Wednesday, December 15, 2010

പുഴമീൻ

“കൊറച്ച്‌ മീൻ വറത്തെങ്കിൽ...”

അടുക്കള വാതിലിൽ ചാരി, പ്രാഞ്ചി നിന്ന വൃദ്ധൻ ആരോടെന്നില്ലാതെ പറഞ്ഞു. മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ ഉടനെത്തന്നെ ഉമ്മറത്തെ കൊട്ടക്കസേരയിലേയ്ക്കു മടങ്ങുകയും ചെയ്തു. അയാൾക്കു വലിയ ജാള്യത തോന്നി. കൊതി അടക്കാൻ വയ്യാഞ്ഞിട്ടാണ്‌.ശിവൻ രാവിലെ പുഴമീനും കൊണ്ടു വരുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ്‌. വലിയ കൊതി!സുധയൊരു മൂശാട്ടയാണെന്നറിയാഞ്ഞിട്ടല്ല, പക്ഷേ വറുത്ത പുഴമീനും കൂട്ടി ചോറുണ്ടിട്ട്‌ കാലമെത്രയായി?

വൃദ്ധൻ ക്ഷീണിതനായിരുന്നു. വയസ്സ്‌ എഴുപതു കഴിഞ്ഞു. എങ്കിലും എൺപതിന്റെ അനാരോഗ്യം.“വാതം,പിത്തം,കഫം” ഇങ്ങനെ ആയുർവേദ മരുന്നു കടയുടെ ബോർഡിൽ കാണാവുന്ന സകല ദൂഷ്യങ്ങളും ഉണ്ട്‌.മകനും ഭാര്യയ്ക്കും ഒപ്പം തറവാട്ടു വീട്ടിൽ താമസം.ഭാര്യ മരിച്ചിട്ട്‌ അനേകം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മരുമകളുമായി നല്ല രസത്തിലല്ല. എങ്കിലും കുറച്ചു മീൻ വറുത്തു കൂട്ടാൻ ആശ തോന്നിപ്പോയി. എന്തു ചെയ്യും?

അവള്‌, സുധ മീൻ വറക്കുവൊ? എന്നും കുന്നും കഷ്ണം പൊടിഞ്ഞു കിടക്കുന്ന അതേ മുളകു ചാറു തന്നെ!കഴിച്ചാ വയറ്റിനകത്ത് അപ്പൊത്തുടങ്ങും ഒരെരിച്ചില്‌!മാധവി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ....ചിന്തകൾ വൃദ്ധനെ അസ്വസ്ഥനാക്കി.

കുളി കഴിഞ്ഞ് ഉമ്മറത്തിരുന്നു ബീഡി വലിക്കുന്ന ശിവനോടയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

“പൊഴമീൻ കൊറച്ചു വറത്തു തിന്നാനൊരു കൊതി...”
ശിവനൊന്ന് അമർത്തി മൂളൂക മാത്രം ചെയ്തു.

സമയം പതിനൊന്നരയോടടുക്കുന്നു...

വൃദ്ധന്റെ ചിന്തകൾ കുറേയങ്ങു പുറകിലേയ്ക്കു പോയി.
പണ്ട് പുഴയിൽ വെള്ളം പൊങ്ങിയാൽ ചൂണ്ടയിടലിന്റെ കാലമായി.പുഴയിൽ നുരച്ചു പൊങ്ങുന്ന മീൻ കൂട്ടം.കറിവേപ്പിലയും കുരുമുളകും അരച്ചു പുരട്ടിയ ആ മീൻ സമൃദ്ധമായ വെളിച്ചെണ്ണയിൽ കിടന്നങ്ങനെ മൊരിയും.കൊതി പിടിപ്പിക്കുന്ന മണം അടുക്കളയിൽ നിന്നുയരും. മീൻ വറുക്കാൻ മാധവിയെ കഴിഞ്ഞേ ആളുള്ളൂ..എന്തായിരുന്നു ആ മീൻ, എന്തൊരു പെണ്ണായിരുന്നു മാധവി!

അടുക്കളയിൽ നിന്നു മണം വല്ലതും വരുന്നുണ്ടോ? വെളിച്ചെണ്ണയിൽ മൊരിയുന്ന മീനിന്റെ സുഗന്ധം? ഇല്ല! കരിഞ്ഞ മുളകു പൊടിയുടെ രൂക്ഷമായ ഗന്ധം മാത്രം.അടുക്കള വരെ ഒന്നു പോയി നോക്കാനുള്ള ആഗ്രഹം വൃദ്ധൻ പണിപ്പെട്ടടക്കി.

“കൊറച്ചു മീൻ വറത്തെങ്കിൽ...” അയാൾ പ്രതീക്ഷയോടെ ശിവനോടു പറഞ്ഞു. വൃദ്ധനെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ മുറ്റത്തേക്കിറങ്ങി നടന്നു.

സമയം പന്ത്രണ്ടരയാകുന്നു...

ചോറൂണു സാധാരണ ഒരു മണിക്കാണ്‌.ഇന്നിപ്പോൾ കുറച്ചു നേരത്തെ ആയാലും തരക്കേടില്ലെന്ന്‌ അയാൾക്കു തോന്നി.സുധ വിളിക്കണമല്ലോ.അയാൾ ജാഗ്രതയോടെ ഇരുന്നു. വിളിച്ചിട്ട് കേൾക്കാതിരിക്കരുത്.

ഒരു മണി!!

സുധ ഉണ്ണാൻ വിളിക്കുന്നു.അയാൾ സാവധാനം എഴുന്നേറ്റു.മിടിക്കുന്ന ഹൃദയത്തെ വലം കൈ കൊണ്ടു തടവി അയാൾ നടന്നു.

----------------------
നിറ കണ്ണുകളോടെ കടുത്ത ചുവപ്പു നിറമുള്ള മീൻ കറിയിൽ കഷ്ണത്തിനായി പരതവേ, ഒരു പിഞ്ഞാണം ഊക്കോടെ മേശയിൽ കൊണ്ട് വച്ച് സുധ പറഞ്ഞു.

