“കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവർ കാലത്തിന്റെ ഏതെങ്കിലും തുരുത്തിൽ സന്ധിച്ചു പിരിയുന്നു. ചില വേർപാടുകൾ പൂർണ്ണ വിരാമങ്ങളാണ്, ചിലത് അർദ്ധവിരാമങ്ങളും...” വായിച്ചിരുന്ന പുസ്തകം ഈ വരികളിലെത്തിയപ്പോൾ ട്രെയിൻ കാർവാറിനോട് അടുത്തിരുന്നു. എന്നെ പിന്നിലേക്കു വഹിച്ചു കൊണ്ടു കിതച്ചോടുന്ന ട്രെയിനിന്റെ താളത്തിൽ ലയിച്ചു ഞാൻ കണ്ണടച്ചിരുന്നു. ഒരു കണ്ണുനീർത്തുള്ളി പുറത്തേയ്ക്കൊഴുകാൻ ഭയന്നു കണ്ണിലേയ്ക്കു തിരിച്ചിറങ്ങിപ്പോയി.
ഗോവയിലെ ചിത്രപ്രദർശനത്തിനു ക്ഷണം ലഭിച്ചപ്പോൾ സന്തോഷം തോന്നി. എത്ര തിരക്കാണെങ്കിലും, ഗോവയിലേക്കു ഒരു യാത്ര തരപ്പെട്ടാൽ ഒഴിവാക്കാൻ മനസ്സനുവദിച്ചിരുന്നില്ല. നിറങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരുപാടു വർഷങ്ങൾ ഗോവയിൽ ചെലവിട്ടതിനാലാവാം. അലസ്സയായൊഴുകുന്ന മാണ്ഡോവി നദിയുടെ തീരത്തു കാറ്റേറ്റു നിൽക്കാനും, പുരാതനമായ സെന്റ്. കാത്റീൻസ് കത്തീഡ്രല്ലിന്റെ നിശബ്ദതയിൽ അലിഞ്ഞു ചേരാനും ഞാനെന്നും കൊതിച്ചിരുന്നു. അടുത്ത ബന്ധുക്കളെപ്പോലെ, സുഹൃത്തുക്കളെപ്പോലെ, ചില സ്ഥലങ്ങളും ജീവിതത്തിന്റെ ഭാഗമായി തീരുന്നു. ഗോവ ഒരുപാട് ഓർമ്മകളുടെ കലവറയാണെനിക്ക്. നന്ദനെ ആദ്യമായി കണ്ട സ്ഥലം. പിന്നീട് നിറങ്ങൾ ചാലിച്ച നീണ്ട പ്രണയ കാലം. ബോഗ്മാലോ ബീച്ചിലെ വെള്ളിമണലിൽ കടൽക്കാറ്റേറ്റിരുന്ന ഉപ്പു രസമുള്ള സാഹാഹ്നങ്ങൾ.
മിക്കപ്പോഴും ഗോവയിലേയ്ക്കുള്ള യാത്രയിൽ നന്ദനും ഒപ്പമുണ്ടാകും. സന്തോഷകരമായ മടങ്ങി വരവ്. ഇത്തവണ തനിച്ചാണ്.അസ്വസ്ഥമായ ഒരു യാത്ര.പേടിക്കുന്നതു പോലെ ഒന്നും സംഭവിച്ചിരിക്കില്ലെന്നു നന്ദൻ എത്ര ആശ്വസിപ്പിച്ചിട്ടും ഒരു പരിഭ്രമം. എല്ലാത്തിനും ശാരദയാണു കാരണം.
പ്രദർശനത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തു കൊടുക്കുന്നതിനിടയിൽ അവിചാരിതമായാണ് ശാരദയുടെ ഫോട്ടോ കണ്ണിൽ പെട്ടത്. ജീവൻ കൊടുക്കാൻ കഴിയാതെ പൊയൊരു ചിത്രം.വിഷാദം മൂടിയ ക്ഷീണിച്ച കണ്ണുകൾ കൊണ്ട് ശാരദ എന്നെ വിളിക്കുന്നതു പോലെ തോന്നി. കുറ്റബോധം; ആദ്യത്തെ കണ്ടു മുട്ടലിനു ശേഷം പിന്നെയൊരിക്കലും അവളെയോർക്കാതിരുന്നതിൽ.
