Saturday, March 19, 2011

ലോല- പത്മരാജന്‍ പറഞ്ഞൊരു (നഷ്ട)പ്രണയ കഥ.

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.. നമ്മോടു യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തില്‍ നിന്നിറങ്ങി പോകും.പത്മരാജന്റെ 'ലോല' അത്തരം ഒരു പ്രണയത്തിന്റെ കഥയാണ്. പ്രണയവും, പ്രണയപരാജയവുമെല്ലാം മലയാള കഥകളില്‍ പലതവണ വിഷയമായതാണ്.അതില്‍ നിന്നെല്ലാം ലോലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിലെ ജീവസുറ്റ കഥാപാത്രങ്ങളാണ്."ലോല മില്ഫോര്ഡ്" എന്ന അമേരിക്കന്‍ പെണ്‍കുട്ടിയും, ഇന്ത്യക്കാരനായ അവളുടെ കാമുകനും.വിദേശത്ത് പഠിക്കാന്‍ എത്തിയ കഥാനായകന്‍ തന്റെ സഹപാഠിയായ ലോലയെ പ്രണയിക്കുന്നു.

കാമുകന്റെ ഓര്‍മ്മക്കുറിപ്പായാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് കഥാനായകന്‍ തന്റെ പ്രണയത്തെ ഓര്‍ത്തെടുക്കുകയാണ്.re -evaluate ചെയ്യുകയാണ്. ആ വിചിന്തനത്തില്‍ അയാള്‍ ലോലയുടെ പ്രണയത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നു.

"ലജ്ജാശീലയായ അമേരിക്കക്കാരി"- വര്‍ഷങ്ങള്‍ക്കു മുന്‍പ്,ലോലയെ ആദ്യമായി കാണുമ്പോള്‍ നായകന് ഉണ്ടാകുന്ന impression ഇതാണ്. അയാളെ അവളിലെയ്ക്കടുപ്പിച്ചതും അത് തന്നെ.പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളെക്കുറിച്ച്‌ അയാള്‍ക്കുണ്ടായിരുന്ന ധാരണകളെ ലോല തകര്‍ത്തു. തന്റെ നാട്ടിന്‍പുറത്തു കണ്ടു മുട്ടുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സാണ് ലോലയ്ക്ക് എന്നയാള്‍ തിരിച്ചറിഞ്ഞു.കാമുകന്റെ പ്രശംസ കേട്ട് കവിള്‍ ചുവക്കുന്ന, സന്തോഷം വരുമ്പോള്‍ കണ്ണ് നിറയുന്ന ലോല.കുടുംബ ബന്ധങ്ങളെ അവള്‍ മാനിച്ചിരുന്നു. അത് കൊണ്ടാകാം തന്റെ അച്ഛന്‍ ചൂത് കളിച്ചു നശിച്ച 'ലാ വെഗാസിനെ' അവള്‍ വെറുത്തുതു.നായകന്‍ തന്റെ കുടുംബ പ്രാരബ്ധങ്ങളെ കുറിച്ച് പറയുമ്പോള്‍, അത് മനസ്സിലാക്കാന്‍ ലോലയ്ക്ക് കഴിയുന്നു.വേദനയോടെ ആണെങ്കിലും അവള്‍ തന്റെ പ്രണയം ത്യജിക്കാന്‍ തയ്യാറാകുന്നു. പക്ഷെ,കാമുകന്‍ തന്നെ അവന്റെ ജീവിതത്തിലേയ്ക്ക് വിളിക്കുമെന്ന്, പിരിയുന്ന നിമിഷങ്ങളില്‍ പോലും ലോല പ്രതീക്ഷിക്കുന്നുണ്ട്.അത് അവള്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ലോലയുടെ കാമുകന്‍ എന്ത് കൊണ്ടതിനു തയ്യാറായില്ല?

