Tuesday, May 10, 2011

എഞ്ചിൻ ഡ്രൈവർ

വെള്ളിയാഴ്ച്ച അസംബ്ലി സമയം.ഐഡി കാർഡ്‌ തൂങ്ങി കിടക്കുന്ന കഴുത്തുകളും,എണ്ണയിട്ടു മിനുക്കിയ തലകളുമുള്ള 10 A ക്ലാസ്സിന്റെ വരി. ആ വരിയുടെ പിന്നില്‍ ഒരു ചപ്രത്തല ഞാൻ ശ്രദ്ധിച്ചു. വെറും തോന്നലാണോ എന്നറിയാന്‍ വീണ്ടും നോക്കി. തോന്നലായിരുന്നില്ല, അതു സുജിത്തായിരുന്നു!

"അറിയ്വോ മാഷേ?"

സ്റ്റാഫ്‌ റൂം വാതിലിനു പിന്നില്‍ ‍, ഉടലിന്റെ പകുതിയും മറച്ച്, തല മാത്രം പുറത്തേയ്ക്ക് നീട്ടി അവന്‍ വീണ്ടും ചോദിച്ചു.
"അറിയ്വോ മാഷേ?"

"അറിയ്വോന്നോ? നീ '10 Aയില്‍ പഠിച്ച സുജിത്തല്ലേ?" അല്പം ദേഷ്യത്തോടെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്.
പഠിച്ചിറങ്ങി പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. പക്ഷെ, സുജിത്തിനെ മറക്കാന്‍ എനിക്കീ ജന്മം സാധിക്കില്ല. അതിനൊരു കാരണമുണ്ട്. കുറച്ചു പഴയ സംഭവമാണ്.

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു മേയ് മാസം. ഞാനന്ന് 9-C യില്‍ ക്ലാസ്സ്‌ ടീച്ചര്‍ ആണ്. പത്തിലേയ്ക്ക് ക്ലാസ്സ്‌ കയറ്റം കിട്ടിയവുടെ ലിസ്റ്റ്,സ്കൂളില്‍ കൊടുത്തിട്ടു വീട്ടില്‍ വന്നതേയുള്ളൂ,ഹെഡ് മാഷിന്റെ വിളി വന്നു. അത്യാവശ്യമായി സ്കൂള്‍ വരെ ചെല്ലണം.

സ്കൂളില്‍, ഞാന്‍ കൊടുത്ത പ്രമോഷന്‍ ലിസ്റ്റും, ചാണകം ചവിട്ടിയ മുഖഭാവവുമായി ഹെഡ് മാഷിരിക്കുന്നു. അപ്പോഴേ തോന്നി, എന്തോ അൽകുൽത്ത്‌ കേസാണ്! എന്റെ തല കണ്ട പാടെ ഹെഡ് മാഷ്‌ ചോദിച്ചു.

"9-c യിലെ സുജിത്ത്‌ ദിവാകരൻ! അവനു കണക്കിനു പാസ്സ്‌ മാർക്കല്ലെയുള്ളൂ മാഷേ? മാഷെന്തിനാ അവനെ ജയിപ്പിച്ചത്‌? സുജിത്തിനെ പത്തിലേയ്ക്കു കയറ്റി വിട്ടാൽ, അടുത്ത വർഷം നമ്മുടെ 100% താഴെക്കിടക്കും!"

SSLC വിജയ ശതമാനമായിരുന്നു പ്രശ്നം.മന്ത്രിസഭ താഴെക്കിടക്കും എന്നൊക്കെ പറയുന്നതു പോലെ, സുജിത്ത് കാരണം SSLC പരീക്ഷയില്‍ സ്കൂളിന്റെ 100% വിജയം നഷ്ട്ടപ്പെടുമോയെന്ന് ഹെഡ് മാഷ്‌ ഭയന്നു. ഒരു അണ്‍എയ്ഡഡ്‌ സ്കൂളിനു, 100% വിജയം നിലനിർത്തുക‌, ബിസിനസ്സിന്റെ ഭാഗമായിരുന്നു.

"സുജിത്തിനെ 9ൽ തോൽപ്പിക്കുന്നതല്ലേ സേഫ്‌? ഈ കുട്ടിക്കു വേണ്ടി മാത്രം ഒരു മാറ്റം വേണോ?"