ആർത്തവവേദന ശരീരവും മനസ്സും തളർത്തിയ ഒരു മധ്യാഹ്നത്തിലാണ് ഞാൻ ആദ്യമായി ശാരദയെ കണ്ടത്.പതിമൂന്നു വർഷങ്ങൾക്കു മുൻപ്. സാൻകോളിലെ താരതമ്യേന ദരിദ്രമായ ഒരു അനാഥാലയത്തിൽ.”ഡിവൈൻ ആഗണി“ എന്ന എന്റെ ചിത്രത്തിനു മോഡലിനെ അന്വേഷിച്ചായിരുന്നു ആ യാത്ര. ഒരുപാടു കളിപ്പാട്ടങ്ങളുമായാണ് അന്നവിടെ പോയത്. മറ്റു കുട്ടികൾ ആഹ്ലാദം കൊണ്ടു മതിമറന്നപ്പോൾ, ശാരദ ചിരിക്കാൻ കൂട്ടാക്കിയതേയില്ല.ഇരുണ്ട നിറമുള്ള ഒരു മൂന്നു വയസ്സുകാരിയായിരുന്നു അവൾ. ഡിവൈൻ ആഗണിക്കു യോജിച്ച ഒരു മോഡലിനെ കണ്ടെത്തിയ ആഹ്ലാദമായിരുന്നു എനിക്ക്. പക്ഷേ ശാരദയെ കൈയ്യിലെടുത്തപ്പോൾ, അവളെന്റെ കണ്ണിലേയ്ക്കു തളർച്ചയോടെ നോക്കിയപ്പോൾ ഞാൻ ചൂളിപ്പോയി.
അവളുടെ അനാഥത്വത്തിന്റെ നിറം വിൽപ്പന ചരക്കാക്കാൻ വന്നതാണു ഞാനെന്നു മനസ്സിലാക്കിയോ എന്തോ,ഒരു നേർത്ത പുഞ്ചിരി പോലും എനിക്കു സമ്മാനിക്കാൻ അവൾ കൂട്ടാക്കിയില്ല. വീട്ടിൽ വൈകിയെത്തിയ അമ്മയോടുള്ള നീരസമായിരുന്നു അവളുടെ സ്ഥായീഭാവം.എന്റെ ചുമലിൽ തല വെച്ചു കിടന്ന് തന്റെ കൊച്ചു കൈകൾ കൊണ്ട് അവളെന്റെ കവിളിൽ തൊട്ടു.ആർത്തവവേദന മധുരമാകുന്നതു ഞാനറിഞ്ഞു. ആ മെയ് മാസച്ചൂടിൽ, അവളുടെ തലയിലെ വിയർപ്പു തുടച്ചു മാറ്റുമ്പോൾ അവൾക്കു പനി വന്നേക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ഫോട്ടോയ്ക്കു പോസു ചെയ്യാൻ അവൾ കൂട്ടാക്കിയതേയില്ല.
ഒന്നോ രണ്ടോ മണിക്കൂറുകൾക്കു ശേഷം,ഒരു ചിത്രത്തിന്റെ ചട്ടക്കൂടിൽ ശാരദയെ ഒതുക്കാനാവില്ലെന്ന അറിവോടെ, അവളുടെ ദുഖത്തിന്റെ സൂക്ഷ്മത വരച്ചിടാൻ എന്റെ നിറങ്ങൾക്കു ശക്തിയില്ലെന്ന ബോധ്യത്തോടെ ഞാൻ ലിറ്റിൽ ഹോമിന്റെ പടിയിറങ്ങി. പോരാൻ നേരം, മണ്ണിലെ കളി മതിയാക്കി ധൃതിയിൽ എന്നെ കണ്ണുയർത്തി നോക്കിയ ശാരദയുടെ ഫോട്ടോ ഞാനെടുത്തു. ആ ചിത്രം ദൂരേയ്ക്കു ദൂരേയ്ക്കകന്ന് അവ്യക്തമായി മാറി.ഭൂതകാലത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത അറകളിലെവിടെയോ മങ്ങി നിന്നു.
