Thursday, November 18, 2010

വളര്‍ത്തുമൃഗം

ആരെയാണു കുറ്റപ്പെടുത്തേണ്ടത്‌? അതേ, രമ തന്നെയാണ് വേണുവിനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്‌. അസൂയ! അല്ലാതെന്താ? എന്നാലും വേണു ഇങ്ങനെ മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സ്നേഹത്തോടെ തഴുകിയിരുന്ന കൈകള്‍ കൊണ്ടുതന്നെ വേണു... ഓര്‍ക്കുംതോറും മീനു കൂടുതല്‍ കരഞ്ഞു. കഴുത്തുവേദന മാറിയിട്ടില്ല. പൊള്ളിയിടത്തൊക്കെ വല്ലാത്ത നീറല്‍ . ആ വീട്ടിനകത്തെ ഇളം ചൂട്‌.. രുചികരമായ ഭക്ഷണം,എന്തും തട്ടിമടിച്ച്‌ ഇടാനുള്ള സ്വാതന്ത്യം. വേലിക്കരുകിലെ തണുപ്പില്‍ കിടന്നുകൊണ്ട്‌ മീനു വീണ്ടും വീണ്ടും കരഞ്ഞു.

മീനുവിന്റെ നടത്തതിനു തന്നെ ഒരു ആഡ്യത്തമുണ്ട്. പതിഞ്ഞ കാല്‌വൈപ്പുകളോടെ മൃദുസ്വരത്തില്‍ കുറുകി കൊണ്ടവള്‍ ആ വീട്ടില്‍ നടന്നിരുന്നു. അവള്‍ക്ക് കിടക്കാന്‍ കട്ടിയുള്ള കാര്‍പെറ്റ് സ്വീകരണ മുറിയുടെ മൂലയില്‍ ഇട്ടിരുന്നു.എങ്കിലും വേണുവിന്റെയടുത്തു ഇളം ചൂടുള്ള സോഫയില്‍ ഇരിക്കാനാണ് അവള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വേണു ഓഫീസില്‍ നിന്ന് വന്നാല്‍ , വസ്ത്രം മാറി "രമേ ചായ.." എന്നു വിളിച്ചു പറയുമ്പോഴേയ്ക്കും മീനു കുറുകിക്കൊണ്ട് അയാളുടെ അടുത്തെത്തും.അവളെ കൈയ്യിലെടുത്തു തലോടിക്കൊണ്ട് അയാള് ടി വി യുടെ മുന്നിലെ സോഫയില്‍ ഇരിക്കും.

ഈ പണ്ടാരം വല്ല ലോറിയും കയറി ചാകുമെന്ന ആത്മഗതത്തോടെ രമ ചായ കൊണ്ടു വയ്ക്കും. വേണുവിനെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു പോകുകയും ചെയ്യും. അപ്പോള്‍ മീനു പകുതി കണ്ണടച്ച് സ്വപ്നരാജ്യത്തില്‍ ആയിരിക്കും. അവള്‍ രമയെ തലചെരിച്ചൊന്നു നോക്കും. പിന്നെയും സ്വപ്നത്തില്‍ മുഴുകും.പിന്നെ അത്താഴം വിളമ്പി എന്ന അശരീരി അടുക്കളയില് നിന്നു മുഴങ്ങുന്ന വരെ വേണു ടി വി യുടെ മുന്നിലായിരിക്കും. മീനുവും.

വേണു അത്താഴം കഴിചു കൊണ്ടിരിക്കുമ്പോള്‍ രമ ഒരു പാത്രത്തില്‍ മീനുവിനു പാലൊഴിചു കൊടുക്കും. പാല് മുക്കാല് ഭാഗം കുടിച്ചിട്ട് പാത്രം തട്ടി മറിക്കുക എന്നത് മീനുവിന്റെ ഇഷ്ട വിനോദമാണ്. അടിക്കാനായി രമ കൈയ്യുയര്ത്തുമ്പോഴെയ്ക്കും അവള്‍ വേണുവിന്റെ കൈയ്യില്‍ അഭയം പ്രാപിക്കും.

