Wednesday, December 15, 2010

പുഴമീൻ

“കൊറച്ച്‌ മീൻ വറത്തെങ്കിൽ...”

അടുക്കള വാതിലിൽ ചാരി, പ്രാഞ്ചി നിന്ന വൃദ്ധൻ ആരോടെന്നില്ലാതെ പറഞ്ഞു. മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ ഉടനെത്തന്നെ ഉമ്മറത്തെ കൊട്ടക്കസേരയിലേയ്ക്കു മടങ്ങുകയും ചെയ്തു. അയാൾക്കു വലിയ ജാള്യത തോന്നി. കൊതി അടക്കാൻ വയ്യാഞ്ഞിട്ടാണ്‌.ശിവൻ രാവിലെ പുഴമീനും കൊണ്ടു വരുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ്‌. വലിയ കൊതി!സുധയൊരു മൂശാട്ടയാണെന്നറിയാഞ്ഞിട്ടല്ല, പക്ഷേ വറുത്ത പുഴമീനും കൂട്ടി ചോറുണ്ടിട്ട്‌ കാലമെത്രയായി?

വൃദ്ധൻ ക്ഷീണിതനായിരുന്നു. വയസ്സ്‌ എഴുപതു കഴിഞ്ഞു. എങ്കിലും എൺപതിന്റെ അനാരോഗ്യം.“വാതം,പിത്തം,കഫം” ഇങ്ങനെ ആയുർവേദ മരുന്നു കടയുടെ ബോർഡിൽ കാണാവുന്ന സകല ദൂഷ്യങ്ങളും ഉണ്ട്‌.മകനും ഭാര്യയ്ക്കും ഒപ്പം തറവാട്ടു വീട്ടിൽ താമസം.ഭാര്യ മരിച്ചിട്ട്‌ അനേകം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മരുമകളുമായി നല്ല രസത്തിലല്ല. എങ്കിലും കുറച്ചു മീൻ വറുത്തു കൂട്ടാൻ ആശ തോന്നിപ്പോയി. എന്തു ചെയ്യും?

അവള്‌, സുധ മീൻ വറക്കുവൊ? എന്നും കുന്നും കഷ്ണം പൊടിഞ്ഞു കിടക്കുന്ന അതേ മുളകു ചാറു തന്നെ!കഴിച്ചാ വയറ്റിനകത്ത് അപ്പൊത്തുടങ്ങും ഒരെരിച്ചില്‌!മാധവി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ....ചിന്തകൾ വൃദ്ധനെ അസ്വസ്ഥനാക്കി.

കുളി കഴിഞ്ഞ് ഉമ്മറത്തിരുന്നു ബീഡി വലിക്കുന്ന ശിവനോടയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

“പൊഴമീൻ കൊറച്ചു വറത്തു തിന്നാനൊരു കൊതി...”
ശിവനൊന്ന് അമർത്തി മൂളൂക മാത്രം ചെയ്തു.

സമയം പതിനൊന്നരയോടടുക്കുന്നു...

വൃദ്ധന്റെ ചിന്തകൾ കുറേയങ്ങു പുറകിലേയ്ക്കു പോയി.
പണ്ട് പുഴയിൽ വെള്ളം പൊങ്ങിയാൽ ചൂണ്ടയിടലിന്റെ കാലമായി.പുഴയിൽ നുരച്ചു പൊങ്ങുന്ന മീൻ കൂട്ടം.കറിവേപ്പിലയും കുരുമുളകും അരച്ചു പുരട്ടിയ ആ മീൻ സമൃദ്ധമായ വെളിച്ചെണ്ണയിൽ കിടന്നങ്ങനെ മൊരിയും.കൊതി പിടിപ്പിക്കുന്ന മണം അടുക്കളയിൽ നിന്നുയരും. മീൻ വറുക്കാൻ മാധവിയെ കഴിഞ്ഞേ ആളുള്ളൂ..എന്തായിരുന്നു ആ മീൻ, എന്തൊരു പെണ്ണായിരുന്നു മാധവി!

അടുക്കളയിൽ നിന്നു മണം വല്ലതും വരുന്നുണ്ടോ? വെളിച്ചെണ്ണയിൽ മൊരിയുന്ന മീനിന്റെ സുഗന്ധം? ഇല്ല! കരിഞ്ഞ മുളകു പൊടിയുടെ രൂക്ഷമായ ഗന്ധം മാത്രം.അടുക്കള വരെ ഒന്നു പോയി നോക്കാനുള്ള ആഗ്രഹം വൃദ്ധൻ പണിപ്പെട്ടടക്കി.