പത്തിൽ തോൽക്കും എന്നു സംശയം തോന്നുന്ന കുട്ടികളെ, ഇനി അവർ 9ൽ കഷ്ടിച്ചു ജയിച്ചാൽ കൂടി 10ലേയ്ക്കുള്ള ഗേറ്റ്‌ കടത്താറില്ല.ഒന്‍പതില്‍ തന്നെ ഒരുവര്‍ഷം കൂടി ഇരുത്തി, പ്രത്യേകം ശ്രദ്ധിച്ചു പഠിപ്പിക്കും. സ്കൂൾ തുടങ്ങിയതു മുതലുള്ള കീഴ്‌വഴക്കം! പക്ഷേ സുജിത്തിനോടതു ചെയ്യാൻ എനിക്കു തോന്നിയില്ല. ഉഴപ്പനാണെങ്കിലും അവൻ നല്ല ബുദ്ധിയുള്ള കുട്ടിയാണ്.അൽപം മടിച്ചാണെങ്കിലും അന്നു ഞാൻ പറഞ്ഞു.

"മാഷെ, 10ലെ വിജയശതമാനം മാത്രം നോക്കി ആ ചെറുക്കന്റെ ഒരു വർഷം കളയാൻ പറ്റില്ല. അതു മാത്രമല്ല, പേരന്റ്സ്‌ ഒന്നും പണ്ടത്തെ പോലെയല്ല. പ്രത്യേകിച്ചു,പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാർ.വരുത്തനാണെങ്കിലും നല്ല പിടിപാടുള്ള കക്ഷിയാ.. പോരാത്തതിനു യൂണിയന്റെ ഒക്കെ വലിയ ആളും. സുജിത്തിനെ 9ൽ തോൽപ്പിച്ചാൽ,പരീക്ഷാ പേപ്പറിന്റെ ഫോട്ടോകോപ്പി വേണമെന്നു പറഞ്ഞ്‌ അങ്ങേരിവിടെ സത്യാഗ്രഹമിരിക്കും. ഞാനും തൂങ്ങും, മാഷും തൂങ്ങും!"

ഹെഡ്‌ മാഷിന്റെ പത്തി മടങ്ങി.പക്ഷേ കാർമേഘം മൂടിയ മുഖവുമായാണു അന്ന് അദ്ദേഹം സമ്മതിച്ചത്‌. അടുത്ത വർഷം റിസൽട്ട്‌ വന്നപ്പോൾ അതു ഇടിവെട്ടി മഴയായി പെയ്തു.സുജിത്തു മനോഹരമായി തോറ്റു. കണക്കിനു മാത്രമല്ല. ഒരു ബോണസ്സായി കെമിസ്ട്രിക്കും!ഇതിന്റെ പേരില്‍ സ്റ്റാഫ്‌‌ മീറ്റിംഗ്, മാനേജ്‌മന്റ്‌ മീറ്റിംഗ് ഇങ്ങനെ പല വേദികളില്‍ എനിക്ക് കൊട്ട് കിട്ടി.

ഓർമ്മകൾ... സ്കൂളിന്റെ ചരിത്രത്തിൽ SSLC തോറ്റ ഒരേയൊരു മഹാൻ! ആ സുജിത്താണു ചോദിക്കുന്നത്‌, "അറിയ്വോന്നു!"

"മാഷേ," സുജിത്തെന്നെ ഓർമ്മകളിൽ നിന്നു മടക്കി വിളിച്ചു.

"നീയെന്തിനാ അസംബ്ലിയിൽ കയറി നിന്നത്‌?"

സുജിത്ത്‌ മടിച്ചു മടിച്ചു പറഞ്ഞു.

"അത്‌, ഞാൻ വന്നപ്പത്തേക്കും നേരം വൈകി,പിന്നെ എഡ്മാഷ്‌ കാണണ്ടാന്ന് വിചാരിച്ച് 10Aന്റെ ബേക്കിൽ കേറി നിന്ന്!"

"നീയെന്താ ഈ വഴിക്ക്‌?"

"അദ്‌, മാഷേ എനക്ക് ജോലി കിട്ടി!.." എന്റെ ആകാംഷ അവനെ മുഴുമിപ്പിക്കാൻ അനുവദിച്ചില്ല.