“ശിവേട്ടൻ മേടിച്ചു കൊണ്ടുവരുന്നത് ആകെ കാൽ കിലോയാ, ഇന്നതെടുത്തു വറക്കുകെം ചെയ്തു.പിന്നെ കറിയിലെന്തുണ്ടായിട്ടാ അഛനീ പരതണെ?”

അയാളുടെ ഹൃദയമിടിപ്പു സാവധാനത്തിലായി, പക്ഷേ അയാൾക്കു വെറുതെ കരയണമെന്നു തോന്നി.

Thursday, November 18, 2010

വളര്‍ത്തുമൃഗം

ആരെയാണു കുറ്റപ്പെടുത്തേണ്ടത്‌? അതേ, രമ തന്നെയാണ് വേണുവിനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്‌. അസൂയ! അല്ലാതെന്താ? എന്നാലും വേണു ഇങ്ങനെ മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സ്നേഹത്തോടെ തഴുകിയിരുന്ന കൈകള്‍ കൊണ്ടുതന്നെ വേണു... ഓര്‍ക്കുംതോറും മീനു കൂടുതല്‍ കരഞ്ഞു. കഴുത്തുവേദന മാറിയിട്ടില്ല. പൊള്ളിയിടത്തൊക്കെ വല്ലാത്ത നീറല്‍ . ആ വീട്ടിനകത്തെ ഇളം ചൂട്‌.. രുചികരമായ ഭക്ഷണം,എന്തും തട്ടിമടിച്ച്‌ ഇടാനുള്ള സ്വാതന്ത്യം. വേലിക്കരുകിലെ തണുപ്പില്‍ കിടന്നുകൊണ്ട്‌ മീനു വീണ്ടും വീണ്ടും കരഞ്ഞു.

മീനുവിന്റെ നടത്തതിനു തന്നെ ഒരു ആഡ്യത്തമുണ്ട്. പതിഞ്ഞ കാല്‌വൈപ്പുകളോടെ മൃദുസ്വരത്തില്‍ കുറുകി കൊണ്ടവള്‍ ആ വീട്ടില്‍ നടന്നിരുന്നു. അവള്‍ക്ക് കിടക്കാന്‍ കട്ടിയുള്ള കാര്‍പെറ്റ് സ്വീകരണ മുറിയുടെ മൂലയില്‍ ഇട്ടിരുന്നു.എങ്കിലും വേണുവിന്റെയടുത്തു ഇളം ചൂടുള്ള സോഫയില്‍ ഇരിക്കാനാണ് അവള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വേണു ഓഫീസില്‍ നിന്ന് വന്നാല്‍ , വസ്ത്രം മാറി "രമേ ചായ.." എന്നു വിളിച്ചു പറയുമ്പോഴേയ്ക്കും മീനു കുറുകിക്കൊണ്ട് അയാളുടെ അടുത്തെത്തും.അവളെ കൈയ്യിലെടുത്തു തലോടിക്കൊണ്ട് അയാള് ടി വി യുടെ മുന്നിലെ സോഫയില്‍ ഇരിക്കും.

ഈ പണ്ടാരം വല്ല ലോറിയും കയറി ചാകുമെന്ന ആത്മഗതത്തോടെ രമ ചായ കൊണ്ടു വയ്ക്കും. വേണുവിനെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു പോകുകയും ചെയ്യും. അപ്പോള്‍ മീനു പകുതി കണ്ണടച്ച് സ്വപ്നരാജ്യത്തില്‍ ആയിരിക്കും. അവള്‍ രമയെ തലചെരിച്ചൊന്നു നോക്കും. പിന്നെയും സ്വപ്നത്തില്‍ മുഴുകും.പിന്നെ അത്താഴം വിളമ്പി എന്ന അശരീരി അടുക്കളയില് നിന്നു മുഴങ്ങുന്ന വരെ വേണു ടി വി യുടെ മുന്നിലായിരിക്കും. മീനുവും.

വേണു അത്താഴം കഴിചു കൊണ്ടിരിക്കുമ്പോള്‍ രമ ഒരു പാത്രത്തില്‍ മീനുവിനു പാലൊഴിചു കൊടുക്കും. പാല് മുക്കാല് ഭാഗം കുടിച്ചിട്ട് പാത്രം തട്ടി മറിക്കുക എന്നത് മീനുവിന്റെ ഇഷ്ട വിനോദമാണ്. അടിക്കാനായി രമ കൈയ്യുയര്ത്തുമ്പോഴെയ്ക്കും അവള്‍ വേണുവിന്റെ കൈയ്യില്‍ അഭയം പ്രാപിക്കും.

നിനക്കതങ്ങു തുടച്ചു കളഞ്ഞാലെന്താ? നിന്റെ ദേഷ്യം ആ മിണ്ടാപ്രാണിയോടു തീര്ക്കണ്ട.. അല്ലെങ്കില്‍ തന്നെ നിനക്കിവിടെ മലമറിക്കുന്ന പണി ഒന്നുമില്ലല്ലോ? വേണുവിന്റെ ശബ്ദം ഉയരുമ്പോള്‍ രമ നിശബ്ദയായി തല താഴ്ത്തും. കുറ്റപ്പെടുത്തുന്നതു പോലെ രമയെ ഒന്നു നോക്കിയിട്ട് മീനു കാര്പെറ്റില്‍ പോയി കിടക്കും.

"നീ അധികം അഹങ്കരിക്കണ്ട മീനു.." പകല്‍ വീട്ടില്‍ തനിച്ചാകുമ്പോള്‍ രമ പറയും. മീനു അതു കേള്ക്കാത്ത ഭാവത്തില്‍ വീടിനു പുറത്തേയ്ക്കു നടക്കും. അസൂയ! അല്ലാതെന്താ?

വേണുവും രമയും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കും. മീനുവിനു വഴക്കു കാണാന് ഇഷ്ട്ടമാണ്. രമ കരയുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ മീനുവിനു സങ്കടം തോന്നും. പക്ഷെ അവള്‍ തിരുത്തും. രമ ഒരു മൂധേവിയാണ്...

രമ കൂടോത്രം ചെയ്തു കാണും, അല്ലെങ്കില്‍ എല്ലാം എത്ര പെട്ടെന്നാണു മാറിമറിഞ്ഞത്!