“കൊറച്ചു മീൻ വറത്തെങ്കിൽ...” അയാൾ പ്രതീക്ഷയോടെ ശിവനോടു പറഞ്ഞു. വൃദ്ധനെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ മുറ്റത്തേക്കിറങ്ങി നടന്നു.

സമയം പന്ത്രണ്ടരയാകുന്നു...

ചോറൂണു സാധാരണ ഒരു മണിക്കാണ്‌.ഇന്നിപ്പോൾ കുറച്ചു നേരത്തെ ആയാലും തരക്കേടില്ലെന്ന്‌ അയാൾക്കു തോന്നി.സുധ വിളിക്കണമല്ലോ.അയാൾ ജാഗ്രതയോടെ ഇരുന്നു. വിളിച്ചിട്ട് കേൾക്കാതിരിക്കരുത്.

ഒരു മണി!!

സുധ ഉണ്ണാൻ വിളിക്കുന്നു.അയാൾ സാവധാനം എഴുന്നേറ്റു.മിടിക്കുന്ന ഹൃദയത്തെ വലം കൈ കൊണ്ടു തടവി അയാൾ നടന്നു.

----------------------
നിറ കണ്ണുകളോടെ കടുത്ത ചുവപ്പു നിറമുള്ള മീൻ കറിയിൽ കഷ്ണത്തിനായി പരതവേ, ഒരു പിഞ്ഞാണം ഊക്കോടെ മേശയിൽ കൊണ്ട് വച്ച് സുധ പറഞ്ഞു.

“ശിവേട്ടൻ മേടിച്ചു കൊണ്ടുവരുന്നത് ആകെ കാൽ കിലോയാ, ഇന്നതെടുത്തു വറക്കുകെം ചെയ്തു.പിന്നെ കറിയിലെന്തുണ്ടായിട്ടാ അഛനീ പരതണെ?”

അയാളുടെ ഹൃദയമിടിപ്പു സാവധാനത്തിലായി, പക്ഷേ അയാൾക്കു വെറുതെ കരയണമെന്നു തോന്നി.

25 comments:

Manoraj said...

വാര്‍ദ്ധക്യത്തിന്റെ ദൈന്യതയാര്‍ന്ന മുഖം ആ ചുവപ്പു നിറമുള്ള കറിയില്‍ കണ്ടു. അതില്‍ വൃദ്ധന്‍ പരതിയത് കഷണത്തിനായിട്ടാവില്ല ശാലു. മറിച്ച് അയാളുടെ നഷ്ടപ്പെട്ട് പോയ ഓജസ്സാവും. അയാള്‍ക്ക് അന്യമായ സ്നേഹമാവും. മുന്‍പില്‍ സുധ ഊക്കോടെ കൊണ്ട് വെച്ച പാത്രത്തില്‍ ഇരിക്കുന്ന വറുത്ത മീനില്‍ ഒളിഞ്ഞിരിക്കുന്ന പുച്ഛത്തിന്റെയും അധികാരത്തിന്റെയും കരിഞ്ഞ പാടു കണ്ടിട്ടാവും അയാള്‍ കരഞ്ഞത്. ഒരു മീനിലൂടെ ഒത്തിരി കാര്യങ്ങള്‍ ശാലു പറഞ്ഞു. എനിക്ക് ഇഷ്ടമായി ഈ കഥ..

പട്ടേപ്പാടം റാംജി said...

ഒരു കൊച്ചു കഥയിലൂടെ ഒര്പാട് വേദനിക്കുന്ന ഓര്‍മ്മകളുടെ തീപ്പൊരികള്‍ സ്പുരിച്ചു. വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകള്‍ ഒതുക്കിപ്പറഞ്ഞ സൌന്ദര്യമുള്ള കഥ.
ഇഷ്ടപ്പെട്ടു.

ചിതല്‍/chithal said...

കൊച്ചുകഥ ഇഷ്ടപ്പെട്ടു ട്ടൊ. ഒരു വറുത്ത മീന്‍ കിട്ടിയെങ്കില്‍ എന്നു് ഞാനും ആശിക്കാറുണ്ട്‌. അത്‌ പക്ഷെ, വീട്ടില്‍ എല്ലാവരും (ഞാനൊഴികെ) സസ്യഭുക്കുകളായതുകൊണ്ടാണു്!

abith francis said...

ഒരു കുഞ്ഞു പോസ്റ്റ്‌...ഏറ്റവും ആത്മാര്തമായിട്ടു പറഞ്ഞാല്‍ എനിക്ക് ഇത് വായിച്ചപ്പോള്‍ കരച്ചില്‍ വന്നു..വെറുതെ നുണ പറയുന്നതല്ലാട്ടോ..ആ വറുത്ത മീന്‍ കിട്ടാതിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി...

