന്ന ആരോപണങ്ങൾക്ക് ഉത്തരം പറയാൻ പോലും സമയം തികയില്ല.അതു കൂടാതെ തൊഴുത്തിൽക്കുത്ത്, ചെളി വാരിയെരിയൽ, ആരാന്റെ അമ്മയ്ക്ക് ഭ്രാന്തിളകുമ്പോൾ കയ്യടി ഇത്തരം കലാപരിപടികൾക്കും സമയം കണ്ടെത്തണം.അതു കൂടാതെ അഴിമതി കേസ്സുകളൊക്കെ ഉത്തരവാദിത്വപ്പെട്ട ഓരോ ചുമലില് വെച്ചു കെട്ടണം. അപ്പോഴാണ് നായും നരിയും കേട്ടിട്ടില്ലാത്ത നാട്ടിലെ (സർക്കാർ) പ്രൈമറി സ്ക്കൂളിന്റെ മൂത്രപ്പുര നന്നാക്കാൻ സർക്കാരിനോടു പറയുന്നത്! ഇവന്റെയൊക്കെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണം. അല്ലെങ്കിൽ വളർന്നു വലുതാകുമ്പോൾ ഇവനൊക്കെ ജനാധിപത്യത്തിനു തന്നെ ഭീഷണിയാകും. കൊടിയും കുത്തി നാലാളെയും കൂട്ടും. പിന്നെ സംഘടനയായി, പ്രക്ഷോഭമായി, കുത്തിയിരുപ്പായി, ഉന്തായി തള്ളായി, സർക്കാരിന്റെ മെക്കിട്ടു കയറും!
കഞ്ഞി വേണം, വീടു വേണം, ചെയ്യുന്ന തൊഴിലിനു മാന്യമായ കൂലി വേണം,വെള്ളം വായു, ഭക്ഷണം എന്നിവ മലിനപ്പെടുത്തുന്നതു തടയണം,സർക്കാർ ഓഫീസിൽ ചെന്നാൽ നല്ല സ്വീകരണം വേണം,കോടതിയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണം,അങ്ങനെ അങ്ങനെ ആഗ്രഹങ്ങളുടെ പട്ടിക അങ്ങു നിരത്തും.പിന്നെ! സർക്കാർ ഇങ്ങനെ സ്റ്റാൻഡേർഡ് കുറഞ്ഞ വകുപ്പുകളിൽ ഇടപെടുകയല്ലേ? മോശം. നാലു കോളം വാർത്തയ്ക്കു സ്കോപ്പോ, കോടികൾ മുകളിലേയ്ക്കു മുതൽ മുടക്കോ ഇല്ലാത്ത കാര്യങ്ങളെപ്പറ്റി സർക്കാരിനോടെങ്ങനെ ചോദിക്കും? ഓർക്കുമ്പോൾ തന്നെ നാണം തോന്നുന്നു. പൌരബോധം ഉള്ള ഒരു പൌരനു ചേർന്നതാണോ അത്? സർക്കാരിന്റെ കാര്യങ്ങളിൽ വെറുതെ പോയി തലയിടാതിരിക്കുക. സാധാരണക്കാരനു മനസ്സിലാക്കാൻ കഴിയാത്ത ഒരുപാടു മഹാ കാര്യങ്ങൾ ദിവസം തോറും നിഷ്പ്രയാസം ചെയ്തു തീർക്കുന്ന സർക്കാരിനെ ബഹുമാനിക്കുക. അല്ലാതെ യാതൊരു ന്യൂസ്സ് വാല്യുവുമില്ലാത്ത പാലം പണി, റോഡു നന്നാക്കൽ, അഴിമതി അൻഡ് പുക നിരോധനം ഇവയൊക്കെ സർക്കാരിനോടു ചെന്നു പറഞ്ഞാൽ സർക്കാർ എന്തു ചെയ്യാൻ? അനുഭവങ്ങളിൽ നിന്നു പഠിച്ചവൻ സ്വന്തം സ്ക്കൂളിലെ മൂത്രപ്പുര സ്വയം അങ്ങു ശരിയാക്കും, കുടിക്കുന്ന വെള്ളത്തിൽ വിഷം കലർന്നിട്ടുണ്ടെന്നു തോന്നിയാൽ വേറെ വെള്ളം അന്വേഷിക്കും, വീടിനു മുൻപിൽ കോർപ്പറേഷൻ വണ്ടി ചവറു കൊണ്ടിട്ടാൽ ഒരു കൈക്കോട്ടു കൊണ്ടു അതങ്ങു കോരിക്കളഞ്ഞു ക്ലീനാക്കും. അല്ലാതെ ഇങ്ങനെ നാറ്റക്കേസുകളിൽ സർക്കാരിന്റെ സ്വൈര്യം കെടുത്തുകില്ല. പിളേർക്കു ഒരു സ്റ്റുഡി ക്ലാസ്സെടുക്കണം. സ്വയം പര്യാപ്ത അനിവാര്യം!

-- നിഹാരിക

1 comment:

ശ്രീ said...

"അനുഭവങ്ങളിൽ നിന്നു പഠിച്ചവൻ സ്വന്തം സ്ക്കൂളിലെ മൂത്രപ്പുര സ്വയം അങ്ങു ശരിയാക്കും, കുടിക്കുന്ന വെള്ളത്തിൽ വിഷം കലർന്നിട്ടുണ്ടെന്നു തോന്നിയാൽ വേറെ വെള്ളം അന്വേഷിക്കും, വീടിനു മുൻപിൽ കോർപ്പറേഷൻ വണ്ടി ചവറു കൊണ്ടിട്ടാൽ ഒരു കൈക്കോട്ടു കൊണ്ടു അതങ്ങു കോരിക്കളഞ്ഞു ക്ലീനാക്കും"

നടന്നതു തന്നെ...