Saturday, March 19, 2011

ലോല- പത്മരാജന്‍ പറഞ്ഞൊരു (നഷ്ട)പ്രണയ കഥ.

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.. നമ്മോടു യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തില്‍ നിന്നിറങ്ങി പോകും.പത്മരാജന്റെ 'ലോല' അത്തരം ഒരു പ്രണയത്തിന്റെ കഥയാണ്. പ്രണയവും, പ്രണയപരാജയവുമെല്ലാം മലയാള കഥകളില്‍ പലതവണ വിഷയമായതാണ്.അതില്‍ നിന്നെല്ലാം ലോലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിലെ ജീവസുറ്റ കഥാപാത്രങ്ങളാണ്."ലോല മില്ഫോര്ഡ്" എന്ന അമേരിക്കന്‍ പെണ്‍കുട്ടിയും, ഇന്ത്യക്കാരനായ അവളുടെ കാമുകനും.വിദേശത്ത് പഠിക്കാന്‍ എത്തിയ കഥാനായകന്‍ തന്റെ സഹപാഠിയായ ലോലയെ പ്രണയിക്കുന്നു.

കാമുകന്റെ ഓര്‍മ്മക്കുറിപ്പായാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് കഥാനായകന്‍ തന്റെ പ്രണയത്തെ ഓര്‍ത്തെടുക്കുകയാണ്.re -evaluate ചെയ്യുകയാണ്. ആ വിചിന്തനത്തില്‍ അയാള്‍ ലോലയുടെ പ്രണയത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു.

"ലജ്ജാശീലയായ അമേരിക്കക്കാരി"- വര്‍ഷങ്ങള്‍ക്കു മുന്‍പ്,ലോലയെ ആദ്യമായി കാണുമ്പോള്‍ നായകന് ഉണ്ടാകുന്ന impression ഇതാണ്. അയാളെ അവളിലെയ്ക്കടുപ്പിച്ചതും അത് തന്നെ.പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളെക്കുറിച്ച്‌ അയാള്‍ക്കുണ്ടായിരുന്ന ധാരണകളെ ലോല തകര്‍ത്തു. തന്റെ നാട്ടിന്‍പുറത്തു കണ്ടു മുട്ടുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സാണ് ലോലയ്ക്ക് എന്നയാള്‍ തിരിച്ചറിഞ്ഞു.കാമുകന്റെ പ്രശംസ കേട്ട് കവിള്‍ ചുവക്കുന്ന, സന്തോഷം വരുമ്പോള്‍ കണ്ണ് നിറയുന്ന ലോല.കുടുംബ ബന്ധങ്ങളെ അവള്‍ മാനിച്ചിരുന്നു. അത് കൊണ്ടാകാം തന്റെ അച്ഛന്‍ ചൂത് കളിച്ചു നശിച്ച 'ലാ വെഗാസിനെ' അവള്‍ വെറുത്തുതു.നായകന്‍ തന്റെ കുടുംബ പ്രാരബ്ധങ്ങളെ കുറിച്ച് പറയുമ്പോള്‍, അത് മനസ്സിലാക്കാന്‍ ലോലയ്ക്ക് കഴിയുന്നു.വേദനയോടെ ആണെങ്കിലും അവള്‍ തന്റെ പ്രണയം ത്യജിക്കാന്‍ തയ്യാറാകുന്നു. പക്ഷെ,കാമുകന്‍ തന്നെ അവന്റെ ജീവിതത്തിലേയ്ക്ക് വിളിക്കുമെന്ന്, പിരിയുന്ന നിമിഷങ്ങളില്‍ പോലും ലോല പ്രതീക്ഷിക്കുന്നുണ്ട്.അത് അവള്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ലോലയുടെ കാമുകന്‍ എന്ത് കൊണ്ടതിനു തയ്യാറായില്ല?

അയാള്‍ ഭാഷയുടെയും,വംശത്തിന്റെയും,ദേശത്തിന്റെയും മതില്ക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.ലോലയോടുള്ള അയാളുടെ പ്രണയം ഇതിനെയെല്ലാം അതിജീവിക്കാന്‍ പോന്നതായിരുന്നില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ നാടിന്റെ ദാരിദ്ര്യം ലോലയെ തളര്‍ത്തുമെന്നും, അവള്‍ക്കു അത്തരമൊരു ചുറ്റുപാടില്‍ ജീവിക്കാനാവില്ലെന്നും അയാള്‍ വിശ്വസിച്ചു. ഒരിക്കല്‍ പോലും, ലോലയെ തന്റെ ജീവിതത്തിലേയ്ക്ക്, ദാരിദ്ര്യത്തിലേയ്ക്ക്, ഒന്ന് ക്ഷണിച്ചു നോക്കാന്‍ പോലും അയാള്‍ ധൈര്യപ്പെടുന്നില്ല.