അയാള്‍ ഭാഷയുടെയും,വംശത്തിന്റെയും,ദേശത്തിന്റെയും മതില്ക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.ലോലയോടുള്ള അയാളുടെ പ്രണയം ഇതിനെയെല്ലാം അതിജീവിക്കാന്‍ പോന്നതായിരുന്നില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ നാടിന്റെ ദാരിദ്ര്യം ലോലയെ തളര്‍ത്തുമെന്നും, അവള്‍ക്കു അത്തരമൊരു ചുറ്റുപാടില്‍ ജീവിക്കാനാവില്ലെന്നും അയാള്‍ വിശ്വസിച്ചു. ഒരിക്കല്‍ പോലും, ലോലയെ തന്റെ ജീവിതത്തിലേയ്ക്ക്, ദാരിദ്ര്യത്തിലേയ്ക്ക്, ഒന്ന് ക്ഷണിച്ചു നോക്കാന്‍ പോലും അയാള്‍ ധൈര്യപ്പെടുന്നില്ല.

ചിന്തിച്ചു നോക്കിയാല്‍ വെറുമൊരു പ്രണയകഥ മാത്രമാണോ ലോല? മനുഷ്യനെ വേര്‍തിരിക്കുന്ന മതില്‍ കെട്ടുകള്‍, അവയെ ഭേദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന മനുഷ്യര്‍... താഴെ പറയുന്ന വരികള്‍, ഈ മതില്ക്കെട്ടുകലോടെല്ലാം ലോല നടത്തുന്ന പരസ്യമായ യുദ്ധപ്രഖ്യാപനം അല്ലെ?

"എന്റെ അലസത അവളെ ദേഷ്യം പിടിപ്പിച്ചു. അവള്‍ രണ്ടു രാജ്യങ്ങളെയും ചീത്ത പറഞ്ഞു. ഇന്ത്യന്‍ പൌരത്വവും അമേരിക്കന്‍ പൌരത്വവും,ഇന്ത്യയും അമേരിക്കയും.ക്രിസ്ത്യാനിയും ഹിന്ദുവും,ഹിന്ദു മതവും ക്രിസ്തു മതവും. അവള്‍ ഒരു ഭ്രാന്തിയെപ്പോലെയായി കുറെ നേരത്തേയ്ക്ക്."

പ്രണയം ഇവയ്ക്കെല്ലാം മുകളിലാണെന്നു ലോല വിശ്വസിച്ചു. പക്ഷെ അവളുടെ കാമുകന്‍ മറിച്ചാണ് ചിന്തിച്ചത്. തന്റെ അന്നത്തെ നിലപാടിനെ പറ്റി അയാള്‍ ഓര്‍ക്കുന്നതിങ്ങനെ":
"ഒരു പെണ്ണിനുവേണ്ടി മതം മാറുന്നത് അടിമത്തത്തിനു വഴിവെയ്ക്കുകയാവും എന്ന വിഡ്ഢിത്തം അന്നെന്നിക്ക് തോന്നിയിരുന്നു."
തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു "വിഡ്ഢിത്തം" ആണെന്നാണ് അയാള്‍ക്ക്‌ തോന്നുന്നത്. അമൂല്യമായ ഒരു പ്രണയം, കാലം അപ്രസക്തമെന്നു തെളിയിക്കുന്ന മറ്റുള്ളവയ്ക്ക് വേണ്ടി വലിച്ചെറിയുന്നത് വിഡ്ഢിത്തം ആണെന്ന് ജീവിതം അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തിരിക്കാം. ലോലയുടെ പ്രണയം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ എന്നയാള്‍ ആഗ്രഹിക്കുന്നുണ്ടാകാം.

അയാള്‍ക്ക്‌ വിദേശത്ത് നിന്ന് തിരിച്ചു പോരാനുള്ള സമയം അടുക്കുന്തോറും ലോല കൂടുതല്‍ പരിഭ്രാന്തയായി. ഒളിഞ്ഞും തെളിഞ്ഞും ഒരുപാടു പ്രാവശ്യം "തന്നെയും കൂടെകൂട്ടിക്കൂടെ?" എന്നവള്‍ അയാളോട് ചോദിക്കുന്നുണ്ട്. പക്ഷെ അയാള്‍ക്കതിനു കഴിയുന്നില്ല. ഒടുവില്‍ ലോലയ്ക്ക് മുന്നില്‍ "ഇനിയെന്ത്" എന്ന ചോദ്യമെറിഞ്ഞു ആത്മഹത്യയിലേയ്ക്കോ,ലഹരിയിലേയ്ക്കോ വഴിതെറ്റി പോകാമെന്ന അവസ്ഥയില്‍ അവളെ വിട്ടു, നിസംഗതയോടെ, ഒരു അന്ത്യമൊഴി മാത്രം ബാക്കി വച്ച് അയാള്‍ ഇറങ്ങിപ്പോകുകയാണ്. ആ പ്രണയത്തില്‍ നിന്ന്, അവളുടെ ജീവിതത്തില്‍ നിന്ന്.
"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും,ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക."