"അപ്പോ നീ പത്തു ജയിച്ചൊ?" ശബ്ദത്തിൽ ആശ്ചര്യം കലരാതിരിക്കൻ ഞാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല.

"ജയിച്ചു മാഷേ, വിക്ടോറിയ ട്യൂട്ടോറിയലിന്റെ നോട്ടീസ്സു മാഷു കണ്ടില്ലേ?അതിലെന്റെ ഫോട്ടോ ണ്ടാർന്ന്!"

എനിക്കു ചിരി വന്നു. അതവന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.അവൻ ആവേശത്തോടെ തുടർന്നു.

"പണ്ട്‌ പത്തിൽ തോറ്റപ്പോ,ഞാളാടെ, സേവ്യറേട്ടന്റെ വർക്ക്ഷോപ്പിൽ പോയീനല്ലോ ഒരു കൊല്ലം.ആടെ വൈക്കിന്റേം കാറിന്റേം ഗ്രീസ്സു തൊടച്ചു മത്യായി മാഷേ!അപ്പൊ തോന്നീ, എനക്കും ഒരു ഗവൺമന്റ്‌ ജോലീക്കെ വേണ്ടേ? പിന്നെ മരണ പഠിത്താരുന്ന് മാഷേ! അവസാനം ജോലി കിട്ടി!"

"നിനക്കോ? ഗവൺമന്റ്‌ ജോലിയോ?"ഇത്തവണ എനിക്കു ആശ്ചര്യം അടക്കണമെന്നു തോന്നിയതേയില്ല.

"അതെ മാഷേ, ട്രെയിനിലെ എഞ്ചിൻ ഡ്രൈവറായിട്ടാ.ഇന്ന് ഞാൻ ട്രെയിനിങ്ങിനു പോവ്വാ"

അവന്റെ അരികിലിരുന്ന വലിയ ബാഗ്‌ ഞാനപ്പോഴാണ് ശ്രദ്ധിച്ചത്‌‌.സ്റ്റാഫ്‌ റൂമിൽ പലരും സുജിത്തിനെ തിരിച്ചറിഞ്ഞിരുന്നു.അവരോടൊക്കെയും, ജോലിയുടെ വിശേഷങ്ങൾ അവൻ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

"സുജിത്തേ ഞാൻ ക്ലാസ്സിൽ പോകുന്നു. ഇനിയും ഇതിലെ വരണം."

രണ്ടാമത്തെ പീരിയഡിനു ബെല്ലടിച്ചപ്പോൾ ഞാൻ സുജിത്തിനോടു പറഞ്ഞു.

"മാഷിനു ഏടെയാ ക്ലാസ്സ്‌?"

"10-A യിൽ"

അവൻ അൽപം ജാള്യതയോടെ ചോദിച്ചു.

"എന്നാ മാഷിന്റൊപ്പരം ഞാനും വരട്ടെ? ഞാൻ കുറച്ച്‌ മുട്ടായി കൊണ്ടന്നിട്ടുണ്ട്‌!"

എനിക്കു സന്തോഷം തോന്നി. സുജിത്തിനെ പോലെയുള്ളവരെ കാണുന്നത്‌ കുട്ടികൾക്ക്‌ തീർച്ചയായും ഒരു പ്രചോദനമാകും. അവനെയും കൂട്ടി ഞാൻ 10A യിലേയ്ക്കു നടന്നു.10A യിലെ കുട്ടികളോട്‌ ഞാൻ സുജിത്തിനെ കഥ പറഞ്ഞു. തോറ്റാലും പൊരുതാനുള്ള ആവേശം ഉണ്ടാകണമെന്നു പറഞ്ഞു. വിനയാന്വിതനായി,ഒരു മൂലയിൽ
പുഞ്ചിരിച്ചു നിന്നതേയുള്ളു സുജിത്ത്‌.മിഠായി കൊടുക്കുമ്പോൾ പല കുട്ടികളും അവന്റെ കൈ പിടിച്ചു കുലുക്കുന്നതു കണ്ടു.ഒരുപാടു സന്തോഷം തോന്നി.

സുജിത്ത്‌ യാത്ര പറഞ്ഞു പോയി.

