Thursday, November 18, 2010

വളര്‍ത്തുമൃഗം

ആരെയാണു കുറ്റപ്പെടുത്തേണ്ടത്‌? അതേ, രമ തന്നെയാണ് വേണുവിനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്‌. അസൂയ! അല്ലാതെന്താ? എന്നാലും വേണു ഇങ്ങനെ മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. സ്നേഹത്തോടെ തഴുകിയിരുന്ന കൈകള്‍ കൊണ്ടുതന്നെ വേണു... ഓര്‍ക്കുംതോറും മീനു കൂടുതല്‍ കരഞ്ഞു. കഴുത്തുവേദന മാറിയിട്ടില്ല. പൊള്ളിയിടത്തൊക്കെ വല്ലാത്ത നീറല്‍ . ആ വീട്ടിനകത്തെ ഇളം ചൂട്‌.. രുചികരമായ ഭക്ഷണം,എന്തും തട്ടിമടിച്ച്‌ ഇടാനുള്ള സ്വാതന്ത്യം. വേലിക്കരുകിലെ തണുപ്പില്‍ കിടന്നുകൊണ്ട്‌ മീനു വീണ്ടും വീണ്ടും കരഞ്ഞു.

മീനുവിന്റെ നടത്തതിനു തന്നെ ഒരു ആഡ്യത്തമുണ്ട്. പതിഞ്ഞ കാല്‌വൈപ്പുകളോടെ മൃദുസ്വരത്തില്‍ കുറുകി കൊണ്ടവള്‍ ആ വീട്ടില്‍ നടന്നിരുന്നു. അവള്‍ക്ക് കിടക്കാന്‍ കട്ടിയുള്ള കാര്‍പെറ്റ് സ്വീകരണ മുറിയുടെ മൂലയില്‍ ഇട്ടിരുന്നു.എങ്കിലും വേണുവിന്റെയടുത്തു ഇളം ചൂടുള്ള സോഫയില്‍ ഇരിക്കാനാണ് അവള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വേണു ഓഫീസില്‍ നിന്ന് വന്നാല്‍ , വസ്ത്രം മാറി "രമേ ചായ.." എന്നു വിളിച്ചു പറയുമ്പോഴേയ്ക്കും മീനു കുറുകിക്കൊണ്ട് അയാളുടെ അടുത്തെത്തും.അവളെ കൈയ്യിലെടുത്തു തലോടിക്കൊണ്ട് അയാള് ടി വി യുടെ മുന്നിലെ സോഫയില്‍ ഇരിക്കും.

ഈ പണ്ടാരം വല്ല ലോറിയും കയറി ചാകുമെന്ന ആത്മഗതത്തോടെ രമ ചായ കൊണ്ടു വയ്ക്കും. വേണുവിനെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു പോകുകയും ചെയ്യും. അപ്പോള്‍ മീനു പകുതി കണ്ണടച്ച് സ്വപ്നരാജ്യത്തില്‍ ആയിരിക്കും. അവള്‍ രമയെ തലചെരിച്ചൊന്നു നോക്കും. പിന്നെയും സ്വപ്നത്തില്‍ മുഴുകും.പിന്നെ അത്താഴം വിളമ്പി എന്ന അശരീരി അടുക്കളയില് നിന്നു മുഴങ്ങുന്ന വരെ വേണു ടി വി യുടെ മുന്നിലായിരിക്കും. മീനുവും.

വേണു അത്താഴം കഴിചു കൊണ്ടിരിക്കുമ്പോള്‍ രമ ഒരു പാത്രത്തില്‍ മീനുവിനു പാലൊഴിചു കൊടുക്കും. പാല് മുക്കാല് ഭാഗം കുടിച്ചിട്ട് പാത്രം തട്ടി മറിക്കുക എന്നത് മീനുവിന്റെ ഇഷ്ട വിനോദമാണ്. അടിക്കാനായി രമ കൈയ്യുയര്ത്തുമ്പോഴെയ്ക്കും അവള്‍ വേണുവിന്റെ കൈയ്യില്‍ അഭയം പ്രാപിക്കും.

