Monday, July 26, 2010

നഷ്ടപ്പെട്ട അവസാനപുറം

പുറത്ത് വർണ്ണങ്ങൾ ചോർന്നു പോയ പൂക്കളാണ്. കാർഡ് തുറന്നാൽ അകത്ത് നിറമുള്ള പൂക്കളും. മനോഹരമായ ഒരു ബർത്ത്ഡേ കാർഡ്. കാർഡിൽ അഭിയുടെ കൈയ്യക്ഷരം. പെൻസിൽ കൊണ്ടെഴുതിയ വലിയ അക്ഷരങ്ങൾ.

“ഏട്ടാ, ഹാപ്പി ബർത്തഡേ…“

സ്കൂൾ ഹോസ്റ്റലിന്റെ അഡ്രസ്സും പേറി, പതിനാറാം പിറന്നാളിന്റെ തലേന്നു ആ കാർഡ് വന്നു. മറക്കാനാവില്ല, അത് കൈയ്യില്‍ കിട്ടിയ നിമിഷം...കണ്ണുകൾ നിറഞ്ഞൊഴുകി. അഭിയും, അച്ഛനും അമ്മയും ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. അമ്മയുടെ ചൂടു ചോറും സാമ്പാറും ഇല്ലാത്ത, അഛന്റെ അമർത്തി മൂളലുകളും “പഠിക്കുന്നുണ്ടോ?” എന്ന ചോദ്യവും ഇല്ലാത്ത ദിനങ്ങൾ. പക്ഷേ ഹൃദയം വിങ്ങിയത്, അഭിക്കു വേണ്ടി മാത്രമായിരുന്നു.

ആ വർഷം ഓണത്തിനു അമ്മയെഴുതിയ കത്ത്. ആഘോഷിക്കാൻ കഴിയാതെ പോയ ഒരുപാട് ഓണങ്ങളുടെ തുടക്കം. കണ്ണുനീർത്തുള്ളികൾ വീണു പരന്ന അക്ഷരങ്ങൾ. എഴുതുമ്പോൾ അമ്മ കരഞ്ഞിരിക്കണം. വായിച്ചപ്പോൾ ഞാനും. കത്തിന്റെ അവസാന പുറത്ത്, അഭിയുടെ പെൻസിൽ അക്ഷരത്തെറ്റോടെ കോറിയിട്ടു.
“ചേട്ടാനില്ലാത്തകൊണ്ട് കളിക്കാൻ രസല്ല. മുറ്റത്തെ പുളിയിൽ ഊഞ്ഞാലു കെട്ടി.എത്ര പറഞ്ഞാലും അച്ഛൻ ആട്ടിത്തരില്ല. സമയല്ലാത്രെ!നമ്മടെ തെച്ചിപ്പൂവൊക്കെ മാലു കൊണ്ടോയി. അമ്മാമ എനിക്ക് അഞ്ഞൂറു രൂപ….”

തേൻ കുടിക്കുന്ന പൂമ്പാറ്റയുടെ ചിത്രമുള്ള മഞ്ഞ കാർഡ്. വലിയ അക്ഷരങ്ങളിൽ അഭിയെഴുതി.
”All the best ഏട്ടാ…”

അവന്റെ അക്ഷരങ്ങൾക്കു പെനിസിലിൽ നിന്നു പേനയിലേയ്ക്കു സ്ഥാനക്കയറ്റം കിട്ടിയിരുന്നു. എൻട്രൻസ് പരീക്ഷയ്ക്കുള്ള തിരക്കിട്ട പഠിത്തത്തിടയിൽ വന്ന കാർഡ്.അതും നെഞ്ചോടടുക്കിപ്പിടിച്ച് ഏറെ നേരം ഇരുന്നതോർക്കുന്നു.

എൻജിനീയറിങ്ങിനായി അടുത്ത ഹോസ്റ്റലിലേയ്ക്കു കൂടുമാറി. അമ്മയുടെ കത്തുകൾ മുടക്കമില്ലാതെ വന്നു കൊണ്ടിരുന്നു. കത്തുകളുടെ അവസാന പുറം അഭിക്കവകാശപ്പെട്ടതായിരുന്നു.ഞാൻ വായിച്ചു തുടങ്ങിയിരുന്നതും അവസാന പുറത്തു നിന്നാണ്. അഭി എല്ലാ വിശേഷങ്ങളും വിസ്തരിച്ചെഴുതി.പുതിയ സൈക്കിൾ വാങ്ങിയെങ്കിലും പഠിപ്പിക്കാൻ ആളില്ലാത്തതിന്റെ ദുഖവും, സ്കൂൾ വിട്ടു വരുമ്പോൾ കൃഷ്ണേട്ടന്റെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടി കടിക്കുമോയെന്ന ഭയവും അങ്ങനെയങ്ങനെ… അവസാന വരി മിക്കപ്പോഴും ഒന്നായിരുന്നു.”ഏട്ടൻ എന്നാ വര്വാ?“

ഞാനില്ലാതെ അവൻ വളർന്നു. സൈക്കിൾ ഓടിക്കാനും പഠിച്ചു.

അസ്തമയ സൂര്യനെ ആവാഹിച്ച മനോഹരമായ ഈ കാർഡ് എൻജിനീയറിങ്ങ് നാലാം വർഷം എന്റെ കയ്യിലെത്തി. കൂട്ടുകാരുടെ പലരുടെയും കൈകളിൽ കയറിയിറങ്ങിയാണ് അതെത്തിയത്. അനിയനാണതയച്ചതെന്ന് ആരും വിശ്വസിച്ചില്ല. അന്ന് അഭി ഒൻപതാം ക്ലാസ്സിലായിരിക്കണം.
“missing you,
Like mist in the mornings,
And shade in the noons.
Missing you,
Like fragrance in the dusk,
And like twinkles in the night.
എന്റെ അഭിയെങ്ങനെ ഇത്രയും തെറ്റു കൂടാതെയെഴുതിയെന്നു ഞാൻ അത്ഭുതപ്പെട്ടു. മനസ്സ് എന്തിനോ വിങ്ങി. പക്ഷേ കൂട്ടുകാരുടെ ചിരിയിൽ അതു മുങ്ങിപ്പോയി.

ഓരോ തവണയും വീട്ടിൽ പോകുമ്പോൾ, അഭിക്കു ഉയരം കൂടിവരുന്നതായും, നനുത്ത മീശ മുളച്ചതായും, സൈക്കിളിനു പകരം അച്ചന്റെ ബൈക്ക് ഓടിക്കാൻ തുടങ്ങിയതായും കണ്ടു ഞാൻ അമ്പരന്നു. കൌമാരത്തിന്റെ വർണ്ണപ്പകിട്ടിലായിരുന്നു അഭിയന്ന്. ഞാൻ യൌവനത്തിന്റെ തീവ്രതയിലും. അവനു ഒരുപാടു പുതിയ കൂട്ടുകാരുണ്ടായി, നദിയുടെ രണ്ടു കൈവഴികൾ പോലെ ഞങ്ങളുടെ ജീവിതം ഒഴുകിത്തുടങ്ങി.

അമ്മയെഴുതിയ കത്തുകൾ, പിന്നീടു പല വർഷങ്ങളിലായി വന്നത്. മിക്കതിന്റേയും ഉള്ളടക്കം ഒന്നു തന്നെ.പക്ഷേ, കത്തുകൾക്ക് അവസാന പുറം ഉണ്ടായിരുന്നില്ല. അഭി ഹോസ്റ്റൽ ജീവിതം തുടങ്ങിയിരുന്നു. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മിഴിവാർന്ന ആ ദിനങ്ങളിൽ, ശൂന്യമായ അവസാന പുറം എന്നെ അലോസരപ്പെടുത്തിയതേയില്ല.

അഭിയുടെ കൈയ്യക്ഷരമുള്ള ഒരു കാർഡും ഇനി ഈ കൂട്ടത്തിലില്ല. എവിടെയോ ഒരു നേർത്ത പട്ടുനൂൽ മുറിയുന്ന വേദന. ഒരുപാടു വൈകിപ്പൊയിപ്പോൾ.ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി.

14 comments:

Anonymous said...

നന്നായിരിക്കുന്നു... ആശം സകൾ

by

Varavooran

വരയും വരിയും : സിബു നൂറനാട് said...

വ്യത്യസ്തമായ നല്ല കഥ. നന്നായിരിക്കുന്നു.

വരയും വരിയും : സിബു നൂറനാട് said...

"സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മിഴിവാർന്ന ആ ദിനങ്ങളിൽ, ശൂന്യമായ അവസാന പുറം എന്നെ അലോസരപ്പെടുത്തിയതേയില്ല."


ശൂന്യമായ അവസാന പുറം എന്നെ ആലോസ്സരപ്പെടുത്തി എന്ന് വായിക്കാനാണ് കൂടുതല്‍ സുഖമെന്ന് തോന്നുന്നു.

ചിതല്‍/chithal said...

നല്ല കഥ.
അകൽച്ച മനഃപൂർവമായിരുന്നോ? ശൂന്യമായ അവസാന പുറം കണ്ടിട്ടും ആശങ്കപ്പെടാത്ത കാമുകൻ.. അങ്ങിനെ സംശയിച്ചുപോകുന്നു.
ആദ്യത്തെ ഭാഗം കഥയിൽ മുഴച്ചുനിൽക്കുന്ന പോലെ തോന്നി. ചേരാത്തമാതിരി..

ഹംസ said...

കഥ നന്നായിരിക്കുന്നു. !!

ശാലിനി said...

നന്ദി വരവൂരാന്‍.
അഭിപ്രായത്തിനു നന്ദി സിബു. പക്ഷെ അലോസരപ്പെടുത്തിയില്ല എന്നുള്ളതാണല്ലോ സത്യം.
ചിതല്‍, അകല്‍ച്ച ഒരിക്കലും മനപൂര്‍വമായിരുന്നില്ല.

നന്ദി ഹംസ

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി....
നന്നായിരിക്കുന്നു!!
ആശംസകള്‍!!

Jishad Cronic said...

നന്നായിരിക്കുന്നു...

Manoraj said...

ഇത് ഞാന്‍ ഋതുവില്‍ വായിച്ചിരുന്നോ എന്നൊരു സംശയം.

Anonymous said...

ഒരു ഓര്‍മ്മപ്പെടുത്തല്‍ ...ഞാനും ഒരു പാട് വളര്‍ന്നു പോയി ...കാലത്തിന്റെ മഹാ പ്രവാഹത്തിലൂടെ എന്ന ഓര്‍മപ്പെടുത്തല്‍ ...ഈ ഓര്‍മപ്പെടുത്തല്‍ എന്റെയും മുറിവായിരുന്നു..എന്റെ ഓര്‍മകളുടെ നേര്‍ത്ത പട്ടു നൂലിന്റെ മുറിവ് ...

എന്‍.ബി.സുരേഷ് said...

ബന്ധങ്ങളെല്ലാം എത്ര നേർത്ത് നേർത്ത് പോകുന്നു. അല്ലേ. പക്ഷേ ഇത് പഴയ കാലത്തെ ചേട്ടനും അനിയനുമാണെന്ന് തോന്നുന്നു. ഇപ്പോൾ കാലമെത്ര മാറി അല്ലേ?

മഹേഷ്‌ വിജയന്‍ said...

"എവിടെയോ ഒരു നേർത്ത പട്ടുനൂൽ മുറിയുന്ന വേദന. ഒരുപാടു വൈകിപ്പൊയിപ്പോൾ.ഒരു തിരിച്ചു വരവിന് കഴിയാത്ത വിധം ഞാനും അഭിയും വളർന്നും പോയി."

ശരിയാണ് പലപ്പോഴും, വളരെണ്ടിയിരുന്നില്ല എന്ന് തോന്നുന്ന നിമിഷങ്ങള്‍..
കളങ്കങ്ങള്‍ ഇല്ലാത്ത കുഞ്ഞു മനസിലേക്ക് മടങ്ങിപ്പോകാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്..?

പൊയ്പോയ ജ്യേഷ്ഠ-അനുജ സഹോദര ബന്ധത്തിന്റെ കഥ...
ശരിക്കും ഉള്ളില്‍ എവിടെയോ ഫീല്‍ ചെയ്തു..

ശാലിനി said...

മഹേഷ്‌ , കഥ ഫീല്‍ ചെയ്യിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.. :)

Anonymous said...

abhiyum chettanum akannittilla orikkalum akalukayum illa(saranya)