ചിന്തിച്ചു നോക്കിയാല്‍ വെറുമൊരു പ്രണയകഥ മാത്രമാണോ ലോല? മനുഷ്യനെ വേര്‍തിരിക്കുന്ന മതില്‍ കെട്ടുകള്‍, അവയെ ഭേദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന മനുഷ്യര്‍... താഴെ പറയുന്ന വരികള്‍, ഈ മതില്ക്കെട്ടുകലോടെല്ലാം ലോല നടത്തുന്ന പരസ്യമായ യുദ്ധപ്രഖ്യാപനം അല്ലെ?

"എന്റെ അലസത അവളെ ദേഷ്യം പിടിപ്പിച്ചു. അവള്‍ രണ്ടു രാജ്യങ്ങളെയും ചീത്ത പറഞ്ഞു. ഇന്ത്യന്‍ പൌരത്വവും അമേരിക്കന്‍ പൌരത്വവും,ഇന്ത്യയും അമേരിക്കയും.ക്രിസ്ത്യാനിയും ഹിന്ദുവും,ഹിന്ദു മതവും ക്രിസ്തു മതവും. അവള്‍ ഒരു ഭ്രാന്തിയെപ്പോലെയായി കുറെ നേരത്തേയ്ക്ക്."

പ്രണയം ഇവയ്ക്കെല്ലാം മുകളിലാണെന്നു ലോല വിശ്വസിച്ചു. പക്ഷെ അവളുടെ കാമുകന്‍ മറിച്ചാണ് ചിന്തിച്ചത്. തന്റെ അന്നത്തെ നിലപാടിനെ പറ്റി അയാള്‍ ഓര്‍ക്കുന്നതിങ്ങനെ":
"ഒരു പെണ്ണിനുവേണ്ടി മതം മാറുന്നത് അടിമത്തത്തിനു വഴിവെയ്ക്കുകയാവും എന്ന വിഡ്ഢിത്തം അന്നെന്നിക്ക് തോന്നിയിരുന്നു."
തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു "വിഡ്ഢിത്തം" ആണെന്നാണ് അയാള്‍ക്ക്‌ തോന്നുന്നത്. അമൂല്യമായ ഒരു പ്രണയം, കാലം അപ്രസക്തമെന്നു തെളിയിക്കുന്ന മറ്റുള്ളവയ്ക്ക് വേണ്ടി വലിച്ചെറിയുന്നത് വിഡ്ഢിത്തം ആണെന്ന് ജീവിതം അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തിരിക്കാം. ലോലയുടെ പ്രണയം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ എന്നയാള്‍ ആഗ്രഹിക്കുന്നുണ്ടാകാം.

അയാള്‍ക്ക്‌ വിദേശത്ത് നിന്ന് തിരിച്ചു പോരാനുള്ള സമയം അടുക്കുന്തോറും ലോല കൂടുതല്‍ പരിഭ്രാന്തയായി. ഒളിഞ്ഞും തെളിഞ്ഞും ഒരുപാടു പ്രാവശ്യം "തന്നെയും കൂടെകൂട്ടിക്കൂടെ?" എന്നവള്‍ അയാളോട് ചോദിക്കുന്നുണ്ട്. പക്ഷെ അയാള്‍ക്കതിനു കഴിയുന്നില്ല. ഒടുവില്‍ ലോലയ്ക്ക് മുന്നില്‍ "ഇനിയെന്ത്" എന്ന ചോദ്യമെറിഞ്ഞു ആത്മഹത്യയിലേയ്ക്കോ,ലഹരിയിലേയ്ക്കോ വഴിതെറ്റി പോകാമെന്ന അവസ്ഥയില്‍ അവളെ വിട്ടു, നിസംഗതയോടെ, ഒരു അന്ത്യമൊഴി മാത്രം ബാക്കി വച്ച് അയാള്‍ ഇറങ്ങിപ്പോകുകയാണ്. ആ പ്രണയത്തില്‍ നിന്ന്, അവളുടെ ജീവിതത്തില്‍ നിന്ന്.
"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും,ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക."

മലയാള സാഹിത്യം കണ്ട തീക്ഷ്ണതയേറിയ ഒരു യാത്രാമൊഴി!