ഒരാഴ്ചകഴിഞ്ഞു. ഇന്നലെ വൈകുന്നേരം പച്ചക്കറിക്കടയിൽ വച്ചു പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാറിനെ കണ്ടു.

"സുജിത്ത്‌ പോയിട്ട്‌ വിളിച്ചിരുന്നോ? അവനു സുഖമല്ലേ?" ഞാൻ സൗഹൃദത്തോടെ ചോദിച്ചു.

ദിവാകരൻ സാറിന്റെ കറുത്ത മുഖം ഒന്നു കൂടി ഇരുണ്ടു. പച്ചമുളകു കൂട്ടിയിട്ടിരിക്കുന്ന മൂലയിലേയ്ക്കെന്നെ മാറ്റി നിർത്തി അദ്ദേഹം പിറുപിറുത്തു.

"കുടുംബദ്രോഹി! ഓൻ കഴിഞ്ഞാഴ്ച്ച നാടു വിട്ട്‌ പോയി മാഷേ.എഞ്ചിൻ ഡ്രൈവർ
എന്ട്രന്‍സ് ന്ന് പറഞ്ഞ് എന്റെ തോനെ കാശ് ഓൻ തൊലച്ച്! ഒടുക്കം എന്ട്രന്സും തോറ്റ്,കഴിഞ്ഞ മാസത്തെ എന്റെ പെൻഷൻ കാശും അടിച്ചോണ്ട് അവന്‍ നാട് വിട്ടു പോയി മാഷേ.....കഴിഞ്ഞ വെള്ളിയാഴ്ച!"

40 comments:

ശാലിനി said...

വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു കഥ... ഇതിന്റെ ത്രെഡ് തരുകയും പിന്നെ പുറകെ നടന്നു, പറഞ്ഞു പറഞ്ഞു ഇതെന്നെ കൊണ്ട് എഴുതിക്കുകയും ചെയ്ത എന്റെ അമ്മയ്ക്ക് ഈ കഥ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. വായിക്കുമല്ലോ! അഭിപ്രായം പറയുമല്ലോ!

Eldo Rajan said...

gud one.....

jayanEvoor said...

“എൻജിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി” എന്ന കഥ ഓർമ്മിച്ചാണ് തലക്കെട്ടു കണ്ട് ഇവിടെ കയറിയത്!

വായിച്ചു വന്നപ്പോൾ സംഗതി വേറെ.

നല്ല പരിണാമഗുപ്തിയുള്ള കഥ.
ഇഷ്ടപ്പെട്ടു.

ചിതല്‍/chithal said...

നല്ല കഥ.
എങ്കിൽ എന്തിനായിരുന്നു അവൻ സ്കൂളിൽ വന്നതു്‌? സ്കൂളിൽ വന്നതുകൊണ്ടാണു്‌ എഞ്ജിൻ ഡ്രൈവറാകാതെ ഒളിച്ചോടിയതെങ്കിലോ?!

മഹേഷ്‌ വിജയന്‍ said...

നല്ല കഥ ശാലിനി,
സുജിത്തിനെ ഒരുപാട് ഇഷ്ടപ്പെട്ടു...
ശാലിനിയുടെ എഴുത്തിന്റെ മെച്ചം...
എഴുത്ത് തുടരുക...ആശംസകള്‍..

ഉപാസന || Upasana said...

നന്നായി എഴുതി ശാലിനി.
ആശയം അധികം ആകര്‍ച്ചില്ലെങ്കിലും കഥ നല്ലതു തന്നെ
:-)
ഉപാസന

jayarajmurukkumpuzha said...

aashamsakal..........

അനുരാഗ് said...

നന്നായിട്ടുണ്ട് ആശംസകള്‍

ഒരില വെറുതെ said...

കഥയുടെ ഒഴുക്കിലുണ്ട്
ജീവിതത്തിന്റെ
പല വഴികള്‍...

Ranjith Chemmad / ചെമ്മാടന്‍ said...