അന്നു പകല്‍ വേലിക്കിടയിലൂടെ നൂണ്ടപ്പോള്‍ മീനുവിന്റെ കഴുത്ത് അല്പം മുറിഞ്ഞു. വല്ലാത്ത വേദന. വൈകിട്ടു വരെ ഞരങ്ങിയും മൂളിയും അവള്‍ അടുക്കള പടിയില് കിടന്നു.തിന്നാന്‍ കൊടുത്തതൊന്നും മണത്തു നോക്കിയതു കൂടിയില്ല.

വൈകിട്ട് വേണുവിന്റെ മുഖം കണ്ടപ്പോഴാണു അവള്ക്കു കുറച്ച് ആശ്വാസമായത്. പരാതി പറയുന്ന മുഖവുമായി ഉറക്കെ കരഞ്ഞു കൊണ്ടവള്‍ വേണുവിന്റെ കാല് ചുവട്ടില് മുട്ടിയുരുമ്മി. പോ പൂച്ചേ എന്നു പറഞ്ഞ് വേണു അവളെ കാല് കൊണ്ടു തട്ടി മാറ്റി. വേദനയും സങ്കടവും കലര്ന്ന ഒരു കരച്ചിലോടെ മീനു വേണുവിന്റെ കാല്‍ പാദത്തില്‍ മൃദുവായി ഒന്നു പോറി, വേണുവിന്റെ രൂപം മാറിയത് എത്ര പെട്ടെന്നാണ്! കഴുത്തില് തൂക്കിയെടുത്ത് അവളെ മുറിയുടെ മൂലേയ്ക്കെറിഞ്ഞു. എന്നിട്ടും ദേഷ്യം മാറാതെ അടുക്കളയില്‍ നിന്ന് കത്തുന്ന വിറകു കൊള്ളിയെടുത്ത് വീട്ടില് നിന്ന് അടിച്ചോടിച്ചു. അടുക്കളയുടെ ഇരുട്ടില് ഇരുന്ന് രമ ചിരിക്കുന്നുണ്ടായിരുന്നോ? അവള്ക്കറിയില്ല.

ഓരോന്നോര്ത്തും കരഞ്ഞും വേദന സഹിക്കാനാവാതെ ഞരങ്ങിയും വേലിയുടെ അടുത്തു കിടക്കയാണു മീനു.നന്നേ ഇരുട്ടിയപ്പോള്‍ പാത്തും പതുങ്ങിയും ഒരു പാത്രം പാലുമായി രമയെത്തി. അവളുടെ തലയില്‍ പതുക്കെ തലോടി.

"അഹങ്കരിക്കണ്ടാന്നു ഞാന് പറഞ്ഞതല്ലേ മീനു?" രമ കയ്പ്പോടെ ചോദിച്ചു.

Monday, July 26, 2010

നഷ്ടപ്പെട്ട അവസാനപുറം

പുറത്ത് വർണ്ണങ്ങൾ ചോർന്നു പോയ പൂക്കളാണ്. കാർഡ് തുറന്നാൽ അകത്ത് നിറമുള്ള പൂക്കളും. മനോഹരമായ ഒരു ബർത്ത്ഡേ കാർഡ്. കാർഡിൽ അഭിയുടെ കൈയ്യക്ഷരം. പെൻസിൽ കൊണ്ടെഴുതിയ വലിയ അക്ഷരങ്ങൾ.

“ഏട്ടാ, ഹാപ്പി ബർത്തഡേ…“

സ്കൂൾ ഹോസ്റ്റലിന്റെ അഡ്രസ്സും പേറി, പതിനാറാം പിറന്നാളിന്റെ തലേന്നു ആ കാർഡ് വന്നു. മറക്കാനാവില്ല, അത് കൈയ്യില്‍ കിട്ടിയ നിമിഷം...കണ്ണുകൾ നിറഞ്ഞൊഴുകി. അഭിയും, അച്ഛനും അമ്മയും ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. അമ്മയുടെ ചൂടു ചോറും സാമ്പാറും ഇല്ലാത്ത, അഛന്റെ അമർത്തി മൂളലുകളും “പഠിക്കുന്നുണ്ടോ?” എന്ന ചോദ്യവും ഇല്ലാത്ത ദിനങ്ങൾ. പക്ഷേ ഹൃദയം വിങ്ങിയത്, അഭിക്കു വേണ്ടി മാത്രമായിരുന്നു.

ആ വർഷം ഓണത്തിനു അമ്മയെഴുതിയ കത്ത്. ആഘോഷിക്കാൻ കഴിയാതെ പോയ ഒരുപാട് ഓണങ്ങളുടെ തുടക്കം. കണ്ണുനീർത്തുള്ളികൾ വീണു പരന്ന അക്ഷരങ്ങൾ. എഴുതുമ്പോൾ അമ്മ കരഞ്ഞിരിക്കണം. വായിച്ചപ്പോൾ ഞാനും. കത്തിന്റെ അവസാന പുറത്ത്, അഭിയുടെ പെൻസിൽ അക്ഷരത്തെറ്റോടെ കോറിയിട്ടു.
“ചേട്ടാനില്ലാത്തകൊണ്ട് കളിക്കാൻ രസല്ല. മുറ്റത്തെ പുളിയിൽ ഊഞ്ഞാലു കെട്ടി.എത്ര പറഞ്ഞാലും അച്ഛൻ ആട്ടിത്തരില്ല. സമയല്ലാത്രെ!നമ്മടെ തെച്ചിപ്പൂവൊക്കെ മാലു കൊണ്ടോയി. അമ്മാമ എനിക്ക് അഞ്ഞൂറു രൂപ….”

തേൻ കുടിക്കുന്ന പൂമ്പാറ്റയുടെ ചിത്രമുള്ള മഞ്ഞ കാർഡ്. വലിയ അക്ഷരങ്ങളിൽ അഭിയെഴുതി.
”All the best ഏട്ടാ…”

അവന്റെ അക്ഷരങ്ങൾക്കു പെനിസിലിൽ നിന്നു പേനയിലേയ്ക്കു സ്ഥാനക്കയറ്റം കിട്ടിയിരുന്നു. എൻട്രൻസ് പരീക്ഷയ്ക്കുള്ള തിരക്കിട്ട പഠിത്തത്തിടയിൽ വന്ന കാർഡ്.അതും നെഞ്ചോടടുക്കിപ്പിടിച്ച് ഏറെ നേരം ഇരുന്നതോർക്കുന്നു.