ട്രെയിനിപ്പോൾ മഡ്ഗാവ് സ്റ്റേഷനിലേയ്ക്കടുത്തു കൊണ്ടിരിക്കുന്നു. മനസ്സിൽ പരിഭ്രമം നിറയുന്നു. ശാരദ വളർന്നിരിക്കും. അനാഥയായ ഒരു പെൺകുഞ്ഞിന്റെ എല്ലാ നിസ്സഹായതകളോടും കൂടെ. കുറ്റബോധം തോന്നുന്നു, ഒരുപാട് ആശങ്കകളും. ഇതുവരെ കാണാൻ വരാഞ്ഞതിന്റെ പരിഭവവുമായി, ലിറ്റിൽ ഹോമിന്റെ പടിക്കൽ, ശാരദയെന്നെ കാത്തു നിന്നിരുന്നെങ്കിലെന്നു മനസ്സു പ്രാർഥിക്കുന്നു. കണ്ണുകൾ നിറയുന്നു.
Monday, May 24, 2010
Subscribe to:
Post Comments (Atom)
20 comments:
കൊള്ളാം ഇനിയും എഴുതു
എഴുതാൻ തുടങ്ങിയതല്ലെ, ഇനിയും ധാരാളം എഴുതുക. ഈ എഴുത്ത് ഒരു മോചനമാണ്. കാലാകാലങ്ങളായി സമൂഹം തളച്ചിട്ട മനസ്സിന്റെ സ്വാതന്ത്ര്യം. പിന്നെ ഇതും കൂടി വായിക്കുക, എന്റെ ഒരു സഹപ്രവർത്തകയുടെ അനുഭവത്തിൽ നിന്ന് എഴുതിയതാണ്.
http://mini-mininarmam.blogspot.com/2010/05/blog-post.html
ഋതുവിലെ കമന്റാണ് ഇവിടെ എത്തിച്ചത് ,
കൂടുതല്‍ എഴുതണം , നല്ല ശൈലി ..
ആശംസകള്‍..
വായിക്കാൻ ഇവിടെയെത്തിയ എല്ലാവർക്കും നന്ദി.
അഭിപ്രായം പറയാൻ സമയം ചിലവഴിച്ച ഒഴാക്കനും, മിനി ടീച്ചർക്കും, സിദ്ധീക്കിനും ഒരുപാടു നന്ദി.
നിങ്ങളുടെ വാക്കുകൾ ഒരു തുടക്കക്കാരിക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നു പറഞ്ഞു കൊള്ളട്ടെ :)
"ഒരു കണ്ണുനീർത്തുള്ളി പുറത്തേയ്ക്കൊഴുകാൻ ഭയന്നു കണ്ണിലേയ്ക്കു തിരിച്ചിറങ്ങിപ്പോയി."
ഒതുക്കിയ കണ്ണുനീര്‍തുള്ളിയുടെ വര്‍ണ്ണന കേമം.
അറിയണമെന്ന് അറിയാതെ ആഗ്രഹിക്കുന്നത് പിന്നെയൊരു നാളേക്ക് നിണ്ടുപോകുന്നത് മനുഷ്യസഹജം.
കഥ ഇഷ്ടായി.
നല്ല ഉള്ളുള്ള, ഒഴുക്കുള്ള എഴുത്ത്.
ഒരു വായനക്കാരന്റെ സ്വാതന്ത്ര്യത്തോടെ പറയട്ടെ, നന്ദന് ഒരു ആവശ്യമുള്ള കഥാപാത്രമാണെന്ന് തോന്നിയില്ല.
എന്റെ ബ്ലോഗ് വഴി വന്നതിനു ഒരുപാട് നന്ദി. ഇനിയും വരുമല്ലോ ല്ലേ..??
റാംജി,സിബു അഭിപ്രായങ്ങൾക്കു നന്ദി.
@സിബു: വായനക്കാരനാണു പൂർണ്ണാധികാരി. അതു കൊണ്ടു ഇനിയും നിർദ്ദേശങ്ങൾ തരണം. ബ്ലോഗിൽ ഇനിയും തീർച്ചയായും വരും. :)
നല്ല കഥ.! ശരിക്കും ഇഷ്ടമായി.! ആ പൂവിന്റെ ചിത്രം വായനയുടെ സുഖം നഷിപ്പിക്കുന്നു ആകര്‍ഷണം അതിലേക്ക് പോവുന്നു. എന്തോ ഒരു തടസം പോലെ..! എന്റെ മാത്രം തോനലാണ്.!
നന്ദി ഹംസ. :) ഒരു പുതിയ template നോക്കിയതാണു. എന്തോ പ്രശ്നം എനിക്കും തോന്നിയിരുന്നു. മാറ്റിയിട്ടുണ്ട്.
ഇനിയും ഈ വഴി വരുമല്ലോ അല്ലേ?
കഥയുടെ വിഷയത്തിനു ദൃഢത കുറവാണ്. നന്ദന് എന്ന കഥാപാത്രം ഇല്ലെങ്കിലും ആശയം പൂര്‍ണമാണ്.
നല്ല ഘടനയുണ്ട്. എവിടെ തുടങ്ങണം എവിടെ നിര്‍ത്തണം എന്നതില്‍ കിറുകൃത്യം
:-)
ഉപാസന
കഥയില്‍ വേണ്ടാത്ത കുറെ കാര്യങ്ങള്‍ വന്നിരിക്കുന്നു.
ഗോവയുടെ ഭൂമിശാസ്ത്ര വിവരണം നീണ്ടു പോയീ.
പിന്നെ ഒരു ചിത്രകാരിയുടെ അരാജക ജീവിതമ വരയ്ക്കാനുള്ള ശ്രമന്‍ വേണ്ടത്ര വിജയിച്ചില്ല.
പിന്നെ ആര്‍ത്തവ വേദനയുടെ ആവര്‍ത്തനം ബോറായി.
ശാലിനി ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ വികസിപ്പിക്കേണ്ട ത്രെഡ് തീരെ ചെറുതായി.
മൈക്കലാഞ്ജലോ ശില്പത്തെ പറ്റി(അതോ ഡാവിഞ്ചിയോ) പറഞ്ഞ കാര്യം കേട്ടിട്ടില്ലേ കല്ലില്‍ ശില്പമുണ്ട് ശില്പമല്ലാത്തത് കൊത്തിക്കളഞ്ഞാല്‍ മതി എന്ന്. കഥാകാരനും ബാധകമാണത്.
കഥയ്ക്ക് ഒതുക്കമുണ്ട്, ഭാഷ ഒന്നുകൂടി പുതുമ ആര്‍ജ്ജിക്കണം. അത് വന്നു കൊള്ളും.
വിവ്ഷയത്തിന്റെ എവിടെ കേന്ദ്രീകരിക്കണം എന്ന് ആലോചിക്കണം.
ഈ ഡിവൈന്‍ ആഗണി എന്നത് കഥയില്‍ ആഴത്തില്‍ കൊണ്ടുവരാമായിരുന്നു. ചിത്രകാരിയും കുട്ടിയും അനുഭവിക്കുന്നത് അതു തന്നെയാണല്ലോ.
തുടരൂ
കഥ ശാലിനിയില്‍ വിളയും.
ഉപാസന, സുരേഷ് മാഷ്, നന്ദി, അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും. എന്റെ സാഹിത്യത്തിനു ഗുരുക്കന്മാരില്ലെന്നു എനിക്കു ചിലപ്പോൾ സങ്കടം തോന്നിയിരുന്നു. ഇപ്പോൾ അതു മാറി. ഇനിയും എഴുതാൻ ശ്രമിക്കാം, തെറ്റുകൾ പറഞ്ഞു തരണം,ഇനിയും ഇതിലേ വരണം. നന്ദി!
