Friday, June 19, 2009

(നഷ്ട)പ്രണയം

കാർമേഘങ്ങൾ വിരിഞ്ഞു നിന്ന ആകാശത്തിന്റെ ഇരുളിമയിൽ, മഴ പെയ്യാൻ തുടങ്ങുന്ന ഒരു സന്ധ്യയിലാണ് ഞാനവനെ അവസാനമായി കണ്ടത്. പതിവില്ലാത്ത ഒരു ചിരിയോടെ വളരെ പതുക്കെയാണവൻ നടന്നടുത്തത്. തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടി. അതെന്റെ കണ്ണുകളിൽ വിടരാൻ തുടങ്ങിയ കണ്ണീർ തുള്ളികളെ ഘനീഭവിപ്പിച്ചു. ദൂരെയുള്ള കുന്നുകൾ നീല നിറത്തിൽ പുകഞ്ഞു നിന്നു.

എന്റെ മനസ്സ് ഒരിക്കലെങ്കിലും അവനറിഞ്ഞിരുന്നുവോ? കണ്ണുനീരിന്റെ പടലത്തിൽകൂടി കണ്ട അവന്റെ അവ്യക്ത രൂപം നോക്കി നിൽക്കവെ ഞാൻ ചിന്തിച്ചു. ഒരിക്കലെങ്കിലും? വർഷങ്ങളുടെ സുഹൃത്ബന്ധത്തിൽ ഒരിക്കലെങ്കിലും? അവൻ എന്റെ സുഹൃത്തു മാത്രമായിരുന്നില്ല. കുസൃതി കാട്ടുന്ന ഒരേട്ടനായി, കരുതലുള്ള ഒരച്ഛനായി. പിന്നെ, മഴയുള്ള രാത്രിയിൽ എന്നെ തഴുകുന്ന മഴയുടെ തണുത്ത കരങ്ങളായി, എന്റെ അളകങ്ങളെ മാടിയൊതുക്കുന്ന കാറ്റിന്റെ കുസ്രുതിക്കരങ്ങളായി.ഒടുവിൽ  എന്റെ ആത്മാവെനിക്കു നഷ്ടപ്പെട്ടപ്പോൾ അവന്റേതെനിക്കായി പകുത്തു തന്നതും അവനായിരുന്നു.

മഴ വീണു കുതിർന്ന കോളേജ് വരാന്തയിൽ എവിടെയോ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. മഴയിൽ കുതിരാൻ തുടങ്ങുന്ന ഒരു ഫിസിക്സ് റെക്കോഡുമായി എന്റെ കുടയിൽ അഭയം ചോദിച്ച് അവനെത്തി. പിന്നീട് പതിവായി കുടയില്ലാതെ അവനാ വരാന്തയുടെ അറ്റത്തു പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്തിനായിരുന്നു എല്ലാം?

പിന്നീട് എന്റെ കണ്ണുകൾ അവനായി തിരഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഭയപ്പെട്ടു.ഇന്നും ഞാനോർക്കുന്നു, ലൈബ്രറിയുടെ പടിക്കെട്ടിൽ, ഉച്ചവെയിൽ പരന്നൊഴുകുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ കണ്ണുനീർ വീണു കുതിർന്ന പുതുമണ്ണിന്റെ ഗന്ധത്തിൽ, ഞങ്ങൾ ആദ്യമായി കലഹിച്ചു. എല്ലാം തീർന്നതു പോലെ തോന്നി. പക്ഷേ പിന്നീടെത്രയോ ഇണക്കങ്ങളും പിണക്കങ്ങളും, ചിരിയും കരച്ചിലും, സാന്ത്വനങ്ങളും.

അപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മതിൽക്കെട്ടുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്റെ മനസ്സു ആ പരിധി വിട്ടു പോയത്? അതിലും കൂടുതൽ വേണമെന്നു ആശിക്കാൻ തുടങ്ങിയത്? സ്വയം ശാസിച്ചു ഞാൻ. പക്ഷെ വീണ്ടും വീണ്ടും അവന്റെ അസുലഭമായ പുഞ്ചിരിക്കായി ഞാൻ കൊതിച്ചു കൊണ്ടേയിരുന്നു. എന്റെ സ്വന്തമല്ലെന്നറിഞ്ഞിട്ടും അവനെ നഷ്ടപ്പെടുമോ എന്നു ഞാൻ ഭയന്നതെന്തിനായിരുന്നു? അറിയില്ല.അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭാവങ്ങൾ എപ്പോഴുമെന്നെ കുഴക്കിയിരുന്നു. പക്ഷേ ആ ഭാവങ്ങളുടെ മാസ്മരികതയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ലെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു.