Ranjith Chemmad / ചെമ്മാടന്‍ said...

കൊള്ളാം...

ശാലിനി said...

മനോ: ഈ കഥയും വിശദമായി വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി :)
റാംജി സാര്‍: അഭിപ്രായത്തിനു വളരെ നന്ദി, എന്റെ എല്ലാ കഥകള്‍ക്കും താങ്കള്‍ നല്‍കുന്ന പ്രോത്സാഹനത്തിനും :)
ചിതല്‍ : നന്ദി , മീന്‍ വറുത്തത്‌ ആഗ്രഹിക്കുമ്പോഴൊക്കെ കിട്ടട്ടെ എന്നാശംസിക്കുന്നു :)
അഭിത് : കരയുകയല്ല, ചിന്തിക്കുകയാണ് വേണ്ടത്..അല്ലെ? :) നന്ദി...
രഞ്ജിത്ത് : നന്ദി (എന്നെ ഫോളോ ചെയതതിനും കൂടിയാണെ ;))

abith francis said...

@ശാലിനി
ചിന്താശേഷി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിനു ചിന്തിക്കുന്നവരെക്കാള്‍ അനുസരിക്കുന്നവരെയാണ് ആവശ്യം....
ബ്ലോഗില്‍ വന്നിട്ട് ഒരു കമെന്‍റ് പോലും പറയാതെ പോന്നു അല്ലെ???

ശാലിനി said...

@അഭീത്
ഞാന്‍ ബ്ലോഗില്‍ വന്നതെങ്ങനെ കണ്ടു പിടിച്ചു? :D
പിണങ്ങല്ലേ അഭീതെ, ഓരോരോ തിരക്കുകള്‍.. ഇന്നലെ ഒരു lay off ല്‍ നിന്ന് രക്ഷപ്പെട്ടതെ ഉള്ളു.
ഇനി വേണം ടെന്‍ഷന്‍ ഇല്ലാതെ എല്ലാ ബ്ലോഗും ഓഫീസില്‍ ഇരുന്നു വായിച്ചു കമന്റ്‌ ഇടാന്‍!!

abith francis said...

ബ്ലോഗില്‍ വന്നിട്ട് ഫോളോ ചെയ്തു പോയാല്‍ പിന്നെ ഞാന്‍ എങ്ങനാ കണ്ടുപിടിക്കാതിരികുന്നെ???സമയം കിട്ടുമ്പോള്‍ വന്നു കുറച്ച് കുറ്റം പറയണേ...

നിരക്ഷരൻ said...

വെറും ഒരു വറുത്ത മീൻ കഥയ്ക്ക് അപ്പുറം പലതും പറഞ്ഞിരിക്കുന്നു. കഥ എഴുതുന്നതിന്റെ രീതികൾ അറിയാത്ത ഒരാളായതുകൊണ്ട് ഇതുപോലെ ചിലത് കാണുമ്പോൾ കണ്ടുപഠിക്ക് എന്ന് സ്വയം പറയാറുണ്ട്.

ഹാക്കര്‍ said...

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

ശാലിനി said...

@നിരക്ഷരൻ - താങ്കളുടെ ഒരു ആരാധികയാണ് ഞാന്‍. എനിക്ക് ലോകത്തില്‍ ഏറ്റവും അസൂയ തോന്നിയിരിക്കുന്നത് നിരക്ഷരന്റെ യാത്രകലോടാനു... ആ അനുഭവങ്ങളുടെ ശക്തിയോടാണ്...
ഈ കമന്റ്‌ നു എങ്ങനെ നന്ദി പറയണം എന്നറിയില്ല... you made my day !!! നന്ദി!!

@hacker നന്ദി... ഇനിയും ഇതിലെ വരിക...

SULFI said...

നിരക്ഷരന്‍ പറഞ്ഞ പോലെ, കഥ എഴുത്തിന്‍റെ അസൂയാവാഹമായ ഒരു ശൈലി ഉണ്ട് ഈ കഥയില്‍.
വാര്‍ധക്യത്തില്‍ മക്കളെ അഭയം പ്രാപിക്കേണ്ടി വന്ന ആളുടെ ദയനീയത, ആകുലതകള്‍, ഇഷ്ടങ്ങള്‍. സങ്കടങ്ങള്‍. ഭംഗീയായി പറഞ്ഞു.

ശാലിനി said...

നന്ദി SULFI , ഈ നല്ല വാക്കുകള്‍ തുടര്‍ന്നും എഴുതാന്‍ എനിക്ക് ശക്തി നല്‍കും.