എൻജിനീയറിങ്ങിനായി അടുത്ത ഹോസ്റ്റലിലേയ്ക്കു കൂടുമാറി. അമ്മയുടെ കത്തുകൾ മുടക്കമില്ലാതെ വന്നു കൊണ്ടിരുന്നു. കത്തുകളുടെ അവസാന പുറം അഭിക്കവകാശപ്പെട്ടതായിരുന്നു.ഞാൻ വായിച്ചു തുടങ്ങിയിരുന്നതും അവസാന പുറത്തു നിന്നാണ്. അഭി എല്ലാ വിശേഷങ്ങളും വിസ്തരിച്ചെഴുതി.പുതിയ സൈക്കിൾ വാങ്ങിയെങ്കിലും പഠിപ്പിക്കാൻ ആളില്ലാത്തതിന്റെ ദുഖവും, സ്കൂൾ വിട്ടു വരുമ്പോൾ കൃഷ്ണേട്ടന്റെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടി കടിക്കുമോയെന്ന ഭയവും അങ്ങനെയങ്ങനെ… അവസാന വരി മിക്കപ്പോഴും ഒന്നായിരുന്നു.”ഏട്ടൻ എന്നാ വര്വാ?“

ഞാനില്ലാതെ അവൻ വളർന്നു. സൈക്കിൾ ഓടിക്കാനും പഠിച്ചു.

അസ്തമയ സൂര്യനെ ആവാഹിച്ച മനോഹരമായ ഈ കാർഡ് എൻജിനീയറിങ്ങ് നാലാം വർഷം എന്റെ കയ്യിലെത്തി. കൂട്ടുകാരുടെ പലരുടെയും കൈകളിൽ കയറിയിറങ്ങിയാണ് അതെത്തിയത്. അനിയനാണതയച്ചതെന്ന് ആരും വിശ്വസിച്ചില്ല. അന്ന് അഭി ഒൻപതാം ക്ലാസ്സിലായിരിക്കണം.
“missing you,
Like mist in the mornings,
And shade in the noons.
Missing you,
Like fragrance in the dusk,
And like twinkles in the night.
എന്റെ അഭിയെങ്ങനെ ഇത്രയും തെറ്റു കൂടാതെയെഴുതിയെന്നു ഞാൻ അത്ഭുതപ്പെട്ടു. മനസ്സ് എന്തിനോ വിങ്ങി. പക്ഷേ കൂട്ടുകാരുടെ ചിരിയിൽ അതു മുങ്ങിപ്പോയി.

ഓരോ തവണയും വീട്ടിൽ പോകുമ്പോൾ, അഭിക്കു ഉയരം കൂടിവരുന്നതായും, നനുത്ത മീശ മുളച്ചതായും, സൈക്കിളിനു പകരം അച്ചന്റെ ബൈക്ക് ഓടിക്കാൻ തുടങ്ങിയതായും കണ്ടു ഞാൻ അമ്പരന്നു. കൌമാരത്തിന്റെ വർണ്ണപ്പകിട്ടിലായിരുന്നു അഭിയന്ന്. ഞാൻ യൌവനത്തിന്റെ തീവ്രതയിലും. അവനു ഒരുപാടു പുതിയ കൂട്ടുകാരുണ്ടായി, നദിയുടെ രണ്ടു കൈവഴികൾ പോലെ ഞങ്ങളുടെ ജീവിതം ഒഴുകിത്തുടങ്ങി.

അമ്മയെഴുതിയ കത്തുകൾ, പിന്നീടു പല വർഷങ്ങളിലായി വന്നത്. മിക്കതിന്റേയും ഉള്ളടക്കം ഒന്നു തന്നെ.പക്ഷേ, കത്തുകൾക്ക് അവസാന പുറം ഉണ്ടായിരുന്നില്ല. അഭി ഹോസ്റ്റൽ ജീവിതം തുടങ്ങിയിരുന്നു. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മിഴിവാർന്ന ആ ദിനങ്ങളിൽ, ശൂന്യമായ അവസാന പുറം എന്നെ അലോസരപ്പെടുത്തിയതേയില്ല.

അഭിയുടെ കൈയ്യക്ഷരമുള്ള ഒരു കാർഡും ഇനി ഈ കൂട്ടത്തിലില്ല. എവിടെയോ ഒരു നേർത്ത പട്ടുനൂൽ മുറിയുന്ന വേദന. ഒരുപാടു വൈകിപ്പൊയിപ്പോൾ.ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി.