മലയാള സാഹിത്യം കണ്ട തീക്ഷ്ണതയേറിയ ഒരു യാത്രാമൊഴി!

34 comments:

ശാലിനി said...

പത്മരാജന്റെ പല കഥകളും എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. ഈ കഥയും മനസ്സിലായി എന്ന് എനിക്കുറപ്പില്ല.
പക്ഷെ, അനശ്വരനായ ആ കഥാകാരന്റെ സ്മരണയ്ക്ക് മുന്‍പില്‍ എനിക്ക് മനസ്സിലായത്‌ ഞാന്‍ സമര്‍പ്പിക്കുന്നു.

ശാലിനി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ഈ കഥ ഞാന്‍ വായിച്ചിട്ടില്ല. മറ്റുപല എഴുത്തുകാരില്‍ നിന്നും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ സമ്മാനിച്ച വലിയ എഴുത്തുകാരന്‍ തന്നെയാണ് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല.
ഈ കഥ വായിക്കാതെ ഒരഭിപ്രായം പറയുന്നത് ശരിയാകും എന്നും തോന്നുന്നില്ല.
ഒന്നെനിക്ക് തോന്നുന്നത് രണ്ടു രാജ്യങ്ങള്‍ എന്ന് പറയുമ്പോള്‍ രണ്ടു സംസ്ക്കാരം തന്നെ എന്ന് വരുന്നുണ്ട്. നമ്മുടെ സംസ്കാരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ മറുഭാഗം തയ്യാറായാലും അത് പലപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും എന്നാണു എന്റെ ചിന്ത.
പിന്നെ പ്രണയം മാത്രം ചിന്തിക്കുമ്പോള്‍ ശാലിനി പറഞ്ഞത്‌ പോലെ അമൂല്യമായ ഒരു പ്രണയം, കാലം അപ്രസക്തമെന്നു തെളിയിക്കുന്ന മറ്റുള്ളവയ്ക്ക് വേണ്ടി വലിച്ചെറിയുന്നത് വിഡ്ഢിത്തം ആണെന്ന് ജീവിതം അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തിരിക്കാം. സംഭവിക്കാം.

Manoraj said...

വായിച്ചിട്ടില്ല ശാലിനി.

മഹേഷ്‌ വിജയന്‍ said...

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ പപ്പേട്ടനാണ്.....
ലോല അതിമനോഹരമായ ഒരു കഥയാണ്...
പപ്പേട്ടന്റെ ക്ലാരക്ക് വേണ്ടി ഞാന്‍ തുടങ്ങിയ ഈ ബ്ലോഗ്‌ ഒന്ന് വായിച്ചു നോക്കൂ....
അപരാഹനം - ഇവിടെ ക്ലിക്ക് ചെയ്യുക

ചിതല്‍/chithal said...

ലോല വായിച്ചിട്ടുണ്ടു്. ഇഷ്ടമായ കഥയാണു്. പത്മരാജൻ നേരിട്ടു് കഥപറയുന്ന രീതിയാണു് അവലംബിച്ചതു്. അതുകൊണ്ടു് കഥ തുടങ്ങുന്നതും “പത്മരാജൻ” എന്ന പേരിനെ വിശകലനം ചെയ്തുകൊണ്ടാണു്.
കഥ വായിച്ചപ്പോൾ എഴുത്തുകാരൻ ഒരു ഭീരുവായിരുന്നു എന്നു തോന്നിയതു് സത്യം. ഈ ലേഖനം നന്നായി.
പത്മരാജൻ കഥകളിൽ ഞാൻ വായിച്ചവയിൽ എനിക്കിഷ്ടമായതു് കള്ളൻ പവിത്രനാണു്.

abith francis said...

