Thursday, May 27, 2010

പറയാതിരുന്നത്

എന്റെ പ്രണയം വാചാലമായില്ല,
എന്റെ പ്രണയം പുഞ്ചിരിച്ചതുമില്ല.
എന്റെ പ്രണയം ഡയറിയുടെ,
നനുത്ത താളുകളെ മാത്രം ചുംബിച്ചു.
ഒടുവിലെൻ പ്രണയം നിശാഗീതം പോലെ,
ഇരുളാർന്ന നിഴലുകളിൽ നഷ്ടപ്പെട്ടു.

Monday, May 24, 2010

അർദ്ധവിരാമം

“കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവർ കാലത്തിന്റെ ഏതെങ്കിലും തുരുത്തിൽ സന്ധിച്ചു പിരിയുന്നു. ചില വേർപാടുകൾ പൂർണ്ണ വിരാമങ്ങളാണ്, ചിലത് അർദ്ധവിരാമങ്ങളും...” വായിച്ചിരുന്ന പുസ്തകം ഈ വരികളിലെത്തിയപ്പോൾ ട്രെയിൻ കാർവാറിനോട് അടുത്തിരുന്നു. എന്നെ പിന്നിലേക്കു വഹിച്ചു കൊണ്ടു കിതച്ചോടുന്ന ട്രെയിനിന്റെ താളത്തിൽ ലയിച്ചു ഞാൻ കണ്ണടച്ചിരുന്നു. ഒരു കണ്ണുനീർത്തുള്ളി പുറത്തേയ്ക്കൊഴുകാൻ ഭയന്നു കണ്ണിലേയ്ക്കു തിരിച്ചിറങ്ങിപ്പോയി.

ഗോവയിലെ ചിത്രപ്രദർശനത്തിനു ക്ഷണം ലഭിച്ചപ്പോൾ സന്തോഷം തോന്നി. എത്ര തിരക്കാണെങ്കിലും, ഗോവയിലേക്കു ഒരു യാത്ര തരപ്പെട്ടാൽ ഒഴിവാക്കാൻ മനസ്സനുവദിച്ചിരുന്നില്ല. നിറങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരുപാടു വർഷങ്ങൾ ഗോവയിൽ ചെലവിട്ടതിനാലാവാം. അലസ്സയായൊഴുകുന്ന മാണ്ഡോവി നദിയുടെ തീരത്തു കാറ്റേറ്റു നിൽക്കാനും, പുരാതനമായ സെന്റ്. കാത്റീൻസ് കത്തീഡ്രല്ലിന്റെ നിശബ്ദതയിൽ അലിഞ്ഞു ചേരാനും ഞാനെന്നും കൊതിച്ചിരുന്നു. അടുത്ത ബന്ധുക്കളെപ്പോലെ, സുഹൃത്തുക്കളെപ്പോലെ, ചില സ്ഥലങ്ങളും ജീവിതത്തിന്റെ ഭാഗമായി തീരുന്നു. ഗോവ ഒരുപാട് ഓർമ്മകളുടെ കലവറയാണെനിക്ക്. നന്ദനെ ആദ്യമായി കണ്ട സ്ഥലം. പിന്നീട് നിറങ്ങൾ ചാലിച്ച നീണ്ട പ്രണയ കാലം. ബോഗ്മാലോ ബീച്ചിലെ വെള്ളിമണലിൽ കടൽക്കാറ്റേറ്റിരുന്ന ഉപ്പു രസമുള്ള സാഹാഹ്നങ്ങൾ.

മിക്കപ്പോഴും ഗോവയിലേയ്ക്കുള്ള യാത്രയിൽ നന്ദനും ഒപ്പമുണ്ടാകും. സന്തോഷകരമായ മടങ്ങി വരവ്. ഇത്തവണ തനിച്ചാണ്.അസ്വസ്ഥമായ ഒരു യാത്ര.പേടിക്കുന്നതു പോലെ ഒന്നും സംഭവിച്ചിരിക്കില്ലെന്നു നന്ദൻ എത്ര ആശ്വസിപ്പിച്ചിട്ടും ഒരു പരിഭ്രമം. എല്ലാത്തിനും ശാരദയാണു കാരണം.

പ്രദർശനത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തു കൊടുക്കുന്നതിനിടയിൽ അവിചാരിതമായാണ് ശാരദയുടെ ഫോട്ടോ കണ്ണിൽ പെട്ടത്. ജീവൻ കൊടുക്കാൻ കഴിയാതെ പൊയൊരു ചിത്രം.വിഷാദം മൂടിയ ക്ഷീണിച്ച കണ്ണുകൾ കൊണ്ട് ശാരദ എന്നെ വിളിക്കുന്നതു പോലെ തോന്നി. കുറ്റബോധം; ആദ്യത്തെ കണ്ടു മുട്ടലിനു ശേഷം പിന്നെയൊരിക്കലും അവളെയോർക്കാതിരുന്നതിൽ.