നഷ്ട്ടപ്പെട്ടു പോയി എന്ന് ഞാന്‍ കരുതിയിരുന്നതാണ് എന്റെ എഴുത്ത്... 12th ക്ലാസിനു ശേഷം ഒരു വലിയ വിടവ് ‌ വന്നു എഴുത്തില്‍...
എല്ലാവരുടെയും ഈ പിന്തുണ കാണുമ്പോള്‍ ഇനിയും ഒരുപാടു എഴുതാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തോന്നുന്നു...
എല്ലാവര്ക്കും നന്ദി...

sivanandg said...

ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം ‘മറവി’ എന്ന കറുത്ത കയം, ഏറ്റവും വല്യ നഷ്ടവും.


പക്ഷെ ഒരിക്കലും നഷ്ടപ്പെടാത്തതാണ് വാ‍സന... അതു വേണ്ടുവോളം ഉള്ളപ്പോള്‍ താങ്കളില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

Anonymous said...

ചില സ്ത്രീകള്‍ ഇങ്ങിനെയാണ്...നല്ല കഥ ...പറഞ്ഞ രീതിയും കൊള്ളാം..

Anonymous said...

ചില സ്ത്രീകള്‍ ഇങ്ങിനെയാണ്...നല്ല കഥ ...പറഞ്ഞ രീതിയും കൊള്ളാം..

Anonymous said...
This comment has been removed by a blog administrator.
മഹേഷ്‌ വിജയന്‍ said...

ശാലിനി നല്ല ഒരു കഥ..
എഴുതിയ രീതി ഇഷ്ടപ്പെട്ടു..നല്ല ഒഴുക്കും ഉണ്ട്..
വൃദ്ധന്റെ ചിന്തകള്‍ കറക്ടായി പ്രേക്ഷകരിലെക്കെതിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു..

ചില ചെറിയ നിര്‍ദ്ദേശങ്ങള്‍, ചിലപ്പോള്‍ അവ എന്റെ തോന്നലുമാകാം..
"എന്നും കുന്നും കഷ്ണം പൊടിഞ്ഞു കിടക്കുന്ന അതേ മുളകു ചാറു തന്നെ!"
എന്താണീ "എന്നും കുന്നും" ? സ്ലാന്ഗ് ആണോ?

"മിടിക്കുന്ന ഹൃദയത്തെ വലം കൈ കൊണ്ടു തടവി അയാൾ നടന്നു."
ഹൃദയത്തെ കൈകൊണ്ടു തൊടാനാകുമോ ? :-)

"അയാളുടെ ഹൃദയമിടിപ്പു സാവധാനത്തിലായി, പക്ഷേ അയാൾക്കു വെറുതെ കരയണമെന്നു തോന്നി. "
ഇവിടെ ഒരു പക്ഷെ-യുടെ ആവശ്യമുണ്ടോ?

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക..
പിന്നെ, ഇത് പോലെ മറ്റൊരു വൃദ്ധന്റെ കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> വൃദ്ധന്‍, ഭ്രാന്തന്‍ .

എഴുത്ത് തുടരുക , അഭിനന്ദനങ്ങള്‍ , ആശംസകള്‍

ശാലിനി said...

മഹേഷ്‌,
വിശദമായ വായനയ്ക്ക് നന്ദി..
എന്നും കുന്നും എന്നത് സ്ലാന്ഗ് ആണ്..
ഹൃദയത്തെ തൊടാനാകും എന്നാണ് എന്റെ അനുഭവം... ജീവിതം പഠിപ്പിച്ച പാഠം.. biology ല്‍ ഇല്ലാത്തതു :)
ആഗ്രഹിച്ചത്‌ കിട്ടിയിട്ടും കരയാന്‍ തോന്നിയതിനാണ് ആ "പക്ഷെ"
അക്ഷരതെറ്റുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം :)

ഇനിയും ഇതിലെ വരുക..

ശ്രീനാഥന്‍ said...

വറുത്ത മീൻ കഷ്ണത്തിലൂടെ ശാലിനി വൃദ്ധജീവിതത്തിന്റെ വേദനകൾ നന്നായി പറഞ്ഞു!

ഒരില വെറുതെ said...

പുഴമീന്‍ ചാട്ടം.

മനു കുന്നത്ത് said...

നന്നായി.

ഉപാസന || Upasana said...

നന്നായി എഴുതി ശാലിനി
:-)
ഉപാസന

ബെഞ്ചാലി said...

നന്നായി എഴുതി. അഭിനന്ദങ്ങൾ :)