ലളിതമായെങ്കിലും ഓരോ തിരിവുകളിലും വളരെ ആഴത്തിൽ സംവേദിപ്പിക്കുന്നുണ്ട് കഥ,
അതി ലളിതമായ കഥപറച്ചിലിലൂടെ, വായനയുടെ താളംനിലനിർത്താനും ട്വിസ്റ്റുകളിൽ ഒഴുക്കു നിലനിർത്താനും കഴിഞ്ഞു....
നല്ല കഥയ്ക്ക് ആശംസകൾ....

ശാലിനി said...

നന്ദി Eldo Rajan
നന്ദി jayan മാഷേ.. വഴിതെറ്റിയെങ്കിലും ഇനിയും ഇങ്ങോട്ട് വരണേ...
jayarajmurukkumpuzh നന്ദി..
അനുരാഗ്, നന്ദി..
ഒരില വെറുതെ നന്ദി... പറഞ്ഞത് വളരെ ശരിയാണ്..
Ranjith Chemmad / ചെമ്മാടന്‍ നന്ദി രഞ്ജിത്ത്.. പലതും പറയാന്‍ ഈ കഥയെ ഏര്‍പ്പെടുത്തിയിരുന്നു.. അത് മുഴുവന്‍ വായനക്കാരിലെയ്ക്കെത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയം. :(

Prajil Aman (പ്രജില്‍ അമന്‍) said...
This comment has been removed by the author.
Prajil Aman (പ്രജില്‍ അമന്‍) said...

കുറെ സംശയങ്ങള്‍ ബാക്കി ..? പക്ഷെ കഥയില്‍ ചോദ്യമില്ലല്ലോ ..!!!

ചെറുത്* said...

സെറ്റപ്പായിട്ടുണ്ട് കഥ.
ഒരു രണ്ടാം ഭാഗത്തിനുള്ള വകുപ്പ് ബാക്കി വച്ചിട്ടുണ്ട്. നോക്കുന്നോ!

കുമാരന്‍ | kumaran said...

സുജിത് ദിവാകരന്റെ വിനയകുനയനായുള്ള ആ നിൽ‌പ്പ് ആലോചിച്ച് ചിരിയടക്കാൻ പറ്റിയില്ല.

Satheesh Haripad said...

നന്നായി രസിച്ചു വായിച്ചു. ലളിതമായ എഴുത്ത്.
എല്ലാ ആശംസകളും.
satheeshharipad.blogspot.com

ശാലിനി said...

ഇടയ്ക്ക് കുറെ കമന്റുകള്‍ ഗൂഗിള്‍ കൊണ്ടുപോയാരുന്നു.. അതൊക്കെ ദേ ഇപ്പം തിരിച്ചെത്തിയിരിക്കുന്നു.. ബഹുത് ഖുശി ഹൈ!! :)

മഹേഷ്‌-> നന്ദി.. :)
ഉപാസന -> എന്താ ഭായ്, കുറെ നാളായി കഥകള്‍ ഒന്നും ഇല്ലല്ലോ.. എന്ത് പറ്റി?
ഒരില വെറുതെ -സൌമ്യക്കായി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും..
പ്രജില്‍ -അഭിപ്രായത്തിനു നന്ദി.. നടന്ന സംഭവമാണ് ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? മനുഷ്യന്മാരുടെ ചിന്തകളും പ്രവൃത്തിയും പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണല്ലോ!!
ചെറുത്‌- രണ്ടാം ഭാഗം.. ഇതുവരെ ആലോചിച്ചില്ല.. :) നല്ല ഐഡിയ :)
കുമാരന്‍ - വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി... :)

PK Muraleekrishnan said...

ശാലിനി,
കഥ ഇഷ്ടപ്പെട്ടു. കൂടുതല്‍ കഥകള്‍ വായിച്ചുവേണം ഈ കഥാകാരിയെ കൂടുതല്‍ അറിയുവാന്‍. കാത്തിരിക്കാം. ബ്ലോഗില്‍ ചില കവിതകളും വായിക്കാനിടയായി. എന്തേ പുതിയതൊന്നും കുറിക്കാത്തത്?

ശാലിനി said...

മുരളി- വായനയ്ക്ക് നന്ദി.. അടുത്ത കഥ പണിപ്പുരയില്‍ തേച്ചും മിനുക്കിയും അങ്ങനെ കിടക്കുന്നു..