നിനക്കതങ്ങു തുടച്ചു കളഞ്ഞാലെന്താ? നിന്റെ ദേഷ്യം ആ മിണ്ടാപ്രാണിയോടു തീര്ക്കണ്ട.. അല്ലെങ്കില്‍ തന്നെ നിനക്കിവിടെ മലമറിക്കുന്ന പണി ഒന്നുമില്ലല്ലോ? വേണുവിന്റെ ശബ്ദം ഉയരുമ്പോള്‍ രമ നിശബ്ദയായി തല താഴ്ത്തും. കുറ്റപ്പെടുത്തുന്നതു പോലെ രമയെ ഒന്നു നോക്കിയിട്ട് മീനു കാര്പെറ്റില്‍ പോയി കിടക്കും.

"നീ അധികം അഹങ്കരിക്കണ്ട മീനു.." പകല്‍ വീട്ടില്‍ തനിച്ചാകുമ്പോള്‍ രമ പറയും. മീനു അതു കേള്ക്കാത്ത ഭാവത്തില്‍ വീടിനു പുറത്തേയ്ക്കു നടക്കും. അസൂയ! അല്ലാതെന്താ?

വേണുവും രമയും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കും. മീനുവിനു വഴക്കു കാണാന് ഇഷ്ട്ടമാണ്. രമ കരയുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ മീനുവിനു സങ്കടം തോന്നും. പക്ഷെ അവള്‍ തിരുത്തും. രമ ഒരു മൂധേവിയാണ്...

രമ കൂടോത്രം ചെയ്തു കാണും, അല്ലെങ്കില്‍ എല്ലാം എത്ര പെട്ടെന്നാണു മാറിമറിഞ്ഞത്!

അന്നു പകല്‍ വേലിക്കിടയിലൂടെ നൂണ്ടപ്പോള്‍ മീനുവിന്റെ കഴുത്ത് അല്പം മുറിഞ്ഞു. വല്ലാത്ത വേദന. വൈകിട്ടു വരെ ഞരങ്ങിയും മൂളിയും അവള്‍ അടുക്കള പടിയില് കിടന്നു.തിന്നാന്‍ കൊടുത്തതൊന്നും മണത്തു നോക്കിയതു കൂടിയില്ല.

വൈകിട്ട് വേണുവിന്റെ മുഖം കണ്ടപ്പോഴാണു അവള്ക്കു കുറച്ച് ആശ്വാസമായത്. പരാതി പറയുന്ന മുഖവുമായി ഉറക്കെ കരഞ്ഞു കൊണ്ടവള്‍ വേണുവിന്റെ കാല് ചുവട്ടില് മുട്ടിയുരുമ്മി. പോ പൂച്ചേ എന്നു പറഞ്ഞ് വേണു അവളെ കാല് കൊണ്ടു തട്ടി മാറ്റി. വേദനയും സങ്കടവും കലര്ന്ന ഒരു കരച്ചിലോടെ മീനു വേണുവിന്റെ കാല്‍ പാദത്തില്‍ മൃദുവായി ഒന്നു പോറി, വേണുവിന്റെ രൂപം മാറിയത് എത്ര പെട്ടെന്നാണ്! കഴുത്തില് തൂക്കിയെടുത്ത് അവളെ മുറിയുടെ മൂലേയ്ക്കെറിഞ്ഞു. എന്നിട്ടും ദേഷ്യം മാറാതെ അടുക്കളയില്‍ നിന്ന് കത്തുന്ന വിറകു കൊള്ളിയെടുത്ത് വീട്ടില് നിന്ന് അടിച്ചോടിച്ചു. അടുക്കളയുടെ ഇരുട്ടില് ഇരുന്ന് രമ ചിരിക്കുന്നുണ്ടായിരുന്നോ? അവള്ക്കറിയില്ല.

ഓരോന്നോര്ത്തും കരഞ്ഞും വേദന സഹിക്കാനാവാതെ ഞരങ്ങിയും വേലിയുടെ അടുത്തു കിടക്കയാണു മീനു.നന്നേ ഇരുട്ടിയപ്പോള്‍ പാത്തും പതുങ്ങിയും ഒരു പാത്രം പാലുമായി രമയെത്തി. അവളുടെ തലയില്‍ പതുക്കെ തലോടി.

"അഹങ്കരിക്കണ്ടാന്നു ഞാന് പറഞ്ഞതല്ലേ മീനു?" രമ കയ്പ്പോടെ ചോദിച്ചു.

20 comments:

പട്ടേപ്പാടം റാംജി said...

ആരായാലും അഹങ്കരിക്കുന്നത് ആപത്ത് തന്നെ അല്ലെ...
രസമായ അവതരണം.