Monday, June 7, 2010

വിചാരണ

കണ്ണടച്ചാ പതഞ്ഞൊഴുകുന്ന ചോരയാ മുന്നിൽ വരുന്നത്. പോലീസ്സ് സ്റ്റേഷനിലെ ഇരുപ്പു തുടങ്ങീട്ട് നേരം കൊറേയായല്ലോ!ഇപ്പോ എത്ര മണിയായിക്കാണും? എത്രയായാ എന്നാ! പലരും വന്നും പോയുമിരിക്കുന്നു.തല പെരുക്കുന്നുണ്ടോ?തൊണ്ട വരളുന്നു. ആരേലും കൊറച്ചു വെള്ളം തന്നാരുന്നേ... ഇല്ല, വേണ്ട.വെള്ളം കിട്ടാതെ ഇവിടെ കെടന്നു മരിക്കട്ടെ! അത്രേം വലിയ ദോഷവല്ലേ ചെയ്തത്! മരിച്ചാ മതീന്നാ തോന്നുന്നത്. പക്ഷേ അന്നാമ്മേ ഓർക്കുമ്പോഴാ...അവളിപ്പം വീട്ടീ തനിച്ചാരിക്കും. അതോ വീട്ടിലെത്തിക്കാണുവോ? വഴീലെവിടേലും തല തിരിഞ്ഞു വീണു കാണുവോ? എന്റെ കർത്താവേ എനിക്കു ഓർക്കാൻ മേല. അവളു കരഞ്ഞും പിഴിഞ്ഞും എന്റെ അടുത്തുന്നു മാറാതെ നിൽക്കുവാരുന്നു.കുറേ കഴിഞ്ഞപ്പം പോലീസ്സുകാരു ഓടിച്ചു വിട്ടു. അല്ലേലും രാത്രി പെണ്ണുങ്ങൾക്കു വന്നിരിക്കാൻ കൊള്ളാവുന്ന സ്ഥലം വല്ലോമാണോ ഇത്! ഞാനിനി എന്നു പുറം ലോകം കാണാനാ...കാണാനൊട്ട് ആശേമില്ല. അന്നാമ്മ ആരുമില്ലാതെ കെടന്നു വലയുമാരിക്കും,എന്നാലും ആ കൊച്ചിന്റെ മൊഖമോർക്കുമ്പോ വല്ലിടത്തും കെട്ടിത്തൂങ്ങി ചാവണമെന്നേയുള്ളൂ.
ആറു വയസ്സു കാണുവാരിക്കും. മനസ്സീന്നാ മൊഖമങ്ങു പോണില്ല.വണ്ടിയിടിച്ച ഒടനെ തെറിച്ചു പോയി.എന്റെ കർത്താവേ, ഒന്നേ ഞാൻ നോക്കിയൊള്ളൂ.ആ മഞ്ഞക്കൊടേം കുഞ്ഞി ഹവായിച്ചെരുപ്പുമെല്ലാം ചോരേക്കുളിച്ച്!മണ്ണിലോട്ടു താന്നു പോയാ മതീന്നാ തോന്നിയത്. പത്തമ്പതു വർഷം വണ്ടിയോടിച്ചിട്ട് വളയമെന്നെ ചതിച്ചല്ലോ!എന്റെ കയ്യീ ഏതു ചെകുത്താനാണോ കൂടിയത്, ആ കൊച്ചിനെ ഇടിച്ചിടാൻ.

“കൊച്ചിനെ കൊന്നല്ലോടാ കാലമാടാ..” എന്നും പറഞ്ഞ് ആൾക്കാർ ഓടിക്കൂടിയതും,എന്നെ എടം വലം വളഞ്ഞ് അടിച്ചതും,പിന്നെ പോലീസ്സ് വന്നു കൊണ്ടു പോന്നതും, ഒക്കെ ഒരു പുകമറ പോലത്തെ ഓർമ്മയേയുള്ളൂ. പോലീസ്സുകാർ വന്ന കൊണ്ട് തല്ലു കൊണ്ടു ചത്തില്ല.

കൊറച്ചു നാളായി വണ്ടിയോടിക്കുമ്പോ ചെറിയ ഏനക്കേടുകളൊക്കെ തോന്നുവാരുന്നു. വയസ്സു പത്തറുപതായിക്കാണില്ലേ! വാതത്തിന്റെ ഭയങ്കര ശല്യവാ...കർക്കിടക മാസമല്ലേ, വണ്ടിയോടിക്കുമ്പോ കാലു മുഴുവൻ ഒരു തരിപ്പാ... ചെലപ്പോ മുട്ടിന്റെ കീഴോട്ടു മരച്ചു പോകും.പ്രഷറിന്റെ സൂക്കേടുമുണ്ട്.തലയ്കകത്ത് കൊതുകു മൂളുന്നതു പോലെ ഒരു തോന്നലാ.വണ്ടിയോടിക്കാൻ പറ്റുകേലെന്നു മൊതലാളിയോടു പറയാരുന്നു.പക്ഷേ ഇതല്ലാതെ വല്ല തൊഴിലും എനിക്കറിയാവോ? രണ്ടു ജീവൻ കെടക്കണ്ടേ? ഇനിയിപ്പം മൊതലാളിക്കും കേസൊക്കെ വരുവാരിക്കും. എനിക്കു വയ്യ. കയ്യും കാലുമൊക്കെ തളരുന്നു. ആ കൊച്ചിന്റെ തള്ളേടെ നെലവിളി കേൾക്കണാരുന്നു.രണ്ടു കാതിലോട്ടും ഈയം ഉരുക്കി ഒഴിക്കന്ന പോലാ തോന്നിയെ...ഈ കേസ്സിനെന്നെ തൂക്കുകേലാരിക്കും. കോടതീ ഞാൻ പറയും എന്നെ തൂക്കി കൊല്ലാൻ...

എന്നാലുമെന്റെ കർത്താവേ, നീയെന്റെ കൈകൊണ്ടു ആ കൊച്ചിനെ കൊല്ലിച്ചല്ലോ.എന്റെ തലേ ഇടിവെട്ടിച്ചാ പോരാരുന്നോ? കൊച്ചുങ്ങളെ എനിക്കു ജീവനാ...എല്ലാ കൊല്ലവും ആദികുർബാന കൊള്ളപ്പാടിനു പിള്ളേരു വെള്ളയുടുപ്പും ഇട്ടു നിൽക്കുന്നതു ഞാൻ കൊതിയോടെ നോക്കി നിൽക്കുവാരുന്നു.സ്വർഗ്ഗത്തീന്നിറങ്ങി വന്ന മാലാഖമാരല്ലിയോ.. സ്വന്തമായൊന്നിനെ കർത്താവു തന്നില്ല.

നെഞ്ചിനൊരു പിടുത്തം പോലെ...കണ്ണടഞ്ഞു പോകുന്നുണ്ടോ?ഞെട്ടി ഞെട്ടി ഒണരുവാ പിന്നേം...ഇനിയെനിക്കു സമാധാനമുണ്ടോ? ഞാമ്പറയും കോടതിയോട് എന്നെ തൂക്കാൻ....

ഹൃദയം സമാധാനത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടും, അയാളുടെ മനസ്സ് വിചാരണ തുടർന്നു കൊണ്ടേയിരുന്നു.

Thursday, May 27, 2010

പറയാതിരുന്നത്

എന്റെ പ്രണയം വാചാലമായില്ല,
എന്റെ പ്രണയം പുഞ്ചിരിച്ചതുമില്ല.
എന്റെ പ്രണയം ഡയറിയുടെ,
നനുത്ത താളുകളെ മാത്രം ചുംബിച്ചു.
ഒടുവിലെൻ പ്രണയം നിശാഗീതം പോലെ,
ഇരുളാർന്ന നിഴലുകളിൽ നഷ്ടപ്പെട്ടു.