ഞനും ഈ കഥ വായിച്ചിട്ടില്ല ശാലിനി...വായിചിട്ടില്ലാന്നു മാത്രമല്ല ആദ്യമായാ ഇങ്ങനെ ഒരു കഥയെ കുറിച് കേള്‍ക്കുന്നത് തന്നെ...തൂവാനതുമ്പികള്‍ മാത്രം കണ്ടു പത്മരാജന്‍ ഫാന്‍ ആയിപോയ ആളാ ഞാന്‍...എന്തായാലും എനിക്ക് കഥ അറിയില്ലെങ്കിലും ഈ റിവ്യൂ നന്നായിട്ടുണ്ട് ...

ശാലിനി said...

@രാംജി സര്‍ : ഈ കഥ കിട്ടിയാല്‍ വായിക്കുമല്ലോ! അഭിപ്രായത്തിനു നന്ദി.

@മനോ: സുന്ദരമായൊരു കഥയാണിത്. അതുകൊണ്ടാണ് എന്റെ ബ്ലോഗില്‍ ഇത് പരിചയപ്പെടുത്തണം എന്ന് വച്ചത്. കഥ വായിക്കാന്‍ ശ്രമിക്കണേ.

@മഹേഷ്‌ :ക്ലാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത താങ്കളുടെ ബ്ലോഗ്‌ ഞാന്‍ പണ്ടേ നോട്ട് ചെയ്തിട്ടുണ്ട്. പത്മരാജന്റെ പല കഥകളും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. :)

@ചിതല്‍ : കള്ളന്‍ പവിത്രന്‍ ഞാന്‍ വായിച്ചിട്ടില്ല. കിട്ടുമോ എന്ന് നോക്കണം.

@അഭിത്: പത്മരാജന്റെ കഥകള്‍ കിട്ടിയാല്‍ വായിക്കണം കേട്ടോ. എഴുതി തുടങ്ങുന്നവര്‍ക്ക് നല്ലൊരു "ടെക്സ്റ്റ്‌ ബുക്ക്‌" തന്നെയാണ് അദ്ദേഹത്തിന്റെ കഥകള്‍.

ഇന്നലെയാണ് ഞാന്‍ "തകര" സിനിമ കണ്ടത്. സത്യത്തില്‍ കഥ വായിച്ചപ്പോലുള്ള സുഖം സിനിമയില്‍ കിട്ടിയില്ല :(

മഹേഷ്‌ വിജയന്‍ said...

പദ്മരാജന്‍ സൃഷ്ടിച്ചെടുത്ത അതി മനോഹരമായ ഒരു ഭാവനാലോകമാണ് 'പ്രതിമയും രാജകുമാരിയും' എന്ന നോവല്‍. കൊച്ചു കുട്ടികള്‍ക്ക് വരെ മനസിലാകുന്ന രീതിയിലാണ് ഇതും 'കള്ളന്‍ പവിത്രനും' എഴുതിയിട്ടുള്ളത്. പദ്മരാജന്റെ ആദ്യ കഥയായ 'ചൂണ്ടല്‍' -ഉം അതിമനോഹരമായ ഒന്നാണ്...

തകര എന്ന കഥ സിനിമ ആക്കിയപ്പോള്‍ അത്രയ്ക്ക് സുഖം കിട്ടിയില്ല, എന്നത് നേര് തന്നെ. പക്ഷെ, ഈ കഥയുടെ തന്നെ, ഭരതന്‍ സംവിധാനം ചെയ്ത 'ആവാരംപൂ' എന്ന തമിഴ് പതിപ്പ് കണ്ടു നോക്കൂ..മനോഹരമാണ്എന്നാല്‍ ചില സിനിമകള്‍ അവയുടെ മൂലകഥയെക്കാള്‍ മികച്ചു നില്‍ക്കുന്നതും നമുക്ക് കാണാം..
'ഉദകപ്പോള' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്ര ആവിഷ്കാരമായ 'തൂവാനത്തുമ്പികള്‍' ഇതിനു ഒരു നല്ല ഉദാഹരണമാണ്..(നോവലിലും സിനിമയിലും കഥക്ക് ചെറിയ മാറ്റമുണ്ട്.)