സുജിത് കയ്യൂര്‍ said...

ahankaram nallathinalla. ee jeevitham namuku athulyamaanennu mattu chilare kaanumbol thonnaarund. nannayi ezhuthiyirikunnu.

ശാലിനി said...

റാംജി, സുജിത് നന്ദി.. :)

ഒരു കഥയെ പല രീതിയില്‍ വായിക്കാം എന്ന് ഇവിടുത്തെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി. :)

ഞാന്‍ ഈ കഥയിലൂടെ പറയാന്‍ ശ്രമിച്ചത്‌ വേറൊന്നാണ്‌... അതെന്താണെന്ന് പറയുന്നില്ല, കാരണം അത് കഥ തന്നെ പറയേണ്ടിയിരിക്കുന്നു...

അതിനു കഥയ്ക്ക്‌ കഴിഞ്ഞില്ലേ എന്ന ഭയമുണ്ട്...

Manoraj said...

ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് മറ്റൊന്നായിരുന്നു. പിന്നെ റാംജിയുടെ കമന്റ് കണ്ടപ്പോള്‍ എന്റെ വായന പിശകിയിരിക്കും എന്ന് കരുതി. പിറകേ ശാലിനിയുടെ മറുപടി കണ്ടപ്പോള്‍ തോന്നി ഒരു പക്ഷെ ഞാന്‍ ഊഹിച്ചത് ശരിയാണെങ്കിലോ എന്ന്. വിഢിത്തമാണെങ്കില്‍ മറന്ന് കളയുക. എങ്കിലും തോന്നിയത് പറയട്ടെ.

ഇവിടെ മീനു എന്ന പൂച്ചയുടെ സുന്ദരമായ രൂപത്തോടായിരുന്നില്ലേ വേണുവിന് സ്നേഹം എന്ന് തോന്നി. കാരണം കഴുത്ത് മുറിഞ്ഞ മീനുവിനെ എന്തുകൊണ്ടോ വേണുവിന് അസഹിഷ്ണുതയോടെയേ കാണാന്‍ കഴിഞ്ഞുള്ളൂ എന്ന് തോന്നുന്നു. എന്റെ ഈ തോന്നലും ഒരു പക്ഷെ തെറ്റാവാം. എന്തായാലും എന്റെ വായന ഇങ്ങിനെയായിരുന്നു. സൌന്ദര്യമുണ്ടെങ്കിലേ വിലയുള്ളൂ. രോഗിയായാല്‍ ഏത് സുന്ദരിക്കും / സുന്ദരനും കത്തുന്ന വിറകുകൊള്ളികൊണ്ട് തന്നെ ശിക്ഷ. ഒപ്പം പടിക്ക് പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന ശിഷ്ടജീവിതവും. ഇതാണ് എനിക്ക് തോന്നിയത്. കഥയേക്കാള്‍ വലുതായി പോയി കമന്റ്.

ശാലിനി said...

പ്രിയ മനോ, ആദ്യം തന്നെ താങ്കളുടെ ആഴത്തിലുള്ള വായനയ്ക്ക് നന്ദി പറയട്ടെ..
താങ്കള്‍ വായിച്ചതിനോട് ഏകദേശം അടുത്തു നില്‍ക്കുന്നത് തന്നെയാണ് എന്റെയും കോണ്‍സെപ്റ്റ്. ഒരു വ്യത്യാസം മാത്രം, എന്റെ കാഴ്ചപ്പാടില്‍ സൌന്ദര്യം പോയി എന്നതിനേക്കാള്‍ വേണുവിനെ അസഹ്ഷ്ണു ആകുന്നതു മിനുവിന്റെ പരാതിപ്പെടുന്ന മുഖമാണ്..
എപ്പോഴും ചിരിച്ച മുഖവുമായിരിക്കുന്ന ഒരാളെയേ വേണുവിനു ആക്സെപ്റ്റ് ചെയ്യാന്‍ കഴിയൂ.. അത് പൂച്ചയായാലും സ്വന്തം ഭാര്യ ആയാലും..