Monday, May 24, 2010

അർദ്ധവിരാമം

“കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവർ കാലത്തിന്റെ ഏതെങ്കിലും തുരുത്തിൽ സന്ധിച്ചു പിരിയുന്നു. ചില വേർപാടുകൾ പൂർണ്ണ വിരാമങ്ങളാണ്, ചിലത് അർദ്ധവിരാമങ്ങളും...” വായിച്ചിരുന്ന പുസ്തകം ഈ വരികളിലെത്തിയപ്പോൾ ട്രെയിൻ കാർവാറിനോട് അടുത്തിരുന്നു. എന്നെ പിന്നിലേക്കു വഹിച്ചു കൊണ്ടു കിതച്ചോടുന്ന ട്രെയിനിന്റെ താളത്തിൽ ലയിച്ചു ഞാൻ കണ്ണടച്ചിരുന്നു. ഒരു കണ്ണുനീർത്തുള്ളി പുറത്തേയ്ക്കൊഴുകാൻ ഭയന്നു കണ്ണിലേയ്ക്കു തിരിച്ചിറങ്ങിപ്പോയി.

ഗോവയിലെ ചിത്രപ്രദർശനത്തിനു ക്ഷണം ലഭിച്ചപ്പോൾ സന്തോഷം തോന്നി. എത്ര തിരക്കാണെങ്കിലും, ഗോവയിലേക്കു ഒരു യാത്ര തരപ്പെട്ടാൽ ഒഴിവാക്കാൻ മനസ്സനുവദിച്ചിരുന്നില്ല. നിറങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരുപാടു വർഷങ്ങൾ ഗോവയിൽ ചെലവിട്ടതിനാലാവാം. അലസ്സയായൊഴുകുന്ന മാണ്ഡോവി നദിയുടെ തീരത്തു കാറ്റേറ്റു നിൽക്കാനും, പുരാതനമായ സെന്റ്. കാത്റീൻസ് കത്തീഡ്രല്ലിന്റെ നിശബ്ദതയിൽ അലിഞ്ഞു ചേരാനും ഞാനെന്നും കൊതിച്ചിരുന്നു. അടുത്ത ബന്ധുക്കളെപ്പോലെ, സുഹൃത്തുക്കളെപ്പോലെ, ചില സ്ഥലങ്ങളും ജീവിതത്തിന്റെ ഭാഗമായി തീരുന്നു. ഗോവ ഒരുപാട് ഓർമ്മകളുടെ കലവറയാണെനിക്ക്. നന്ദനെ ആദ്യമായി കണ്ട സ്ഥലം. പിന്നീട് നിറങ്ങൾ ചാലിച്ച നീണ്ട പ്രണയ കാലം. ബോഗ്മാലോ ബീച്ചിലെ വെള്ളിമണലിൽ കടൽക്കാറ്റേറ്റിരുന്ന ഉപ്പു രസമുള്ള സാഹാഹ്നങ്ങൾ.

മിക്കപ്പോഴും ഗോവയിലേയ്ക്കുള്ള യാത്രയിൽ നന്ദനും ഒപ്പമുണ്ടാകും. സന്തോഷകരമായ മടങ്ങി വരവ്. ഇത്തവണ തനിച്ചാണ്.അസ്വസ്ഥമായ ഒരു യാത്ര.പേടിക്കുന്നതു പോലെ ഒന്നും സംഭവിച്ചിരിക്കില്ലെന്നു നന്ദൻ എത്ര ആശ്വസിപ്പിച്ചിട്ടും ഒരു പരിഭ്രമം. എല്ലാത്തിനും ശാരദയാണു കാരണം.

പ്രദർശനത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തു കൊടുക്കുന്നതിനിടയിൽ അവിചാരിതമായാണ് ശാരദയുടെ ഫോട്ടോ കണ്ണിൽ പെട്ടത്. ജീവൻ കൊടുക്കാൻ കഴിയാതെ പൊയൊരു ചിത്രം.വിഷാദം മൂടിയ ക്ഷീണിച്ച കണ്ണുകൾ കൊണ്ട് ശാരദ എന്നെ വിളിക്കുന്നതു പോലെ തോന്നി. കുറ്റബോധം; ആദ്യത്തെ കണ്ടു മുട്ടലിനു ശേഷം പിന്നെയൊരിക്കലും അവളെയോർക്കാതിരുന്നതിൽ.

ആർത്തവവേദന ശരീരവും മനസ്സും തളർത്തിയ ഒരു മധ്യാഹ്നത്തിലാണ് ഞാൻ ആദ്യമായി ശാരദയെ കണ്ടത്.പതിമൂന്നു വർഷങ്ങൾക്കു മുൻപ്. സാൻകോളിലെ താരതമ്യേന ദരിദ്രമായ ഒരു അനാഥാലയത്തിൽ.”ഡിവൈൻ ആഗണി“ എന്ന എന്റെ ചിത്രത്തിനു മോഡലിനെ അന്വേഷിച്ചായിരുന്നു ആ യാത്ര. ഒരുപാടു കളിപ്പാട്ടങ്ങളുമായാണ് അന്നവിടെ പോയത്. മറ്റു കുട്ടികൾ ആഹ്ലാദം കൊണ്ടു മതിമറന്നപ്പോൾ, ശാരദ ചിരിക്കാൻ കൂട്ടാക്കിയതേയില്ല.ഇരുണ്ട നിറമുള്ള ഒരു മൂന്നു വയസ്സുകാരിയായിരുന്നു അവൾ. ഡിവൈൻ ആഗണിക്കു യോജിച്ച ഒരു മോഡലിനെ കണ്ടെത്തിയ ആഹ്ലാദമായിരുന്നു എനിക്ക്. പക്ഷേ ശാരദയെ കൈയ്യിലെടുത്തപ്പോൾ, അവളെന്റെ കണ്ണിലേയ്ക്കു തളർച്ചയോടെ നോക്കിയപ്പോൾ ഞാൻ ചൂളിപ്പോയി.