ആർത്തവവേദന ശരീരവും മനസ്സും തളർത്തിയ ഒരു മധ്യാഹ്നത്തിലാണ് ഞാൻ ആദ്യമായി ശാരദയെ കണ്ടത്.പതിമൂന്നു വർഷങ്ങൾക്കു മുൻപ്. സാൻകോളിലെ താരതമ്യേന ദരിദ്രമായ ഒരു അനാഥാലയത്തിൽ.”ഡിവൈൻ ആഗണി“ എന്ന എന്റെ ചിത്രത്തിനു മോഡലിനെ അന്വേഷിച്ചായിരുന്നു ആ യാത്ര. ഒരുപാടു കളിപ്പാട്ടങ്ങളുമായാണ് അന്നവിടെ പോയത്. മറ്റു കുട്ടികൾ ആഹ്ലാദം കൊണ്ടു മതിമറന്നപ്പോൾ, ശാരദ ചിരിക്കാൻ കൂട്ടാക്കിയതേയില്ല.ഇരുണ്ട നിറമുള്ള ഒരു മൂന്നു വയസ്സുകാരിയായിരുന്നു അവൾ. ഡിവൈൻ ആഗണിക്കു യോജിച്ച ഒരു മോഡലിനെ കണ്ടെത്തിയ ആഹ്ലാദമായിരുന്നു എനിക്ക്. പക്ഷേ ശാരദയെ കൈയ്യിലെടുത്തപ്പോൾ, അവളെന്റെ കണ്ണിലേയ്ക്കു തളർച്ചയോടെ നോക്കിയപ്പോൾ ഞാൻ ചൂളിപ്പോയി.

അവളുടെ അനാഥത്വത്തിന്റെ നിറം വിൽപ്പന ചരക്കാക്കാൻ വന്നതാണു ഞാനെന്നു മനസ്സിലാക്കിയോ എന്തോ,ഒരു നേർത്ത പുഞ്ചിരി പോലും എനിക്കു സമ്മാനിക്കാൻ അവൾ കൂട്ടാക്കിയില്ല. വീട്ടിൽ വൈകിയെത്തിയ അമ്മയോടുള്ള നീരസമായിരുന്നു അവളുടെ സ്ഥായീഭാവം.എന്റെ ചുമലിൽ തല വെച്ചു കിടന്ന് തന്റെ കൊച്ചു കൈകൾ കൊണ്ട് അവളെന്റെ കവിളിൽ തൊട്ടു.ആർത്തവവേദന മധുരമാകുന്നതു ഞാനറിഞ്ഞു. ആ മെയ് മാസച്ചൂടിൽ, അവളുടെ തലയിലെ വിയർപ്പു തുടച്ചു മാറ്റുമ്പോൾ അവൾക്കു പനി വന്നേക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ഫോട്ടോയ്ക്കു പോസു ചെയ്യാൻ അവൾ കൂട്ടാക്കിയതേയില്ല.

ഒന്നോ രണ്ടോ മണിക്കൂറുകൾക്കു ശേഷം,ഒരു ചിത്രത്തിന്റെ ചട്ടക്കൂടിൽ ശാരദയെ ഒതുക്കാനാവില്ലെന്ന അറിവോടെ, അവളുടെ ദുഖത്തിന്റെ സൂക്ഷ്മത വരച്ചിടാൻ എന്റെ നിറങ്ങൾക്കു ശക്തിയില്ലെന്ന ബോധ്യത്തോടെ ഞാൻ ലിറ്റിൽ ഹോമിന്റെ പടിയിറങ്ങി. പോരാൻ നേരം, മണ്ണിലെ കളി മതിയാക്കി ധൃതിയിൽ എന്നെ കണ്ണുയർത്തി നോക്കിയ ശാരദയുടെ ഫോട്ടോ ഞാനെടുത്തു. ആ ചിത്രം ദൂരേയ്ക്കു ദൂരേയ്ക്കകന്ന് അവ്യക്തമായി മാറി.ഭൂതകാലത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത അറകളിലെവിടെയോ മങ്ങി നിന്നു.

ട്രെയിനിപ്പോൾ മഡ്ഗാവ് സ്റ്റേഷനിലേയ്ക്കടുത്തു കൊണ്ടിരിക്കുന്നു. മനസ്സിൽ പരിഭ്രമം നിറയുന്നു. ശാരദ വളർന്നിരിക്കും. അനാഥയായ ഒരു പെൺകുഞ്ഞിന്റെ എല്ലാ നിസ്സഹായതകളോടും കൂടെ. കുറ്റബോധം തോന്നുന്നു, ഒരുപാട് ആശങ്കകളും. ഇതുവരെ കാണാൻ വരാഞ്ഞതിന്റെ പരിഭവവുമായി, ലിറ്റിൽ ഹോമിന്റെ പടിക്കൽ, ശാരദയെന്നെ കാത്തു നിന്നിരുന്നെങ്കിലെന്നു മനസ്സു പ്രാർഥിക്കുന്നു. കണ്ണുകൾ നിറയുന്നു.