പൂച്ച ഒരു പ്രതീകം മാത്രമാണ്.. ഒരിക്കല്‍ രമയ്ക്ക്‌ സംഭവിച്ചതാണ് ഇന്ന് പൂച്ചയ്ക്ക് സംഭവിച്ചത്.. അത് കൊണ്ടാണ് അവസാന ഭാഗത്ത്‌ രമ, "അഹങ്കരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ" എന്ന് ചോദിക്കുന്നത്...
പിന്നെ ഋതുവിലെ കമന്റ്സ് കണ്ടപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് പറയാന്‍ കഥയ്ക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തോന്നി.
ഒപ്പം ഒരു കഥ പലര് വായിക്കുമ്പോള്‍ അതിനു പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു എന്ന വസ്തുത സന്തോഷം തരുകയും ചെയ്തു..

കഥയെക്കുറിച്ച് എനിക്ക് പുതിയ കാഴച്ചപ്പാടുകള്‍ തന്ന എല്ലാവര്ക്കും നന്ദി!!

ചിതല്‍/chithal said...

എനിക്കും ആദ്യം വേണുവിന്റെ പെരുമാറ്റം മനസ്സിലായില്ല. കമെന്റ് വായിച്ചപ്പോൾ ശരിയായി. അതുവരെ, വേണു ചൂടായതും വിറകുകൊള്ളി എടുത്തതും എന്തിനാ എന്നു്‌ മനസ്സിലായിരുന്നില്ല.
പക്ഷെ ഒരു സംശയം - മുക്കാൽ ഭാഗം കുടിച്ച പാൽ‍പ്പാത്രം തട്ടിമറിക്കുന്ന മിനുവിനെ സ്നേഹിക്കുന്ന വേണു പരിക്കുപറ്റിയ അവളെ സ്നേഹിക്കാതിരിക്കുമൊ?

Manoraj said...

ശാലിനീ,

എന്റെ വായന ഏതാണ്ടൊക്കെ ശരിയായിരുന്നു എന്നതില്‍ സന്തോഷം ഉണ്ട്. പക്ഷെ, പ്രസന്നമായ മുഖത്തോടാണ് വേണുവിന് ഇഷ്ടം എന്നത് ചിതലിന്റെ അഭിപ്രായം കൂടി വായിക്കുമ്പോള്‍ തെറ്റല്ലേ എന്നൊരു തോന്നല്‍. എന്തായാലും ശാലിനി ഇനിയും എഴുതുക. ഒരു കഥക്ക് പല ഡൈമന്‍ഷന്‍സ് വായനക്കാര്‍ കൊടുക്കുമ്പോഴാണ് കഥ കഥയാവുന്നതും കഥാകാരി വിജയിക്കുന്നതും. അത്തരത്തില്‍ ശാലു വിജയിച്ചു എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ.

ശാലിനി said...

ചിതല്‍, മനോ.. ഇത്ര ആത്മാര്‍ഥതയോടെ എന്റെ കഥ വായിക്കുന്നതിനു ഒരുപാടു നന്ദി..

ചിതലിന്റെ സംശയത്തിന്റെ മറുപടി കുറിക്കട്ടെ.. ഞാന്‍ വേണുവിനെ മനസ്സിലാക്കിയിരിക്കുന്നത് വച്ച്..
രമയെ ചൊടിപ്പിക്കാനാണ് മീനു പാല്‍ തട്ടി മറിക്കുന്നത്, മീനു ആ വിനോദത്തില്‍ സന്തോഷം കണ്ടെത്തുന്നു..
രമയെ ചൊടിപ്പിക്കുന്ന എന്തും വേണുവിനെ സന്തോഷിപ്പിക്കുന്നു....

ഒരു മനുഷ്യനെ പലര്‍ പല തരത്തിലാണെല്ലോ മനസ്സിലാക്കുന്നത്‌!!

മിസിരിയനിസാര്‍ said...

good

G.manu said...

good story

എന്‍.ബി.സുരേഷ് said...

ടി.പദ്മനാഭന്റെ കഥ ഓർമ്മയില്ലേ ശേഖൂട്ടി. മരണത്തെ മുഖാമുഖം കണ്ട് വേലിക്കരികിൽ കിടക്കുന്ന നായയെ.അവൾ വിചാരിക്കുന്നതും നന്ദികേടുകളെക്കുറിച്ചു തന്നെ.

എം.ടി. യുടെ ഷെർലക്ക് എന്ന കഥയിലെ പൂച്ചയും ഇതുപോലെ ഒരു പ്രതീകമാണ്.

