Monday, June 7, 2010

വിചാരണ

കണ്ണടച്ചാ പതഞ്ഞൊഴുകുന്ന ചോരയാ മുന്നിൽ വരുന്നത്. പോലീസ്സ് സ്റ്റേഷനിലെ ഇരുപ്പു തുടങ്ങീട്ട് നേരം കൊറേയായല്ലോ!ഇപ്പോ എത്ര മണിയായിക്കാണും? എത്രയായാ എന്നാ! പലരും വന്നും പോയുമിരിക്കുന്നു.തല പെരുക്കുന്നുണ്ടോ?തൊണ്ട വരളുന്നു. ആരേലും കൊറച്ചു വെള്ളം തന്നാരുന്നേ... ഇല്ല, വേണ്ട.വെള്ളം കിട്ടാതെ ഇവിടെ കെടന്നു മരിക്കട്ടെ! അത്രേം വലിയ ദോഷവല്ലേ ചെയ്തത്! മരിച്ചാ മതീന്നാ തോന്നുന്നത്. പക്ഷേ അന്നാമ്മേ ഓർക്കുമ്പോഴാ...അവളിപ്പം വീട്ടീ തനിച്ചാരിക്കും. അതോ വീട്ടിലെത്തിക്കാണുവോ? വഴീലെവിടേലും തല തിരിഞ്ഞു വീണു കാണുവോ? എന്റെ കർത്താവേ എനിക്കു ഓർക്കാൻ മേല. അവളു കരഞ്ഞും പിഴിഞ്ഞും എന്റെ അടുത്തുന്നു മാറാതെ നിൽക്കുവാരുന്നു.കുറേ കഴിഞ്ഞപ്പം പോലീസ്സുകാരു ഓടിച്ചു വിട്ടു. അല്ലേലും രാത്രി പെണ്ണുങ്ങൾക്കു വന്നിരിക്കാൻ കൊള്ളാവുന്ന സ്ഥലം വല്ലോമാണോ ഇത്! ഞാനിനി എന്നു പുറം ലോകം കാണാനാ...കാണാനൊട്ട് ആശേമില്ല. അന്നാമ്മ ആരുമില്ലാതെ കെടന്നു വലയുമാരിക്കും,എന്നാലും ആ കൊച്ചിന്റെ മൊഖമോർക്കുമ്പോ വല്ലിടത്തും കെട്ടിത്തൂങ്ങി ചാവണമെന്നേയുള്ളൂ.
ആറു വയസ്സു കാണുവാരിക്കും. മനസ്സീന്നാ മൊഖമങ്ങു പോണില്ല.വണ്ടിയിടിച്ച ഒടനെ തെറിച്ചു പോയി.എന്റെ കർത്താവേ, ഒന്നേ ഞാൻ നോക്കിയൊള്ളൂ.ആ മഞ്ഞക്കൊടേം കുഞ്ഞി ഹവായിച്ചെരുപ്പുമെല്ലാം ചോരേക്കുളിച്ച്!മണ്ണിലോട്ടു താന്നു പോയാ മതീന്നാ തോന്നിയത്. പത്തമ്പതു വർഷം വണ്ടിയോടിച്ചിട്ട് വളയമെന്നെ ചതിച്ചല്ലോ!എന്റെ കയ്യീ ഏതു ചെകുത്താനാണോ കൂടിയത്, ആ കൊച്ചിനെ ഇടിച്ചിടാൻ.

“കൊച്ചിനെ കൊന്നല്ലോടാ കാലമാടാ..” എന്നും പറഞ്ഞ് ആൾക്കാർ ഓടിക്കൂടിയതും,എന്നെ എടം വലം വളഞ്ഞ് അടിച്ചതും,പിന്നെ പോലീസ്സ് വന്നു കൊണ്ടു പോന്നതും, ഒക്കെ ഒരു പുകമറ പോലത്തെ ഓർമ്മയേയുള്ളൂ. പോലീസ്സുകാർ വന്ന കൊണ്ട് തല്ലു കൊണ്ടു ചത്തില്ല.