Friday, May 21, 2010

ഇന്നിന്റെ മോഹങ്ങൾ

കാതോർക്ക നാമിന്നു കാട്ടരുവിപ്പാട്ടിന്,
പൊഴിക്കുകയൊരു മറുപുഞ്ചിരി പൂവിനായ്,
അവളുടെ കൺകളിൽ നോക്കിപ്പറയുക,
പ്രണയിക്കുന്നു നിന്നെ ഞാനെന്ന്,
തുറക്കുകയേറെനാൾ തുറക്കാൻ കൊതിച്ചൊരാ മനക്കണ്ണ്.
കരളിൽ കരുതിയ കരുണയുടെ ഒരു തുള്ളി
ഒഴുക്കുക വൈകാതെയിന്ന്,
യാത്ര തിരിക്കുക, ഏറെനാൾ കാത്തൊരാ നാടിന്റെ പച്ചപ്പിലേക്ക്
...... മാനിക്ക മനസ്സിന്റെ ചപലമാം മോഹങ്ങൾ,
ആ മോഹങ്ങളല്ലേയീ നമ്മൾ.
നാളെയീ മോഹങ്ങൾ നമ്മെ മറന്നേക്കാം,
മോഹങ്ങളില്ലാതായേക്കാം.

Thursday, May 20, 2010

നീയും ഞാനും

ഒരു മന്ദസ്മിതമല്ല,
ആർദ്രമായൊരുകൊച്ചു
മഞ്ഞുതുള്ളിയെൻ ഹൃത്തിലാവാഹിച്ചു ഞാൻ.
അറിഞ്ഞില്ലിതുവരെ ഞാനുരുകുന്ന വേദന,
അറിയാനിതുവരെയാരും തുനിഞ്ഞില്ല
ആരുമെൻ കണ്ണീർ ഒരു മൃദു സ്പർശത്താൽ,
ഒരു സാന്ത്വനത്താൽ തുടയ്ക്കാൻ തുനിഞ്ഞില്ല.

പക്ഷേ...
അറിയുന്നു നീയെന്നെ,
സൌഹൃദത്തിൻ പുഞ്ചിരിക്കപ്പുറം,
ഒരു നേർത്ത വിങ്ങലിൻ ആർദ്രതയായ്,
ഒരു കണ്ണീർക്കണത്തിന്റെ സ്നിഗ്ധതയായ് ..

Wednesday, May 19, 2010

അമ്മു - മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പം

മാധവിക്കുട്ടിയുടെ ഓരോ കഥയും സ്നേഹത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളാണ് . നിത്യമായ സ്നേഹത്തിന്റെ നിറം പിടിപ്പിച്ച കഥകൾ മാത്രമല്ല അവർ നമ്മോടു പറഞ്ഞത്, ഒരു നിമിഷാർദ്ധം കൊണ്ടു മിന്നി മറഞ്ഞ സ്നേഹത്തെ ഓർത്തു ജീവിതം മുഴുവൻ ആഹ്ലാദിച്ചവരെയും, കൈമോശം വന്ന സ്നേഹത്തെയോർത്തു കരയുന്നവരെയും മാധവിക്കുട്ടി തന്റെ കഥകളിലൂടെ വരച്ചു കാണിച്ചു. ദീർഘവും തീക്ഷ്ണവുമായ സ്നേഹത്തിനൊടുവിൽ താൻ സ്നേഹിച്ചതു മറ്റെന്തിനേയോ ആയിരുന്നെന്ന തിരിച്ചറിവിൽ നടുങ്ങുന്നവരെയും നമുക്കാ കഥകളിൽ കാണാം.സ്നേഹിച്ചു കൊണ്ട് പ്രതികാരം ചെയ്യാം എന്നവർ നമ്മെ ഓർമ്മിപ്പിച്ചു. യാഥാസ്ഥിക സങ്കൽപ്പങ്ങളോടൂ പൊരുത്തപ്പെടാത്തവയാണു മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പങ്ങൾ.

മാധവിക്കുട്ടിയുടെ അമ്മു എന്ന ചെറുകഥ വിട്ടുകൊടുക്കലിലൂടെ നേടുന്ന സ്നേഹത്തിന്റെയും, കീഴടങ്ങലിലൂടെയുള്ള വിജയത്തിന്റെയുമാണ്.വളരെ സാധാരണമെന്നു ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരു പ്രമേയം- വഴി പിഴച്ച ജീവിതം നയിക്കുന്ന ജയൻ, തന്റെ താഴെയ്ക്കുള്ള പോക്കു തടയാനുള്ള അവസാന മാർഗ്ഗമായി വിവാഹം കഴിക്കുന്നു. അതുവരെ ജീവിച്ച ജീവിതത്തോടുള്ള് മടുപ്പു മൂലമാണയാൾ വിവാഹത്തിനു മുതിരുന്നത്. നിറം പിടിപ്പിച്ച ചുണ്ടുകളും, ഉന്മത്തനാക്കുന്ന വാസനദ്രവ്യങ്ങളും, ആത്മാർഥതയില്ലാത്ത പ്രേമ നാടകങ്ങളും അയാൾക്കു മടുത്തിരുന്നു. വിവാഹം അയാൾക്കു ഒരു പരീക്ഷണം മാത്രം. പക്ഷെ, ഐശ്വര്യവും ക്ഷമയുമുള്ള ഒരു ഗ്രാമീണ യുവതിയെയാണു അയാൾക്കു ഭാര്യയായി ലഭിച്ചത്. അയാൾ വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ചു തുടങ്ങുന്നു. നഷ്ടപ്പെട്ട നൈർമ്മല്യവും ശാന്തതയും അയാൾക്കു തിരിച്ചു കിട്ടുന്നു.
മാധവിക്കുട്ടി വരച്ചു കാണിക്കുന്ന കഥാപാത്രങ്ങളുടെ സ്വാഭാവികതയാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. കേന്ദ്ര കഥാപാത്രമായ അമ്മു ഒരു അതിമാനുഷയല്ല.അവളിലൂടെ ഭാരത സ്ത്രീയുടെ ഭാവശുദ്ധി വരച്ചു കാട്ടാൻ കഥാകാരി വ്യഗ്രതപ്പെടുന്നുമില്ല. അമ്മു ഭർത്താവിനെ സ്വയം മറന്നു സ്നേഹിക്കുന്നതു അവളുടെ നിഷ്ക്കളങ്കത കൊണ്ടു മാത്രമാണ്. സ്വന്തം ഭർത്താവിനെ ദൈവമായി കാണണമെന്നെ അമ്മമ്മയുടെ ഉപദേശം ശിരസ്സാ വഹിക്കുക മാത്രമാണവൾ ചെയ്യുന്നത്. അടക്കിപ്പിടിച്ച തേങ്ങലുകളോടെ അവൾ ചെയ്യുന്ന ഒരു ത്യാഗമല്ല സ്നേഹം.

ജീർണ്ണിച്ച ഭൂതകാലത്തിന്റെ തറയില്ലല്ല, ഇന്നിന്റെ ശുഭാപ്തി വിശ്വാസത്തിലാണ് സ്നേഹം പടുത്തുയർത്തേണ്ടതെന്നു അമ്മു അറിയാതെ തന്നെ അവളിലൂടെ മാധവിക്കുട്ടി പറയന്നു.

ജയന്റെ കഥാപാത്രവും ശ്രദ്ധേയമാണ്. നിബന്ധനകളില്ലാതെ അയാൾ വിവാഹത്തിലേയ്ക്കു കടക്കുന്നു. തുറന്ന മനസ്സോടെ.ഭാര്യ ഏതു തരക്കാരിയായിരുന്നാലും അവളെ സ്നേഹിക്കാനാണ് അയാൾ തീരുമാനിച്ചത്. തന്റെ നന്മയ്ക്കായുള്ള സ്വാർഥ മോഹം ആ സ്നേഹത്തിനു പിന്നിലുണ്ടെങ്കിലും, കഥയുടെ അവസാന ഭാഗത്തു, തന്റെ തെറ്റുകൾ തുറന്നു പറയുന്നിടത്ത് ആ സ്വാർഥത അലിഞ്ഞില്ലാതാകുകയാണ് . “ബെഞ്ചു മാർക്കുകൾ ” ഇല്ലാത്ത പ്രണയം എപ്പോഴും വിജയിക്കുന്നുവെന്നു കഥാകാരി കാണിച്ചു തരുന്നു.

കഥയുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഭാഷയുടെ ലാളിത്യമാണ് . കഥ വായിച്ചു നിർത്തുമ്പോൾ ആർക്കും അമ്മുവിനോടു സ്നേഹം തോന്നും. “അവളുടെ സ്വർണ്ണക്കോണു വളകൾ ഇടഞ്ഞുണ്ടാകുന്ന നേർത്ത സംഗീതം(കട്:മാധവിക്കുട്ടി- അമ്മു)” നാം കേൾക്കാൻ തുടങ്ങുന്നു. വളരെ ചെറുതും എന്നാൽ അതിമനോഹരവുമായ ഒരു ചിന്തയാണു അമ്മു.

അവലംബം - അമ്മു: മാധവിക്കുട്ടി