ശാലിനി വളരെ മുൻപേ കയറി കഥയെ വിശദീകരിക്കേണ്ടിയിരുന്നില്ല. വ്യത്യസ്തവായനകൾ അതിനാൽ തന്നെ നഷ്ടമായി എന്ന് ഞാൻ കരുതുന്നു.

രമയോടുള്ള അവഗണന എന്ന ഒരു കാര്യം വായിച്ചെടുക്കാനായിരുന്നു എനിക്ക് താല്പര്യം. എല്ലാ പുരുഷന്മാരുടെയും തന്ത്രമാണത്. ഒരിക്കൽ പ്രിയമായിരുന്നതിന്റെ മുന്നിൽ മറ്റൊന്നിനോട് അടുപ്പം കാണിക്കുക.

അല്ലങ്കിൽ തരാതരത്തിൽ ഓരോന്നിനെയും വലിച്ചെറിയുക. കാരൂരിന്റെ പൂവമ്പഴം എന്ന കഥയിലെ പോലെ ഒരു മറുവായന കൂടി സാധ്യമായിരുന്നു. മീനു എന്ന പൂച്ച വേണുവിന്റെ മറ്റൊരു ബന്ധത്തിന്റെ ചിഹ്നമായി വായിക്കാൻ കഴിയുമായിരുന്നു.
എന്തായാലും കഥ നന്നായി.

നൊസ്റ്റാള്‍ജിയ said...

സുഹൃത്തെ ,
ഈ കഥയും. കമന്റ്സും ഞാന്‍ വായിച്ചു..
ഇതിനു ഒരു കമന്റ് എഴുതാന്‍ മാത്രം ഉള്ള വളര്‍ച്ച എനിക്കുണ്ടോ എന്നറിയില്ല.. എങ്കിലും മനസ്സില്‍ തോന്നിയാ ഒന്ന് ചോദിക്കട്ടെ..?

ഇവിടെ പ്രതീകമാകുന്നത് പൂച്ചയോ അതോ വേണുവോ..?

sivanandg said...

ശാലിനി,
കഥയും കഥയേക്കാ‍ള്‍ വല്യ കഥ-കമന്റുകളും വായിച്ചു. തീര്‍ച്ചയായും ഇപ്പോള്‍ പൂര്‍ണ്ണതയായ്.ഇനി എഴുതുമ്പോള്‍ കമന്റുകള്‍ക്കു മുമ്പേ വ്യക്തമാക്കുമല്ലോ (കഥയില്‍) എന്താ പറയാന്‍ വന്നതെന്ന്.ഒരു വ്യത്യസ്ത വയനാനുഭവം പകര്‍ന്നതിനു നന്ദി.

ശാലിനി said...

കഥ വായിച്ചു അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.. തുടര്‍ന്നും ഇതിലേ വരിക :)

SULFI said...

ശാലിനീ. കഥ വായിച്ചു.
ഇതില്‍ എന്നെ അത്ഭുദപ്പെടുത്തിയത് രമയുടെ പെരുമാറ്റമാണ്.
ഇഷ്ട്ടമല്ലാതിരുന്നിട്ടും കൂടി ഒടുവില്‍ പാത്തും പതുങ്ങിയും വന്നു പാല്‍ കൊടുത്തത്?
ഉളിന്‍റെ ഉള്ളില്‍ അവളും മീനുവിനെ ഇഷ്ട്ടപ്പെട്ടിരുന്നു എന്നല്ലേ.
മനസിന്‍റെ ഇഷ്ടവും അനിഷ്ടവും, രണ്ടും പറഞ്ഞു ഈ കഥ.
ഭാവുകങ്ങള്‍.

മഹേഷ്‌ വിജയന്‍ said...

ശാലിനി, ഈ കഥയില്‍ ഞാന്‍ കണ്ടത് വേണുവിന്റെ പൊയ് മുഖമാണ്...
പുറമേ എത്ര ദേക്ഷ്യപ്പെട്ടാലും അകമേ നല്ലൊരു ഹൃദയമുള്ള രമയും ഞാന്‍ കണ്ടു...
ഒരത്യാവശ്യ ഘട്ടത്തില്‍ പലപ്പോഴും നമ്മെ സഹായിക്കാന്‍ എത്തുന്ന കരങ്ങള്‍ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നവരുടെതാവില്ല, പകരം ഒരിക്കലും നിനച്ചിരിക്കാതെ എത്തുന്ന മറ്റു ചില ഹസ്തങ്ങള്‍..
മീനുവിനോട് ആര്കായിരുന്നു യഥാര്‍ത്ഥ സ്നേഹം എന്ന ഒരു ചോദ്യത്തിനുത്തരവും കഥാകാരി ഈ കഥയിലൂടെ തേടുന്നില്ലേ എന്നാണു എനിക്ക് തോന്നുന്നത്?