മാസത്തില്‍ ഒരു കഥ വച്ച് എഴുതാന്‍ ശ്രമിക്കാറുണ്ട്.. അതാണ്‌ മാക്സിമം..സമയക്കുറവു..പിന്നെ ഒരുപാടു എഴുതി കൂട്ടാന്‍ താല്പര്യമില്ല..ഒരുപാടു കഥകള്‍ ആകുമ്പോള്‍ ക്വാളിറ്റി കുറയും.. ഓരോ കഥയ്ക്കും അതിനു അര്‍ഹിക്കുന്ന സമയം കൊടുത്തു, വെട്ടിയുംതിരുത്തിയും മനസ്സിന് തൃപ്തി ആകുമ്പോഴേ പുറത്തേയ്ക്ക് വിടാറുള്ളൂ

കവിത വിട്ടു.. നമ്മളെക്കൊണ്ട് കൂടിയാല്‍ കൂടില്ല. :)

അഞ്ചാറു കഥകള്‍ ഉണ്ട്.. എല്ലാം വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. വീണ്ടും വരുക

Pradeep Kumar said...

ആദ്യമായാണ് ഈ ബ്ലോഗില്‍.ലളിതമായി പറഞ്ഞു.സുജിത്ത് എന്ന കഥാപാത്രത്തെ ഒതുക്കവും ചിട്ടയുമുള്ള ഭാഷയിലൂടെ വായനക്കാര്‍ക്ക് തന്നു.സ്കൂള്‍ ജീവിതം നല്ല പരിചയമുള്ളതു പോലെയുള്ള സൂക്ഷ്മ നിരീക്ഷണ പാടവവും ശ്രദ്ധേയമാണ്.അഭിനന്ദനങ്ങള്‍.

പ്രഭന്‍ ക്യഷ്ണന്‍ said...

ശുഭ പര്യാവസാനമാണല്ലോന്നാശ്വസിച്ചു വന്നപ്പം..ദാ..കെടക്കണ്...!സമാധാനമായിട്ട് തോല്‍ക്കുന്നോര്‍ക്കുകൂടി..അപവാദം കേള്‍പ്പിക്കാനായിട്ട്....!!
ഇവനേക്കൊണ്ട്...ഞാന്‍ തോറ്റു...!!

കഥ നന്നായീട്ടോ...
പ്രിയപ്പെട്ട അമ്മേ...വീണ്ടും ത്രെഡ് കൊടുക്കുക...പുറകേ നടക്കുക..
ചെലപ്പോ എഴുതിയാലോ...!!!!

ആശംസകളോടെ..

ജെ പി വെട്ടിയാട്ടില്‍ said...

ഈ വഴിക്കാദ്യമായാണ്. വായനാസുഖമുള്ള പോസ്റ്റ്.


എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

മറ്റു ബ്ലോഗുകളും നോക്കുമല്ലോ?
ഇമെയില്‍ ഐഡി കിട്ടിയാല്‍ ലിങ്ക് അയക്കാവുന്നതാണ്

pulari said...

വായിച്ചു….
ഒരു മുൻ ധാരണ കഥയിൽ ഒളിഞ്ഞിരിപ്പുണ്ടോ?

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

Villagemaan said...

ലളിതം..സുന്ദരം !

ശാലിനി said...

നന്ദി പ്രദീപ്‌ മാഷേ - അമ്മയും ഒരു കണക്കു ടീച്ചര്‍ ആണ്.. അഭിനന്ദനങ്ങള്‍ക്ക് നന്ദി..
പ്രഭന്‍ ക്യഷ്ണന്‍ - നന്ദി.. ഇനിയും എഴുതാന്‍ ശ്രമിക്കാം..
നന്ദി പ്രകാശേട്ടാ..
പുലരി നന്ദി.. മുന്‍ധാരണ എന്താണെന്ന് എനിക്ക് മനസ്സിലായില്ല ട്ടോ..
നീത നന്ദി.. junctionkerala.com പോയി നോക്കാം..
thank you ഗ്രാമീണ ചേട്ടാ... :ഡി ഇനിയും വരണേ ഇതിലെ :ഡി
എന്റെ എല്ലാ പുതിയ ഫോളോവേര്സിനും ഈ ബ്ലോഗിലേയ്ക്ക്‌ സ്വാഗതം.. :)

Rare Rose said...