അവളുടെ അനാഥത്വത്തിന്റെ നിറം വിൽപ്പന ചരക്കാക്കാൻ വന്നതാണു ഞാനെന്നു മനസ്സിലാക്കിയോ എന്തോ,ഒരു നേർത്ത പുഞ്ചിരി പോലും എനിക്കു സമ്മാനിക്കാൻ അവൾ കൂട്ടാക്കിയില്ല. വീട്ടിൽ വൈകിയെത്തിയ അമ്മയോടുള്ള നീരസമായിരുന്നു അവളുടെ സ്ഥായീഭാവം.എന്റെ ചുമലിൽ തല വെച്ചു കിടന്ന് തന്റെ കൊച്ചു കൈകൾ കൊണ്ട് അവളെന്റെ കവിളിൽ തൊട്ടു.ആർത്തവവേദന മധുരമാകുന്നതു ഞാനറിഞ്ഞു. ആ മെയ് മാസച്ചൂടിൽ, അവളുടെ തലയിലെ വിയർപ്പു തുടച്ചു മാറ്റുമ്പോൾ അവൾക്കു പനി വന്നേക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ഫോട്ടോയ്ക്കു പോസു ചെയ്യാൻ അവൾ കൂട്ടാക്കിയതേയില്ല.

ഒന്നോ രണ്ടോ മണിക്കൂറുകൾക്കു ശേഷം,ഒരു ചിത്രത്തിന്റെ ചട്ടക്കൂടിൽ ശാരദയെ ഒതുക്കാനാവില്ലെന്ന അറിവോടെ, അവളുടെ ദുഖത്തിന്റെ സൂക്ഷ്മത വരച്ചിടാൻ എന്റെ നിറങ്ങൾക്കു ശക്തിയില്ലെന്ന ബോധ്യത്തോടെ ഞാൻ ലിറ്റിൽ ഹോമിന്റെ പടിയിറങ്ങി. പോരാൻ നേരം, മണ്ണിലെ കളി മതിയാക്കി ധൃതിയിൽ എന്നെ കണ്ണുയർത്തി നോക്കിയ ശാരദയുടെ ഫോട്ടോ ഞാനെടുത്തു. ആ ചിത്രം ദൂരേയ്ക്കു ദൂരേയ്ക്കകന്ന് അവ്യക്തമായി മാറി.ഭൂതകാലത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത അറകളിലെവിടെയോ മങ്ങി നിന്നു.

ട്രെയിനിപ്പോൾ മഡ്ഗാവ് സ്റ്റേഷനിലേയ്ക്കടുത്തു കൊണ്ടിരിക്കുന്നു. മനസ്സിൽ പരിഭ്രമം നിറയുന്നു. ശാരദ വളർന്നിരിക്കും. അനാഥയായ ഒരു പെൺകുഞ്ഞിന്റെ എല്ലാ നിസ്സഹായതകളോടും കൂടെ. കുറ്റബോധം തോന്നുന്നു, ഒരുപാട് ആശങ്കകളും. ഇതുവരെ കാണാൻ വരാഞ്ഞതിന്റെ പരിഭവവുമായി, ലിറ്റിൽ ഹോമിന്റെ പടിക്കൽ, ശാരദയെന്നെ കാത്തു നിന്നിരുന്നെങ്കിലെന്നു മനസ്സു പ്രാർഥിക്കുന്നു. കണ്ണുകൾ നിറയുന്നു.

Friday, May 21, 2010

ഇന്നിന്റെ മോഹങ്ങൾ

കാതോർക്ക നാമിന്നു കാട്ടരുവിപ്പാട്ടിന്,
പൊഴിക്കുകയൊരു മറുപുഞ്ചിരി പൂവിനായ്,
അവളുടെ കൺകളിൽ നോക്കിപ്പറയുക,
പ്രണയിക്കുന്നു നിന്നെ ഞാനെന്ന്,
തുറക്കുകയേറെനാൾ തുറക്കാൻ കൊതിച്ചൊരാ മനക്കണ്ണ്.
കരളിൽ കരുതിയ കരുണയുടെ ഒരു തുള്ളി
ഒഴുക്കുക വൈകാതെയിന്ന്,
യാത്ര തിരിക്കുക, ഏറെനാൾ കാത്തൊരാ നാടിന്റെ പച്ചപ്പിലേക്ക്
...... മാനിക്ക മനസ്സിന്റെ ചപലമാം മോഹങ്ങൾ,
ആ മോഹങ്ങളല്ലേയീ നമ്മൾ.
നാളെയീ മോഹങ്ങൾ നമ്മെ മറന്നേക്കാം,
മോഹങ്ങളില്ലാതായേക്കാം.

Thursday, May 20, 2010

നീയും ഞാനും

ഒരു മന്ദസ്മിതമല്ല,
ആർദ്രമായൊരുകൊച്ചു
മഞ്ഞുതുള്ളിയെൻ ഹൃത്തിലാവാഹിച്ചു ഞാൻ.
അറിഞ്ഞില്ലിതുവരെ ഞാനുരുകുന്ന വേദന,
അറിയാനിതുവരെയാരും തുനിഞ്ഞില്ല
ആരുമെൻ കണ്ണീർ ഒരു മൃദു സ്പർശത്താൽ,
ഒരു സാന്ത്വനത്താൽ തുടയ്ക്കാൻ തുനിഞ്ഞില്ല.

പക്ഷേ...
അറിയുന്നു നീയെന്നെ,
സൌഹൃദത്തിൻ പുഞ്ചിരിക്കപ്പുറം,
ഒരു നേർത്ത വിങ്ങലിൻ ആർദ്രതയായ്,
ഒരു കണ്ണീർക്കണത്തിന്റെ സ്നിഗ്ധതയായ് ..