പിന്നെ, ഒരു 'രവി' രണ്ടു തവണ കഥയില്‍ വന്നു കണ്ടു...
"രവിയെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു പോകുകയും ചെയ്യും"
"പിന്നെ അത്താഴം വിളമ്പി എന്ന അശരീരി അടുക്കളയില് നിന്നു മുഴങ്ങുന്ന വരെ രവി ടി വി യുടെ മുന്നിലായിരിക്കും"
ആരാണീ രവി? അതോ രമ എന്നത് തെറ്റിയതാണോ?
അഥവാ രവി തന്നെ ആണെങ്കില്‍, ആ കഥാപാത്രത്തിന് ഇവിടെ എന്താണ് പ്രസക്തി...?

പിന്നെ, പൂച്ചയുടെ കാഴ്ചപ്പാടില്‍ നിന്നും കഥ പറയാനുള്ള ഈ ശ്രമം തികച്ചും അഭിനന്ദനാര്‍ഹം ആണ്..
പക്ഷെ, എങ്കില്‍ കൂടി അത് പൂര്‍ണ്ണമായി വിജയിച്ചു എന്ന് ഞാന്‍ പറയില്ല. കാരണം പൂച്ചയുടെ മനസ്സിലെ ചിന്തകള്‍ പലതും വിട്ടു പോയില്ലേ എന്നൊരു സംശയം. എങ്കിലും ഇത് ഒരിക്കലും ഒരു കുറവായി കണക്കാക്കേണ്ടതില്ല.
അഭിനന്ദനങ്ങള്‍...ആശംസകള്‍..

N.B. സുരേഷ് പറഞ്ഞപോലെ, ചാടിക്കേറി കഥയെ വിശദീകരിക്കെണ്ടിയിരുന്നില്ല..
അങ്ങനെ ചെയ്തപ്പോള്‍ നഷ്ടം ശാലിനിക്ക് തന്നെ ആണ്..

ശാലിനി said...

പ്രിയപ്പെട്ട മഹേഷ്‌,

ഏറ്റവും സൂക്ഷ്മമായി ഈ കഥ വായിച്ചത് താങ്കളാണെന്ന് തോന്നുന്നു..
രവി എന്നത് വേറൊരു കഥാപാത്രമല്ല മാഷേ, എന്റെ ശ്രദ്ധ ഇല്ലായ്മ വരുത്തിയ ഒരു തെറ്റാണു.. ഞാന്‍ വേണു എന്നാണ് ഉദ്ദേശിച്ചത്..
എന്തായാലും ഈ വലിയ തെറ്റ് തിരുത്തിയിട്ടുണ്ട്... കണ്ടു പിടിച്ചതിനു നൂറു നന്ദി...
ഈ തെറ്റ് വരാന്‍ കാര്യമെന്തായിരിക്കാം എന്നാലോചിച്ചു.. കഥ എഴുതാന്‍ തുടങ്ങിയപ്പോ ഞാന്‍ നായകന് ആദ്യം രവി എന്നാണ് പേര് വിചാരിച്ചത്.. പക്ഷെ രമ
എന്ന പേര് കഥയില്‍ വന്നത് കൊണ്ട് ചിലപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകും എന്ന് കരുതി അത് മാറ്റി വേണു ആക്കി...
ഇതെന്റെ തെറ്റിനെ ന്യായീകരിക്കുന്നില്ല ട്ടോ.. തെറ്റ് തെറ്റ് തന്നെ...തിരുത്തിയിട്ടുണ്ട്

ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം ...

നന്ദി...

താന്തോന്നി/Thanthonni said...

കൊള്ളാം.

Pranavam Ravikumar a.k.a. Kochuravi said...

അവതരണം കൊള്ളാം.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിത സായഹ്നത്തിലെ ഒറ്റപ്പെടല്‍..അത്‌.. വേദന തന്നെയാണ്‌.

ഹൃദയം നിറഞ്ഞ ആശംസകള്‍!!!