എന്റെ വായനയുടെ കുഴപ്പം കൊണ്ടാവണം വായിച്ചു വരുമ്പോള്‍ ഒരു ചെറിയ അവ്യക്തത തോന്നി.എന്നാലും എഴുതിയ രീതി ഇഷ്ടായി..പ്രതീക്ഷിക്കാത്ത അവസാനവും..

MyDreams said...

അയ്യേ .....ഇത് ഇന്നി ആ 10-A യിൽകുട്ടികള്‍ അറിഞ്ഞാല്‍ എന്താവും സ്ഥിതി ....
വീണ്ടും മാഷ് തോറ്റു
മാഷിന് തോല്‍പ്പിക്കാന്‍ വീണ്ടും സുജിത് വരുമോ ?

പട്ടേപ്പാടം റാംജി said...

ഒതുക്കത്തോടെ പറഞ്ഞ നല്ല കഥ.അമ്മ ഇനിയും സഹായിക്കട്ടെ.

ചാണ്ടിച്ചന്‍ said...

ഹ ഹ...കഥാന്ത്യം വളരെ അപ്രതീക്ഷിതം....അറിയാതെ പൊട്ടിച്ചിരിച്ചു പോയി :-)

ബ്ലാക്ക്‌ മെമ്മറീസ് said...

ഈ സുജിത് ഇപ്പം എന്താ ചെയ്യണേ എന്നറിയുമോ ....ഓന്‍ ഇപ്പം വല്ല്യ ഗുണ്ടയാ ...അങ്ങ് ധാരാവിയില്‍ ....ഓന്റെ പഴേ കഥ നാട്ടിലൊക്കെ പറഞ്ഞു നടന്നാല്‍ പണി കിട്ടും കേട്ടോ ....ഞാന്‍ ഓന്റെ വലം കൈയാ പേര് .....ആട് സുര !!!!!

പാണന്‍ said...

ചീത്തയായ ഒരു കുട്ടിയെ തേടി നടക്കുകയാണ് മാഷന്മാരെല്ലാം.മാണിക്യ കല്ലാക്കി മാറ്റാന്‍.അപ്പോഴാണ് ശാലിനിയുടെ ബ്ലോഗിലെ സുജിത്.നല്ല തിരുത്ത് തന്നെ,
ആശംസകള്‍.

ശാലിനി said...

Rare Rose - വായനയ്ക്ക് നന്ദി.. കുറച്ചു അവ്യക്തത കഥയില്‍ ഉണ്ടെന്നു സമ്മതിക്കുന്നു

MyDreams - അതെ.. സാറ് വീണ്ടും തോറ്റു. you got the crux of the story :)

റാംജി സര്‍ - നന്ദി.. വരവിനും വായനയ്ക്കും :)

ചാണ്ടിച്ചന്‍ - ഒരു പുലിയെ ചിരിപ്പിക്കാനായി എന്നതില്‍ "ഫയങ്കര" സന്തോഷം.. നന്ദി..

ബ്ലാക്ക്‌ മെമ്മറീസ് - ആട് സുരേ.. വേണ്ട വേണ്ടാ.. :) എന്റെ കഥാപാത്രത്തിന്
കഥയ്ക്ക്‌ ശേഷവും ഒരു ജീവിതം സങ്കല്പിച്ചതിനു താങ്ക്സ് :)

പാണന്‍ - എന്താ ചെയ്യാ മാണിക്യ കല്ലക്കാന്‍ നമ്മുടെ മാഷ്‌ കുറെ ശ്രമിച്ചതാ.. സുജിത്തിനെ പിടിച്ചാ കിട്ടണ്ടേ.. ;)

Sapna Anu B.George said...

Good to meet you greet you and read you here

വി.എ || V.A said...

‘ഓൻ മിടുക്കനാ മാഷേ, ഏതു നഗരച്ചാലിലെത്തിയാലും ഓൻ വല്യോനായി കൊറേ മൊട്ടായീം കൊണ്ടു വരും....’

RK said...

വേണ്ടായിരുന്നു...........

Anitha Saji said...
This comment has been removed by the author.
Anitha Saji said...

kollam..........

preethi pd said...

good one :)

nidheesh kp said...

Good