ഭാരിച്ച ദിവസങ്ങളുടെ അന്ത്യത്തിൽ, മാനഞ്ചിറയിലെ പുൽമേട്ടിൽ ഞങ്ങൾ പറഞ്ഞു തീർത്ത വിശേഷങ്ങളിൽ, ഞാൻ ചൊരിഞ്ഞ പരിഭവങ്ങളിൽ, ഒരിക്കലും ഞാനവനോടു പറഞ്ഞില്ല, ഈ സ്നേഹം ഞാൻ എന്നും ആഗ്രഹിക്കുന്നുവെന്ന്, ഈ കണ്ണുകളിൽ ഉറങ്ങുന്ന കവിതയെ ഞാൻ ആരാധിക്കുന്നുവെന്ന്. പറയാൻ ഞാൻ ഭയപ്പെട്ടു! സ്നേഹം ചോദിച്ചു വാങ്ങുന്നത് ഒരു ന്യൂനതയായതിനാലാവാം.

ഞങ്ങളുടെ പ്രണയ സങ്കല്പങ്ങൾ ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല.എനിക്കു പ്രണയം ഒരു ആഘോഷമായിരുന്നു. പക്ഷേ അവനു പ്രണയം രാത്രിയിൽ നാമറിയാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു. മഴ പെയ്തൊഴിയുമ്പോൾ നീണ്ടു നിൽക്കുന്ന നേർത്ത തണുപ്പു പോലെ, മണ്ണിന്റെ നനഞ്ഞ ഗന്ധം പോലെയായിരുന്നു അത്.

പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൗന്ദര്യം  ആയിരുന്നെന്ന്.

ഞങ്ങളുടെ സൗഹൃദത്തെ ശിശിരവും വസന്തവും പല തവണ തഴുകി. അവിടെ വർഷമുണ്ടായി, പൂക്കളുണ്ടായി, നനുത്ത മഞ്ഞുണ്ടായി. ഓരോ നിമിഷവും അവന്റെ ഗന്ധം, സുഖകരമായ അവന്റെ സാമീപ്യം വരാൻ പോകുന്ന ഒരു ദുഖത്തെ, പറയാതെ ഞാൻ നഷ്ടപ്പെടുത്തുന്ന സുരക്ഷയുടെ കരവലയത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ആ അവസാന ദിവസവും ഒന്നും പറയാൻ എനിക്കായില്ല. ഒഴുക്കാനാകാത്ത ആയിരം കണ്ണുനീർ തുള്ളികളുടെ ആർദ്രത ഒരു നിശ്വാസത്തിലൊളിപ്പിച്ച് ദൂരെയുള്ള കുന്നുകളെ നോക്കി ഞങ്ങൾ വളരെ നേരം നിന്നു.

5 comments:

ശ്രീ said...

ചിലപ്പോഴെല്ലാം മൌനത്തിനും ഒരുപാട് അര്‍ത്ഥങ്ങളുണ്ടാകും...

വരവൂരാൻ said...

ആ അവസാന ദിവസവും ഒന്നും പറയാൻ എനിക്കു കഴിഞ്ഞില്ല
പറയാതെ ഞാൻ നഷ്ടപ്പെടുത്തുന്ന സുരക്ഷയുടെ കരവലയത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ഒന്നു പറയാമായിരുന്നില്ലേ .....

ഈ നിഹാരിക ?

Salini said...

ഒരു പാട് ഇഷ്ടമുള്ള പേരാണു നിഹാരിക. എഴുതുമ്പോൾ ആ പേരിൽ തന്നെ ആകട്ടെയെന്നു കരുതി. :)

മാറുന്ന മലയാളി said...

"ഞങ്ങളുടെ പ്രണയ സങ്കല്പങ്ങൾ ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല"

അപ്പോള്‍ പറയാതിരുന്നത് നന്നായി..........ഏച്ച് കെട്ടി മുഴച്ചാലോ.........

Anonymous said...

പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൌന്തര്യം ആയിരുന്നെന്ന്