Wednesday, May 19, 2010

അമ്മു - മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പം

മാധവിക്കുട്ടിയുടെ ഓരോ കഥയും സ്നേഹത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളാണ് . നിത്യമായ സ്നേഹത്തിന്റെ നിറം പിടിപ്പിച്ച കഥകൾ മാത്രമല്ല അവർ നമ്മോടു പറഞ്ഞത്, ഒരു നിമിഷാർദ്ധം കൊണ്ടു മിന്നി മറഞ്ഞ സ്നേഹത്തെ ഓർത്തു ജീവിതം മുഴുവൻ ആഹ്ലാദിച്ചവരെയും, കൈമോശം വന്ന സ്നേഹത്തെയോർത്തു കരയുന്നവരെയും മാധവിക്കുട്ടി തന്റെ കഥകളിലൂടെ വരച്ചു കാണിച്ചു. ദീർഘവും തീക്ഷ്ണവുമായ സ്നേഹത്തിനൊടുവിൽ താൻ സ്നേഹിച്ചതു മറ്റെന്തിനേയോ ആയിരുന്നെന്ന തിരിച്ചറിവിൽ നടുങ്ങുന്നവരെയും നമുക്കാ കഥകളിൽ കാണാം.സ്നേഹിച്ചു കൊണ്ട് പ്രതികാരം ചെയ്യാം എന്നവർ നമ്മെ ഓർമ്മിപ്പിച്ചു. യാഥാസ്ഥിക സങ്കൽപ്പങ്ങളോടൂ പൊരുത്തപ്പെടാത്തവയാണു മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പങ്ങൾ.

മാധവിക്കുട്ടിയുടെ അമ്മു എന്ന ചെറുകഥ വിട്ടുകൊടുക്കലിലൂടെ നേടുന്ന സ്നേഹത്തിന്റെയും, കീഴടങ്ങലിലൂടെയുള്ള വിജയത്തിന്റെയുമാണ്.വളരെ സാധാരണമെന്നു ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരു പ്രമേയം- വഴി പിഴച്ച ജീവിതം നയിക്കുന്ന ജയൻ, തന്റെ താഴെയ്ക്കുള്ള പോക്കു തടയാനുള്ള അവസാന മാർഗ്ഗമായി വിവാഹം കഴിക്കുന്നു. അതുവരെ ജീവിച്ച ജീവിതത്തോടുള്ള് മടുപ്പു മൂലമാണയാൾ വിവാഹത്തിനു മുതിരുന്നത്. നിറം പിടിപ്പിച്ച ചുണ്ടുകളും, ഉന്മത്തനാക്കുന്ന വാസനദ്രവ്യങ്ങളും, ആത്മാർഥതയില്ലാത്ത പ്രേമ നാടകങ്ങളും അയാൾക്കു മടുത്തിരുന്നു. വിവാഹം അയാൾക്കു ഒരു പരീക്ഷണം മാത്രം. പക്ഷെ, ഐശ്വര്യവും ക്ഷമയുമുള്ള ഒരു ഗ്രാമീണ യുവതിയെയാണു അയാൾക്കു ഭാര്യയായി ലഭിച്ചത്. അയാൾ വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ചു തുടങ്ങുന്നു. നഷ്ടപ്പെട്ട നൈർമ്മല്യവും ശാന്തതയും അയാൾക്കു തിരിച്ചു കിട്ടുന്നു.
മാധവിക്കുട്ടി വരച്ചു കാണിക്കുന്ന കഥാപാത്രങ്ങളുടെ സ്വാഭാവികതയാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. കേന്ദ്ര കഥാപാത്രമായ അമ്മു ഒരു അതിമാനുഷയല്ല.അവളിലൂടെ ഭാരത സ്ത്രീയുടെ ഭാവശുദ്ധി വരച്ചു കാട്ടാൻ കഥാകാരി വ്യഗ്രതപ്പെടുന്നുമില്ല. അമ്മു ഭർത്താവിനെ സ്വയം മറന്നു സ്നേഹിക്കുന്നതു അവളുടെ നിഷ്ക്കളങ്കത കൊണ്ടു മാത്രമാണ്. സ്വന്തം ഭർത്താവിനെ ദൈവമായി കാണണമെന്നെ അമ്മമ്മയുടെ ഉപദേശം ശിരസ്സാ വഹിക്കുക മാത്രമാണവൾ ചെയ്യുന്നത്. അടക്കിപ്പിടിച്ച തേങ്ങലുകളോടെ അവൾ ചെയ്യുന്ന ഒരു ത്യാഗമല്ല സ്നേഹം.

ജീർണ്ണിച്ച ഭൂതകാലത്തിന്റെ തറയില്ലല്ല, ഇന്നിന്റെ ശുഭാപ്തി വിശ്വാസത്തിലാണ് സ്നേഹം പടുത്തുയർത്തേണ്ടതെന്നു അമ്മു അറിയാതെ തന്നെ അവളിലൂടെ മാധവിക്കുട്ടി പറയന്നു.

ജയന്റെ കഥാപാത്രവും ശ്രദ്ധേയമാണ്. നിബന്ധനകളില്ലാതെ അയാൾ വിവാഹത്തിലേയ്ക്കു കടക്കുന്നു. തുറന്ന മനസ്സോടെ.ഭാര്യ ഏതു തരക്കാരിയായിരുന്നാലും അവളെ സ്നേഹിക്കാനാണ് അയാൾ തീരുമാനിച്ചത്. തന്റെ നന്മയ്ക്കായുള്ള സ്വാർഥ മോഹം ആ സ്നേഹത്തിനു പിന്നിലുണ്ടെങ്കിലും, കഥയുടെ അവസാന ഭാഗത്തു, തന്റെ തെറ്റുകൾ തുറന്നു പറയുന്നിടത്ത് ആ സ്വാർഥത അലിഞ്ഞില്ലാതാകുകയാണ് . “ബെഞ്ചു മാർക്കുകൾ ” ഇല്ലാത്ത പ്രണയം എപ്പോഴും വിജയിക്കുന്നുവെന്നു കഥാകാരി കാണിച്ചു തരുന്നു.

കഥയുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഭാഷയുടെ ലാളിത്യമാണ് . കഥ വായിച്ചു നിർത്തുമ്പോൾ ആർക്കും അമ്മുവിനോടു സ്നേഹം തോന്നും. “അവളുടെ സ്വർണ്ണക്കോണു വളകൾ ഇടഞ്ഞുണ്ടാകുന്ന നേർത്ത സംഗീതം(കട്:മാധവിക്കുട്ടി- അമ്മു)” നാം കേൾക്കാൻ തുടങ്ങുന്നു. വളരെ ചെറുതും എന്നാൽ അതിമനോഹരവുമായ ഒരു ചിന്തയാണു അമ്മു.

അവലംബം - അമ്മു: മാധവിക്കുട്ടി