കഥ നന്നായിട്ടുണ്ട്.... പിന്നെ മുന്‍പ് പറഞ്ഞപോലെ ഒന്നും വല്യ ആധികാരികമായി ഒന്നും എനിക്ക് പറയാന്‍ പറ്റില്ല....ക്ഷമിക്കണം..എന്നെ പോലെ ഒരു തുടകക്കാരിയുടെ സൃഷ്ടി എന്ന നിലയില്‍ ഞാന്‍ എന്റെ മുഴുവന്‍ സപ്പോര്‍ട്ടും തരുന്നു.....തുടര്‍ന്ന് എഴുതുക.....
ഇനിയും കഥകൾ എഴുതുകാ നന്നായിട്ടുണ്ട്
എഴുത്തിന്റെ ശൈലി നന്നായി
ഇവിടെ വന്നപ്പോൾ കുറേ പോസ്റ്റുകൾ ഒന്നിച്ച് വായിച്ചു. എഴുത്തിന്റെ ശൈലി ഇഷ്ടമായി.. ഇനിയും വരാമെന്ന് പ്രതീക്ഷ
കഥ വായിച്ചു. പൊതുവേ ഇഷ്ടപ്പെട്ടു. 2-3 അഭിപ്രായങ്ങൾ പറയുന്നതിൽ വിരോധമുണ്ടാവില്ലല്ലോ?
കഥയുടെ തുടക്കത്തിൽ കുറച്ചു അനാവശ്യ കാര്യങ്ങൾ കടന്നുകൂടിയിട്ടുണ്ട്. നന്ദൻ എന്ന കഥാപാത്രം, പിന്നെ യാത്ര അസ്വസ്ഥമാക്കാൻ എന്തുണ്ടായി മുതലായ കാര്യങ്ങൾ വ്യക്തമായില്ല.
ഗോവയുമായുള്ള ബന്ധത്തിനു് കഥയിൽ പ്രസക്തിയുണ്ടോ എന്നറിയില്ല.
എന്നാലും പറയുന്ന കാര്യങ്ങളിൽ ഒരു ആത്മാർത്ഥതയുണ്ടു്. അതിനാൽ ഐ കഥ അരോചകമായില്ല. ഇനിയും എഴുതൂ. വായിക്കാൻ ഞങ്ങളൊക്കെയുണ്ടു്.
ചിതല്, ആദ്യം തന്നെ നന്ദി പറയട്ടെ, വിശദമായ ഒരു അഭിപ്രായത്തിനു.
അഭിപ്രായങ്ങള്‍ തീര്‍ച്ചയായും പറയണം, വായനക്കാരനാണ് കഥയുടെ അവകാശി.
പിന്നെ ഗോവ ഞാന്‍ പഠിച്ച സ്ഥലമാണ്. അത് കൊണ്ട് ഒരു നൊസ്റ്റാള്‍ജിയ ഗോവയോടുണ്ട്.
ഗോവ കുടുതലായി കടന്നു വരാന്‍ അതായിരിക്കും കാരണം. സുരേഷ് മാഷും ഇതേ അഭിപ്രായം പറഞ്ഞു.
ഇനി ശ്രദ്ധിക്കാം കേട്ടോ..
ഇനിയും ഇവിടെ വരുമല്ലോ?
ശാലിനി, കഥ എനിക്കിഷ്ട്ടപ്പെട്ടു..
എങ്കിലും, കുറെ കൂടി ആഴത്തില്‍ വായനക്കാരന്റെ ഹൃദയതിലെക്കിറങ്ങി ചെല്ലത്തക്ക വിധം എഴുതുവാന്‍ പറ്റിയ ഒരു നല്ല സബ്ജക്റ്റ് ആയിരുന്നു. ചിതലും സുരേഷ് മാഷും സിബു നൂറനാടും ഒക്കെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ..
ആശംസകള്‍..
നന്ദി മഹേഷ്,
കമന്റ് കാണാന്‍ കുറച്ചു വൈകി. ക്ഷമിക്കുമല്ലോ!
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എഴുതിയ കഥയായതു കൊണ്ടാകാം..
ഇന്നിപ്പോള്‍ വായിച്ചപ്പോള്‍, കുറെക്കൂടെ നന്നാക്കാമായിരുന്നു എന്ന് എനിക്കും തോന്നി.
അഭിപ്രായത്തിനു നന്ദി... ഇനിയുള്ള കഥകളില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.
Post a Comment