'വാടകയ്ക്കൊരു ഹൃദയം', 'ഒരിടത്തൊരു ഫയല്‍വാന്‍ ', 'ഇതാ ഇവിടെ വരെ' തുടങ്ങിയ പച്ചയായ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന നോവലുകളും മനോഹരങ്ങളാണ്.. 'നക്ഷത്രങ്ങളെ കാവല്‍' എന്ന നോവാലാണ് ഞാന്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്, അത് കൊണ്ട് അഭിപ്രായം പറയാറായിട്ടില്ല.

പപ്പേട്ടനെ കുറിച്ച് എത്ര എഴുതിയാലും പറഞ്ഞാലും എനിക്ക് മതിയാവില്ല... ബട്ട്‌ തല്‍ക്കാലം വിട തരിക..

BYB, എന്റെ ബ്ലോഗിലെ 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' എന്ന കഥ ലോലയെ ഓര്‍മിപ്പിച്ചു എന്ന് പല കമന്റുകളും പറയുന്നു..അത് ഞാന്‍ വലിയ ഒരു അന്ഗീകാരമായി തന്നെ കരുതുന്നു... :-)

ശാലിനി said...

വിശദമായ ഒരു കമന്റിലൂടെ ഇത്രയും കൃതികളെ പരിചയപ്പെടുത്തിയതിനു നന്ദി മഹേഷ്‌.
മഹേഷ്‌ പറഞ്ഞത് ശരിയാണ്.. പത്മരാജനെ കുറിച്ച് എത്ര പറഞ്ഞാലും അധികം ആകില്ല.
പത്മരാജന്റെ പ്രതിഭ ഉള്ള ഒരുപാട് പേര്‍ മലയാളത്തില്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം :)

ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു said...

ഒരു തിരുവിതാം കൂറ് കാരന്‍,,,,,,,,,,,,,,,,,,അലഞ്ഞുതിരിഞ്ഞു വന്നു കയറിയതാ,,,,,,,,,,,,,,പക്ഷെ വഴി തെറ്റിയിട്ടില്ല............നല്ല എഴുത്ത്

Manoj Vengola said...

മലയാളത്തിലെ എക്കാലത്തെയും മികച്ച കഥയാണ് ലോല.

ബെഞ്ചാലി said...

നല്ല എഴുത്ത് :)

ചന്തു നായര്‍ said...

എന്റെ വീട്ടിനടുത്താണ്... നെയ്യാർഡാം..അവിടെ മൂന്ന് മുറികളുള്ള് ഒരു റ്റി.ബി.യുണ്ട്... ഒരു മുറുയിൽ ഞാൻ, മറ്റൊന്നിൽ വിജയക്രിഷ്ണൻ, മൂന്നാമത്തതിൽ സാക്ഷാൽ പി.പത്മരാജൻ... ഞാങ്ങൾ മൂന്ന് പേരും എഴുതുകയാണ്... രാത്രി എട്ട് മണിക്ക് പാചകക്കാരനായ സ്വാമിയുടെ വീളിപ്പാട്, മൂന്ന് പേരും ഡൈനിഗ് ടേബിളിനു മുമ്പിൽ... പരസ്പരം എഴുതുന്ന കഥകളെക്കുറിച്ച് ചർച്ച തുടങ്ങി..പത്മരാജൻ എഴുതുന്നത് ‘ഉദകപ്പോള’... പേരു കേട്ടപ്പോൾ തന്നെ എനിക്കിഷ്ടമായി...കഥയെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമായി...ഒരു മടിയും കൂടാതെ പത്മരാജൻ കഥ പറഞ്ഞ് തന്നൂ..പിന്നെ മുറിയിലെത്തി...എഴുതിയത് എനിക്ക് വായിക്കാൻ തന്നൂ...അല്പമാത്രമായിരുന്ന അടുപ്പം അകലാൻ പറ്റാത്ത ഊഷ്മള സ്നേഹമായി മാറിയത് അന്ന് മുതലായിരുന്നൂ..പിന്നെ പിന്നെ മിക്ക കഥകളുടെയും ആദ്യവായനക്കാരൻ ഞാനായിരുന്നൂ..കുറേക്കാലം വരെ.. പിന്നെ ഇരുവർക്കും തിരക്കായി...പിന്നെ ഒരു നാൾ...... നല്ലൊരു കൂട്ടുകെട്ടിനെ ഓർമ്മപ്പെടുത്തിയതിന്....നന്ദി

