Wednesday, May 19, 2010

അമ്മു - മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പം

മാധവിക്കുട്ടിയുടെ ഓരോ കഥയും സ്നേഹത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളാണ് . നിത്യമായ സ്നേഹത്തിന്റെ നിറം പിടിപ്പിച്ച കഥകൾ മാത്രമല്ല അവർ നമ്മോടു പറഞ്ഞത്, ഒരു നിമിഷാർദ്ധം കൊണ്ടു മിന്നി മറഞ്ഞ സ്നേഹത്തെ ഓർത്തു ജീവിതം മുഴുവൻ ആഹ്ലാദിച്ചവരെയും, കൈമോശം വന്ന സ്നേഹത്തെയോർത്തു കരയുന്നവരെയും മാധവിക്കുട്ടി തന്റെ കഥകളിലൂടെ വരച്ചു കാണിച്ചു. ദീർഘവും തീക്ഷ്ണവുമായ സ്നേഹത്തിനൊടുവിൽ താൻ സ്നേഹിച്ചതു മറ്റെന്തിനേയോ ആയിരുന്നെന്ന തിരിച്ചറിവിൽ നടുങ്ങുന്നവരെയും നമുക്കാ കഥകളിൽ കാണാം.സ്നേഹിച്ചു കൊണ്ട് പ്രതികാരം ചെയ്യാം എന്നവർ നമ്മെ ഓർമ്മിപ്പിച്ചു. യാഥാസ്ഥിക സങ്കൽപ്പങ്ങളോടൂ പൊരുത്തപ്പെടാത്തവയാണു മാധവിക്കുട്ടിയുടെ സ്നേഹ സങ്കൽപ്പങ്ങൾ.

മാധവിക്കുട്ടിയുടെ അമ്മു എന്ന ചെറുകഥ വിട്ടുകൊടുക്കലിലൂടെ നേടുന്ന സ്നേഹത്തിന്റെയും, കീഴടങ്ങലിലൂടെയുള്ള വിജയത്തിന്റെയുമാണ്.വളരെ സാധാരണമെന്നു ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരു പ്രമേയം- വഴി പിഴച്ച ജീവിതം നയിക്കുന്ന ജയൻ, തന്റെ താഴെയ്ക്കുള്ള പോക്കു തടയാനുള്ള അവസാന മാർഗ്ഗമായി വിവാഹം കഴിക്കുന്നു. അതുവരെ ജീവിച്ച ജീവിതത്തോടുള്ള് മടുപ്പു മൂലമാണയാൾ വിവാഹത്തിനു മുതിരുന്നത്. നിറം പിടിപ്പിച്ച ചുണ്ടുകളും, ഉന്മത്തനാക്കുന്ന വാസനദ്രവ്യങ്ങളും, ആത്മാർഥതയില്ലാത്ത പ്രേമ നാടകങ്ങളും അയാൾക്കു മടുത്തിരുന്നു. വിവാഹം അയാൾക്കു ഒരു പരീക്ഷണം മാത്രം. പക്ഷെ, ഐശ്വര്യവും ക്ഷമയുമുള്ള ഒരു ഗ്രാമീണ യുവതിയെയാണു അയാൾക്കു ഭാര്യയായി ലഭിച്ചത്. അയാൾ വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ചു തുടങ്ങുന്നു. നഷ്ടപ്പെട്ട നൈർമ്മല്യവും ശാന്തതയും അയാൾക്കു തിരിച്ചു കിട്ടുന്നു.
മാധവിക്കുട്ടി വരച്ചു കാണിക്കുന്ന കഥാപാത്രങ്ങളുടെ സ്വാഭാവികതയാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. കേന്ദ്ര കഥാപാത്രമായ അമ്മു ഒരു അതിമാനുഷയല്ല.അവളിലൂടെ ഭാരത സ്ത്രീയുടെ ഭാവശുദ്ധി വരച്ചു കാട്ടാൻ കഥാകാരി വ്യഗ്രതപ്പെടുന്നുമില്ല. അമ്മു ഭർത്താവിനെ സ്വയം മറന്നു സ്നേഹിക്കുന്നതു അവളുടെ നിഷ്ക്കളങ്കത കൊണ്ടു മാത്രമാണ്. സ്വന്തം ഭർത്താവിനെ ദൈവമായി കാണണമെന്നെ അമ്മമ്മയുടെ ഉപദേശം ശിരസ്സാ വഹിക്കുക മാത്രമാണവൾ ചെയ്യുന്നത്. അടക്കിപ്പിടിച്ച തേങ്ങലുകളോടെ അവൾ ചെയ്യുന്ന ഒരു ത്യാഗമല്ല സ്നേഹം.

ജീർണ്ണിച്ച ഭൂതകാലത്തിന്റെ തറയില്ലല്ല, ഇന്നിന്റെ ശുഭാപ്തി വിശ്വാസത്തിലാണ് സ്നേഹം പടുത്തുയർത്തേണ്ടതെന്നു അമ്മു അറിയാതെ തന്നെ അവളിലൂടെ മാധവിക്കുട്ടി പറയന്നു.

ജയന്റെ കഥാപാത്രവും ശ്രദ്ധേയമാണ്. നിബന്ധനകളില്ലാതെ അയാൾ വിവാഹത്തിലേയ്ക്കു കടക്കുന്നു. തുറന്ന മനസ്സോടെ.ഭാര്യ ഏതു തരക്കാരിയായിരുന്നാലും അവളെ സ്നേഹിക്കാനാണ് അയാൾ തീരുമാനിച്ചത്. തന്റെ നന്മയ്ക്കായുള്ള സ്വാർഥ മോഹം ആ സ്നേഹത്തിനു പിന്നിലുണ്ടെങ്കിലും, കഥയുടെ അവസാന ഭാഗത്തു, തന്റെ തെറ്റുകൾ തുറന്നു പറയുന്നിടത്ത് ആ സ്വാർഥത അലിഞ്ഞില്ലാതാകുകയാണ് . “ബെഞ്ചു മാർക്കുകൾ ” ഇല്ലാത്ത പ്രണയം എപ്പോഴും വിജയിക്കുന്നുവെന്നു കഥാകാരി കാണിച്ചു തരുന്നു.

കഥയുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഭാഷയുടെ ലാളിത്യമാണ് . കഥ വായിച്ചു നിർത്തുമ്പോൾ ആർക്കും അമ്മുവിനോടു സ്നേഹം തോന്നും. “അവളുടെ സ്വർണ്ണക്കോണു വളകൾ ഇടഞ്ഞുണ്ടാകുന്ന നേർത്ത സംഗീതം(കട്:മാധവിക്കുട്ടി- അമ്മു)” നാം കേൾക്കാൻ തുടങ്ങുന്നു. വളരെ ചെറുതും എന്നാൽ അതിമനോഹരവുമായ ഒരു ചിന്തയാണു അമ്മു.

അവലംബം - അമ്മു: മാധവിക്കുട്ടി

6 comments:

Salini said...

മാധവിക്കുട്ടിയുടെ “അമ്മു” എന്ന ചെറുകഥയ്ക്കൊരു ആസ്വാദനക്കുറിപ്പ്.

എറക്കാടൻ / Erakkadan said...

ഇനീപ്പോ ആരെ കുറിച്ച് എഴുതീതാണെങ്കിലും ബൂലോകത്തേക്ക് സ്വാഗതം

Salini said...

നന്ദി എറക്കാടൻ മാഷേ...
അങ്ങനെ ഞാനും ബൂലോകത്തെ ഒരു മണൽത്തരിയായി :)
എല്ലാവരുടെയും ബ്ലോഗുകൾ വായിച്ചു വായിച്ചു ഇപ്പോ ബൂലോകരെല്ലാം എന്റെ സ്വന്തകാരാണു. തെറ്റുകൾ തിരുത്തി തരണം, അഭിപ്രായങ്ങൾ അറിയിക്കണം, ഘോര ഘോരം വിമർശിക്കണം.
അപ്പോ എന്റെ കൈയെഴുത്തു മാസിക ഞാൻ തന്നെ ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നു :)

വരയും വരിയും : സിബു നൂറനാട് said...

മാധവിക്കുട്ടിയുടെ എല്ലാ കഥകളിലും സ്നേഹത്തിന്‍റെ വ്യതസ്ത മുഖങ്ങള്‍, ഭാവങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു. കഥാപാത്രം നായാടി ആണെങ്കിലും സ്വന്തം അമ്മാമന്‍ ആണെങ്കിലും ആ അവതരണ മികവില്‍ ഞാന്‍ അവരെ എല്ലാം ഇഷ്ട്ടപ്പെട്ടിട്ടുണ്ട്..!! വായിച്ചതത്രെയും മനോഹരം...'അമ്മു' ഉള്‍പ്പെടെ വായിക്കാനുള്ളതും :-)

manu.kollam said...

കൊള്ളാം നന്നായിട്ടുണ്ട്......
തുടരുക ഈ യാത്ര........

SULFI said...

എന്നാല്‍ പിന്നെ ഇത് തന്നെ ആയിക്കോട്ടെ വായന എന്ന് കരുതി.
നല്ല വരികള്‍ . നന്നായി വരച്ചു കാടി.