നിനക്കതങ്ങു തുടച്ചു കളഞ്ഞാലെന്താ? നിന്റെ ദേഷ്യം ആ മിണ്ടാപ്രാണിയോടു തീര്ക്കണ്ട.. അല്ലെങ്കില്‍ തന്നെ നിനക്കിവിടെ മലമറിക്കുന്ന പണി ഒന്നുമില്ലല്ലോ? വേണുവിന്റെ ശബ്ദം ഉയരുമ്പോള്‍ രമ നിശബ്ദയായി തല താഴ്ത്തും. കുറ്റപ്പെടുത്തുന്നതു പോലെ രമയെ ഒന്നു നോക്കിയിട്ട് മീനു കാര്പെറ്റില്‍ പോയി കിടക്കും.

"നീ അധികം അഹങ്കരിക്കണ്ട മീനു.." പകല്‍ വീട്ടില്‍ തനിച്ചാകുമ്പോള്‍ രമ പറയും. മീനു അതു കേള്ക്കാത്ത ഭാവത്തില്‍ വീടിനു പുറത്തേയ്ക്കു നടക്കും. അസൂയ! അല്ലാതെന്താ?

വേണുവും രമയും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കും. മീനുവിനു വഴക്കു കാണാന് ഇഷ്ട്ടമാണ്. രമ കരയുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ മീനുവിനു സങ്കടം തോന്നും. പക്ഷെ അവള്‍ തിരുത്തും. രമ ഒരു മൂധേവിയാണ്...

രമ കൂടോത്രം ചെയ്തു കാണും, അല്ലെങ്കില്‍ എല്ലാം എത്ര പെട്ടെന്നാണു മാറിമറിഞ്ഞത്!

അന്നു പകല്‍ വേലിക്കിടയിലൂടെ നൂണ്ടപ്പോള്‍ മീനുവിന്റെ കഴുത്ത് അല്പം മുറിഞ്ഞു. വല്ലാത്ത വേദന. വൈകിട്ടു വരെ ഞരങ്ങിയും മൂളിയും അവള്‍ അടുക്കള പടിയില് കിടന്നു.തിന്നാന്‍ കൊടുത്തതൊന്നും മണത്തു നോക്കിയതു കൂടിയില്ല.

വൈകിട്ട് വേണുവിന്റെ മുഖം കണ്ടപ്പോഴാണു അവള്ക്കു കുറച്ച് ആശ്വാസമായത്. പരാതി പറയുന്ന മുഖവുമായി ഉറക്കെ കരഞ്ഞു കൊണ്ടവള്‍ വേണുവിന്റെ കാല് ചുവട്ടില് മുട്ടിയുരുമ്മി. പോ പൂച്ചേ എന്നു പറഞ്ഞ് വേണു അവളെ കാല് കൊണ്ടു തട്ടി മാറ്റി. വേദനയും സങ്കടവും കലര്ന്ന ഒരു കരച്ചിലോടെ മീനു വേണുവിന്റെ കാല്‍ പാദത്തില്‍ മൃദുവായി ഒന്നു പോറി, വേണുവിന്റെ രൂപം മാറിയത് എത്ര പെട്ടെന്നാണ്! കഴുത്തില് തൂക്കിയെടുത്ത് അവളെ മുറിയുടെ മൂലേയ്ക്കെറിഞ്ഞു. എന്നിട്ടും ദേഷ്യം മാറാതെ അടുക്കളയില്‍ നിന്ന് കത്തുന്ന വിറകു കൊള്ളിയെടുത്ത് വീട്ടില് നിന്ന് അടിച്ചോടിച്ചു. അടുക്കളയുടെ ഇരുട്ടില് ഇരുന്ന് രമ ചിരിക്കുന്നുണ്ടായിരുന്നോ? അവള്ക്കറിയില്ല.

ഓരോന്നോര്ത്തും കരഞ്ഞും വേദന സഹിക്കാനാവാതെ ഞരങ്ങിയും വേലിയുടെ അടുത്തു കിടക്കയാണു മീനു.നന്നേ ഇരുട്ടിയപ്പോള്‍ പാത്തും പതുങ്ങിയും ഒരു പാത്രം പാലുമായി രമയെത്തി. അവളുടെ തലയില്‍ പതുക്കെ തലോടി.

"അഹങ്കരിക്കണ്ടാന്നു ഞാന് പറഞ്ഞതല്ലേ മീനു?" രമ കയ്പ്പോടെ ചോദിച്ചു.