മഴവില്ലും മയില്‍‌പീലിയും said...

ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥയാണ് ലോല, ലോല എന്ന ആ കഥാപാത്രവും എനിക്ക് ഒരുപാട് ഇഷ്ടമാണ്.ഇതാണ് പത്മരാജന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച കഥ എന്ന് തോന്നുന്നു. ഉറപ്പില്ല. കഥ പ്രസിദ്ധീകരിച്ച് വന്ന സമയത്ത് പത്മരാജന്‍ അമേരിക്കയില്‍ ഒരിക്കല്‍ പോലും പോട്ടില്ലാത്ത ഒരാളാണ് എന്ന് ആരും വിശ്വസിച്ചില്ല. എന്ന് എവിടയോ വായിച്ചു പണ്ട്..ലോലയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി..

jayarajmurukkumpuzha said...

valare mikacha katha thanneyanu lola..... aashamsakal.......

Amar Bajpai said...

It was a pleasure reading this article.

Thommy said...

നന്നായിട്ടുണ്ട്

Pranavam Ravikumar a.k.a. Kochuravi said...

Good one!

ശാലിനി said...

അഭിപ്രായങ്ങള്‍ പങ്കു വച്ച എല്ലാവര്ക്കും നന്ദി. :)

Salam said...

പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റച്ചിത്രം പോരെ, അദ്ദേഹത്തെ അറിയാന്‍.ലോല എന്നാ ഈ കഥയെ നന്നായി അവലോകനം ചെയ്ത പോസ്റ്റ്‌ അയിത്

Rare Rose said...

ലോലയെ തെളിമയോടെ വീണ്ടുമോര്‍മ്മിപ്പിച്ചതിനു നന്ദി ശാലിനി..

priyag said...

എനിക്ക് വായിക്കണം

Anonymous said...

നന്നായി...

അതിരുകള്‍/പുളിക്കല്‍ said...

ഒരുപാട് തവണ വായിച്ച കഥയുണ്ടെങ്കില്‍ അത് ലോല മാത്രമാണ്....അഭിനന്ദനങ്ങള്‍

Lipi Ranju said...

ലോല വായിച്ചിട്ടില്ല...പക്ഷെ ലോലയെ
അവലോകനം ചെയ്ത ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍,
എനിക്കത് വായിക്കണം...ഞാനും പത്മരാജന്‍റെ
ഒരു ഫാന്‍ ആണ്... നന്ദി ശാലിനി.

ഒരില വെറുതെ said...

ലോല വല്ലാത്തൊരോര്‍മ്മ. പഠന കാലത്താണ് അത് ആദ്യം വായിച്ചത്. പിന്നെ, പല തവണ. അന്നത്തെ മാനസികാവസ്ഥയില്‍ ലോല ഒരു മുറിവായിരുന്നു. അതിലെ വാചകങ്ങള്‍
ദുരിതം പിടിച്ച ഒരു കാലം അതിജീവിക്കാന്‍ ഏറെ സഹായകമായി. കാലം മാറിയപ്പോള്‍, ലോലക്ക് വേറൊരു ഭാവമായി. രണ്ട് ലോകങ്ങള്‍ തമ്മിലുള്ള ഹരിക്കലും ഗുണിക്കലും കൂട്ടലും കിഴിക്കലുമാണ്
ലോല എന്ന് പിന്നീടെപ്പോഴോ തോന്നി. പ്രണിയത്തിനപ്പുറം പോവുന്ന ഒരു നടപ്പാതയാണ്
അതെന്ന് ഇപ്പോള്‍ തോന്നുന്നു.