കൊറച്ചു നാളായി വണ്ടിയോടിക്കുമ്പോ ചെറിയ ഏനക്കേടുകളൊക്കെ തോന്നുവാരുന്നു. വയസ്സു പത്തറുപതായിക്കാണില്ലേ! വാതത്തിന്റെ ഭയങ്കര ശല്യവാ...കർക്കിടക മാസമല്ലേ, വണ്ടിയോടിക്കുമ്പോ കാലു മുഴുവൻ ഒരു തരിപ്പാ... ചെലപ്പോ മുട്ടിന്റെ കീഴോട്ടു മരച്ചു പോകും.പ്രഷറിന്റെ സൂക്കേടുമുണ്ട്.തലയ്കകത്ത് കൊതുകു മൂളുന്നതു പോലെ ഒരു തോന്നലാ.വണ്ടിയോടിക്കാൻ പറ്റുകേലെന്നു മൊതലാളിയോടു പറയാരുന്നു.പക്ഷേ ഇതല്ലാതെ വല്ല തൊഴിലും എനിക്കറിയാവോ? രണ്ടു ജീവൻ കെടക്കണ്ടേ? ഇനിയിപ്പം മൊതലാളിക്കും കേസൊക്കെ വരുവാരിക്കും. എനിക്കു വയ്യ. കയ്യും കാലുമൊക്കെ തളരുന്നു. ആ കൊച്ചിന്റെ തള്ളേടെ നെലവിളി കേൾക്കണാരുന്നു.രണ്ടു കാതിലോട്ടും ഈയം ഉരുക്കി ഒഴിക്കന്ന പോലാ തോന്നിയെ...ഈ കേസ്സിനെന്നെ തൂക്കുകേലാരിക്കും. കോടതീ ഞാൻ പറയും എന്നെ തൂക്കി കൊല്ലാൻ...

എന്നാലുമെന്റെ കർത്താവേ, നീയെന്റെ കൈകൊണ്ടു ആ കൊച്ചിനെ കൊല്ലിച്ചല്ലോ.എന്റെ തലേ ഇടിവെട്ടിച്ചാ പോരാരുന്നോ? കൊച്ചുങ്ങളെ എനിക്കു ജീവനാ...എല്ലാ കൊല്ലവും ആദികുർബാന കൊള്ളപ്പാടിനു പിള്ളേരു വെള്ളയുടുപ്പും ഇട്ടു നിൽക്കുന്നതു ഞാൻ കൊതിയോടെ നോക്കി നിൽക്കുവാരുന്നു.സ്വർഗ്ഗത്തീന്നിറങ്ങി വന്ന മാലാഖമാരല്ലിയോ.. സ്വന്തമായൊന്നിനെ കർത്താവു തന്നില്ല.

നെഞ്ചിനൊരു പിടുത്തം പോലെ...കണ്ണടഞ്ഞു പോകുന്നുണ്ടോ?ഞെട്ടി ഞെട്ടി ഒണരുവാ പിന്നേം...ഇനിയെനിക്കു സമാധാനമുണ്ടോ? ഞാമ്പറയും കോടതിയോട് എന്നെ തൂക്കാൻ....

ഹൃദയം സമാധാനത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടും, അയാളുടെ മനസ്സ് വിചാരണ തുടർന്നു കൊണ്ടേയിരുന്നു.

14 comments:

വരയും വരിയും : സിബു നൂറനാട് said...

എന്നാ പറയാനാ..ഇനിപ്പോ ഞാന്‍ പറഞ്ഞില്ലാന്നും വേണ്ടാ..കഥ കൊള്ളാം.

വരയും വരിയും : സിബു നൂറനാട് said...

ഒരഭിപ്രായം.."മഞ്ഞക്കൊടേം കുഞ്ഞി ഹവായിച്ചെരുപ്പുമെല്ലാം" എന്നുള്ളത് മഞ്ഞക്കൊടേം കുഞ്ഞിച്ചെരുപ്പുമെല്ലാം എന്ന് പോരെ..അവിടെ ഒരു ഒഴുക്ക് പോകുന്നു.

ഇത് വായിച്ചിട്ട് delete ചെയ്തു കളഞ്ഞേക്കൂ..

പട്ടേപ്പാടം റാംജി said...

കുടുംബത്തിന്‍റെ വിശപ്പ്‌ ശമിപ്പിക്കാന്‍ നില്‍ക്കക്കള്ളിയില്ലാതെ ഓടേണ്ടി വരുമ്പോള്‍ ഒന്നും ബാക്കി വെക്കാനാവാതെ വാര്‍ദ്ധക്യത്തിലും വഴങ്ങാത്ത ശരീരത്തിന്റെ വേദന കണക്കാതെ ജോലിയെടുക്കേണ്ടി വരുന്നത് കൊണ്ട് സംഭാവിക്കുന്ന അപകടത്തിന് ഉത്തരവാദി ആ മനുഷ്യനല്ലെന്നു വിളിച്ചു പറയുന്ന കഥ ചെറുതെങ്കിലും നന്നായി.
ആശയം വ്യക്തമാക്കി ചുരുക്കിപ്പറഞ്ഞ കഥ ഇഷ്ടായി.

ശ്രീ said...

മനോഹരമായ ആഖ്യാനം.

ആശംസകള്‍!

എന്‍.ബി.സുരേഷ് said...

കുറ്റവും ശിക്ഷയും സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സ്വയം വിചാരണ അതി ഗംഭീരമായി അവതരിപ്പിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ഭാഷയുടെ തനിമയും നന്ന്. ഒന്നുമാത്രം ഒഴിവാക്കാമായിരുന്നു. അയാൾക്ക് കുട്ടികൾ ഇല്ല എന്ന കാര്യം. അയാളുടെ കുട്ടികളോടുള്ള സ്നേഹത്ഥിലും പശ്ചാത്താപത്തിലും നിന്ന്, സ്വയം തൂക്കാൻ കോടതിയോടാവശ്യപ്പെടാനുള്ള തീരുമനത്തിൽ നിന്ന്, ദൈവത്തോടുള്ള കുമ്പസാരത്തിൽ നിന്ന് വ്യക്തമാണ് മക്കളില്ലാത്ത ദു:ഖമാണ് അയാളുടെ നീറ്റലിണ് കാരണമെന്ന്.
വെടിവെച്ചിട്ട് ഠോ എന്ന് പറയേണ്ടതില്ലല്ലോ.

എന്‍.ബി.സുരേഷ് said...

കുറ്റവും ശിക്ഷയും സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സ്വയം വിചാരണ അതി ഗംഭീരമായി അവതരിപ്പിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ഭാഷയുടെ തനിമയും നന്ന്. ഒന്നുമാത്രം ഒഴിവാക്കാമായിരുന്നു. അയാൾക്ക് കുട്ടികൾ ഇല്ല എന്ന കാര്യം. അയാളുടെ കുട്ടികളോടുള്ള സ്നേഹത്ഥിലും പശ്ചാത്താപത്തിലും നിന്ന്, സ്വയം തൂക്കാൻ കോടതിയോടാവശ്യപ്പെടാനുള്ള തീരുമനത്തിൽ നിന്ന്, ദൈവത്തോടുള്ള കുമ്പസാരത്തിൽ നിന്ന് വ്യക്തമാണ് മക്കളില്ലാത്ത ദു:ഖമാണ് അയാളുടെ നീറ്റലിണ് കാരണമെന്ന്.
വെടിവെച്ചിട്ട് ഠോ എന്ന് പറയേണ്ടതില്ലല്ലോ.

ശാലിനി said...

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച എല്ലാവർക്കും നന്ദി. ഇനിയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.

ബിജുകുമാര്‍ said...

ശാലിനി കഥ നന്നായിട്ടുണ്ട്. ഒതുക്കമുണ്ട്. അനാവശ്യ വിവരണങ്ങളില്ല.എനിക്കിഷ്ടമായി.ആശംസകള്‍ നേരുന്നു. ഇനിയുമെഴുതൂ.

Manoraj said...

ഋതുവഴിയാണ് ഇവിടെ എത്തിയത്. കൊള്ളാം. ചെറിയൊരു തന്തുവെ മനോഹരമായി സന്നിവേശിപ്പിച്ചു.

Jishad Cronic™ said...

ശാലിനി കഥ ഒതുക്കമുണ്ട്.

ചിതല്‍/chithal said...

വളരെ നല്ല അവതരണം. ആവശ്യമുള്ള സംഭവങ്ങൾ മാത്രം സന്നിവേശിപ്പിച്ചുള്ള അവതരണശൈലി വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. ഇനിയും എഴുതു.

ശാലിനി said...

ബിജു, മനോ, ജിഷാദ്, ചിതല്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി. പ്രോത്സാഹനങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു :)

ദുശാസ്സനന്‍ said...

ഹേ ശാലിനി. ഇതെടുത്തു ഋതുവില്‍ പോസ്റ്റ്‌ ചെയ്യു. ഇതൊക്കെയാ അവിടെ ഇടേണ്ടത്

മഹേഷ്‌ വിജയന്‍ said...

ഫയദോര്‍ ദസ്തയോവിസ്ക്കിയുടെ "കുറ്റവും ശിക്ഷയും" ഓര്‍മ്മ വന്നു...
പശ്ചാത്താപം കൊണ്ട് നീറുന്ന ഒരു മനസ്സിനെ നന്നായിട്ട് വരച്ചു കാട്ടി..