പതമരാജന്റെ ഭാര്യ രാധാലക്ഷ്മി എഴുതിയ പത്മരാജന്‍ എന്റെ ഗന്ധര്‍വനില്‍
കണ്ടു ലോലയെക്കുറിച്ച്. ലോല എഴുതി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പത്മരാജന്‍ ആദ്യമായി
അമേരിക്കയില്‍ പോയതെന്ന് അവര്‍ എഴുതുന്നു. അമേരിക്ക കാണാത്തൊരാളാണ് ലോല
എഴുതിയതെന്ന് വിശ്വസിക്കാനാവുന്നുണ്ടോ

Prajil Aman (പ്രജില്‍ അമന്‍) said...

ഇന്നു മെയ് 23- സര്‍ഗ്ഗാത്മകതയുടെ ഗന്ധര്‍വ്വന്റെ അറുപത്തിയാറാം ജന്മദിവസം. പത്മരാജന്‍ (1945 മെയ് 23 - 1991 ജനുവരി 24 )

രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.
അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.
രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ...

Sandeep.A.K said...

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക" പലവട്ടം പറഞ്ഞു നോക്കിയിട്ടും ഇനിയും എനിക്കിത് ഭംഗിയായി പറയാന്‍ കഴിഞ്ഞിട്ടില്ല.. ലോല ഒരുപാടു പുനര്‍വായനകള്‍ നടന്നു കഴിഞ്ഞ ഒരു കഥയാണ്‌.. പത്മരാജന്‍ കഥകളില്‍ മികച്ചത്.. ഒരു പക്ഷെ മലയാളത്തിലെ തന്നെ മികച്ച കഥകളില്‍ ഒന്നാകും ഇത്.. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി..

Sabu M H said...

പല കഥകളിലും കഥാപത്രങ്ങൾ സംസാരിക്കുന്നത് അച്ചടി ഭാഷയിലോ, സാഹിത്യ ഭാഷയിലോ ആയിരിക്കും..ആ ഒരു പോരായ്മ പലപ്പോഴും പത്മരാജൻ കഥകളിൽ നിന്നു മാറി നില്ക്കാൻ പ്രേരിപ്പിക്കുന്നു..എന്നാൽ സിനിമകളിൽ അദ്ദേഹം ആ മാർഗ്ഗം സ്വീകരിച്ചില്ല എന്നത് വളരെ ശ്രദ്ധേയം. വളരെ വ്യത്യസ്തമായ ആശയങ്ങൾ, വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞതു കൊണ്ട് സിനിമകൾ മനസ്സിൽ നിന്നും മായുന്നില്ല.

കിങ്ങിണിക്കുട്ടി said...

Pandenno vayicha orma puthukkan kazhinju. Thanks. About the review, fantastic. Well written. Best wishes

Ranjith Chemmad / ചെമ്മാടന്‍ said...

മലയാളം കണ്ട ഏറ്റവും മനോഹരമായ പ്രണയകഥയെ ഇങ്ങനെ പിശുക്കി വിവരിച്ചതിൽ ശാലിനിയ്ക്ക് പാപം കിട്ടും.... ;)
നല്ല ശ്രമം! ലോല, വർഷങ്ങൾക്ക് ശേഷമുള്ള വായനയിലും പുതുമയോടെ പെയ്യുന്നു...

പദ്മരാജന്റെ വിക്രമാളീശ്വരം, നന്മകളുടെ സൂര്യൻ, ശവവാഹനങ്ങളും തേടി എന്നിവയുടെ പി.ഡി.എഫ് ഇവിടെ കിട്ടും, ആരോടും പറയേണ്ട!!!!
http://www.box.net/shared/syctxhclbr

ഇട്ടിമാളു said...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ കഥയാണ് ലോല..

പത്മരാജന്റ്റെ കഥകളുടെ ഒരൂ കളക്ഷൻ ണ്ട് “അവൾ” .. വായിച്ചിട്ടുണ്ടോ? (ഇല്ലെങ്കിൽ വായിക്കണം.. അപേക്ഷയല്ല കല്പനയാണ്..:) )

sidhan said...

രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി. അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക....