Tuesday, June 21, 2011

കാണാതാകുന്ന തലമുറ

സമയം അഞ്ചര!ഒന്നു തഴുകിയപ്പൊഴേയ്ക്കും, അഞ്ചു മിനുട്ടു കൂടി പരോൾ അനുവദിച്ചു കൊണ്ടു നോക്കിയ-N8 നിശബ്ദമായി.മനസ്സിനെയും ഇങ്ങനെ തഴുകി നിശബ്ദമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. സംഗീത ഇപ്പോഴും നല്ല ഉറക്കമാണ്‌. "ഡോവ്‌" ഷാമ്പുവിന്റെ മൃദുഗന്ധം പരത്തുന്ന അവളുടെ മുടിയിഴകളിൽ മുഖമമർത്തി മനസ്സിനെ സ്വസ്ഥമാക്കാൻ ഞാൻ ശ്രമിച്ചു.ഉറക്കത്തിന്റെ സുഖകരമായ നിസംഗതയിൽ നിന്നും
പുറത്തുവരാതിരിക്കാനായെങ്കിൽ!

അലാറം വീണ്ടും അടിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തവണ പരോളില്ല.

പ്രോജക്ട്‌ റിലീസ്‌ ജൂൺ 25 നു.അതായതു ഇനി വെറും ഒരാഴ്ച.കോഡിൽ തീർത്താൽ തീരാത്തത്ര ബഗ്ഗുകൾ.അതിനിടയ്ക്കു ആകാശത്തു നിന്നു പൊട്ടി വീണ പോലെ ഈ പ്രസന്റേഷനും.അൻപതിലേറെ സ്ലൈഡുകൾ ഇനിയും കിടക്കുന്നു.ജാപ്പനീസ്‌ ക്ലൈന്റിന്റെ പ്രോജക്ടാണ്‌. ജോലിയെന്നു പറഞ്ഞാൽ ചെകുത്താൻ കൂടിയതു പോലെയാണീ ജപ്പാൻക്കാർക്ക്‌. ഇന്നലെ തീർക്കണമെന്നു കരുത്തിയതാണ്‌.ബാംഗ്ലൂരിലെ നശിച്ച ട്രാഫിക്‌.മണിക്കൂർ ഒന്നരയാണു ഇന്നലെ പോയത്‌.

കട്ടൻ കാപ്പിക്കു വെള്ളമിട്ടു ലാപ്ടോപ്‌ ഓൺ ചെയ്തു.നശിച്ച വിൻഡോസ്‌, ബൂട്ടു ചെയ്യാൻ അഞ്ചു മിനിട്ടിലേറെയെടുക്കുക എന്നു വച്ചാൽ!അൻപതു സ്ലൈഡ്‌,ഇന്നു വൈകുന്നേരം ഡെഡ്ലൈൻ.മനസ്സിരുത്തി ഒന്നു പണിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!ഇന്നലെ ആ കത്തു കിട്ടിയതിനു ശേഷം ആകെയൊരു അസ്വസ്ഥത. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.ജപ്പാനിൽ ഇന്നു വല്ല ഹോളീഡേയുമായിരുന്നെങ്കിൽ!

കഴിഞ്ഞ പ്രാവശ്യം വീട്ടിൽ ചെന്നപ്പോൾ അമ്മ ചോദിച്ചു.
"വിഷൂനു നീ വരില്ലേ?"

"ജപ്പാനിൽ അതിനു വിഷു ഇല്ലല്ലോ ശാന്തേ!..." അച്ഛനാണു മറുപടി പറഞ്ഞത്‌. അച്ഛൻ ചിരിക്കുകയായിരുന്നു. പക്ഷേ അതെന്റെ ഉള്ളിൽ എവിടെയോ ചെന്നു കൊണ്ടു. ജപ്പാൻ കലണ്ടറും സമയവും പിൻ തുടരുന്ന ഒരടിമ!

ആ കത്ത്‌ ബർമുഡയുടെ പോക്കറ്റിൽ സമാധാനമായി വിശ്രമിക്കുന്നു. എന്റെ എല്ലാ സമാധാനവും ഇല്ലാതാക്കിക്കൊണ്ട്‌.ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.ഒരു തീരുമാനം എടുക്കാനും. ആദ്യ സ്ലൈഡിന്റെ പകുതി പോലുമായില്ല. പല്ലു തേച്ചിട്ടാകാം ഇനി.. ബെഡ്‌റൂമിൽ സംഗീത ഇപ്പോഴും നല്ല ഉറക്കത്തിലാണ്‌.ഒരു നിമിഷം അവളെ നോക്കി നിന്നു പോയി.. വേണ്ട ഇന്നൊന്നിനും സമയമില്ല. ചെറിയൊരു ടെൻഷനും. കത്തു വായിക്കുമ്പോൾ അവളെന്തു പറയും?

പല്ലു തേച്ചു കഴിഞ്ഞപ്പോഴേയ്ക്കും സംഗീത ഉണർന്നു.കിടന്നു കൊണ്ട്‌ അവളെനിക്കൊരു ഫ്ലയിംഗ് കിസ്സ്‌ തന്നു. അതു പിടിച്ചെടുക്കാൻ ഞാൻ മിനക്കെട്ടില്ല.ഒന്നോ രണ്ടോ സ്ലൈഡ്‌ കഴിഞ്ഞു.ചിന്ത വീണ്ടും ആ കത്തിലേയ്ക്കു പതറിപ്പോവുകയാണ്‌. ഇന്നലെ ഓഫീസിലാണു ഈ കത്ത്‌ വന്നത്‌. ക്രെഡിറ്റ്‌ കാർഡിന്റെ സ്റ്റേറ്റ്‌മന്റ്‌ വാങ്ങാൻ മെയിൽ റൂമിൽ പോയപ്പോൾ, ഈ കത്തവിടെ ഉണ്ടായിരുന്നു.ഇല്ലന്റ്‌ ഒരു വിചിത്ര വസ്തു എന്ന പോലെയാണ്‌ മെയിൽ റൂമുകാരൻ എടുത്തു തന്നത്‌. അമ്മയുടെ കത്താണ്‌. അത്ഭുതം തോന്നി. കോളേജ്‌ കാലത്തെപ്പോഴോ ഞാൻ മൊബൈൽ വാങ്ങിയതിനു ശേഷം ഒരിക്കലും അമ്മ കത്തെഴുതുകയുണ്ടായിട്ടില്ല.

അൽപം തിടുക്കത്തോടെയാണ്‌ കത്തു വായിച്ചത്‌.

"മോനേ,
ഫോണിലൂടെ പറഞ്ഞാൽ അച്ഛൻ കേൾക്കും.അതു കൊണ്ടാ കത്തെഴുതുന്നത്‌.അച്ഛനറിഞ്ഞാ അരിശപ്പെടും.അച്ഛൻ ഹോസ്പിറ്റലിൽ ചെക്കപ്പിനു പോയ കാര്യമൊക്കെ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നല്ലോ.അച്ഛനാണു നിന്നെ വെറുതെ വിഷമിപ്പിക്കണ്ടാന്നു പറഞ്ഞത്‌. അച്ഛനു ചെറിയൊരു അറ്റാക്കായിരുന്നു മോനേ.രാത്രി രണ്ടു മണിയായപ്പോ നെഞ്ചു വേദനിക്കുന്നൂന്നു പറഞ്ഞു. ഗ്യാസ്സായിരിക്കും എന്നു കരുതി മോരിൽ അഷ്ടചൂർണ്ണം കലക്കി കൊടുത്തു ഞാൻ. എന്നിട്ടും ഒരു ഭേദവും കണ്ടില്ല.അച്ഛൻ തന്നെയാ അശുപത്രീ പോണമെന്നു പറഞ്ഞത്‌. സുഖല്യായ്കേം വച്ച്‌ രാത്രി ഒറ്റയ്ക്കു കാറോടിച്ചു പോകാൻ തുടങ്ങി അച്ഛൻ. ഞാൻ കരഞ്ഞു പറഞ്ഞിട്ടാണു ആരെയെങ്കിലും വിളിക്കാന്നു സമ്മതിച്ചത്‌. അടുത്തു കാർ ഓടിക്കുന്ന ആരും ഇല്ലല്ലോ. കുട്ട്യോളൊക്കെ ബോംബേം ബാംഗ്ലൂരുമൊക്കെയല്ലേ! തോമസ്‌ മാഷെ വിളിക്കേണ്ടി വന്നു.മാഷു ബൈക്കിൽ എത്തിയപ്പോഴേയ്ക്കും പിന്നെയും പത്ത്‌ മിനിറ്റു കഴിഞ്ഞു.നിമിഷം എണ്ണിയാണു ഞാൻ നിന്നത്‌.ദൈവം സഹായിച്ചു ഒന്നും സംഭവിച്ചില്ല.എനിക്കാകെ പേടിയാകുന്നു മോനെ, ഇവിടെ ആരുമില്ലാതെ പെട്ടെന്നൊരു സുഖല്യായ്ക വന്നാ. ഞാൻ ഇതൊക്കെ എഴുതീന്നറിഞ്ഞാ അച്ഛൻ അരിശപ്പെടും.നിന്നോടു പറയാതെ മനസ്സിൽ വയ്ക്കാൻ എനിക്കു വയ്യ.. നീ സംഗീതയോടും പറയണം.........."

കണ്ണു നിറഞ്ഞതു കൊണ്ട്‌ പിന്നീടുള്ള വരികൾ വായിക്കാൻ കഴിഞ്ഞില്ല.മനസ്സ്‌ പതിനഞ്ചു വർഷം പുറകിലേയ്ക്കു പോയി.അച്ഛന്റെ ആദ്യത്തെ കാറ്‌ - മാരുതി 800. അതിലാണു ഞാൻ ഡ്രൈവിംഗ്‌ പഠിച്ചത്‌.അന്നെന്തോ ചെറിയ അബദ്ധം കാണിചപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"വല്ല ഹാർട്ട്‌ അറ്റാക്കും വന്ന് ആശുപത്രിയിലേയ്ക്കു കൊണ്ട്‌ പോകുമ്പോൾ
വണ്ടിയിടിച്ചു മരിക്കാനായിരിക്കും എന്റെ വിധി!"
സ്വന്തം ഫലിതം ആസ്വദിച്ച്‌ അച്ഛൻ പൊട്ടിച്ചിരിച്ചു അന്ന്. ആ ചിരിയാണല്ലോ അച്ഛന്റെ മുഖ മുദ്ര!ഒരു പരിധി വരെ ഒന്നിലും പതറാത്ത ആൾ. എന്റെ അച്ഛൻ!

ഉലയിൽ നിന്നു തീപ്പൊരി പോലെ ചിന്തകൾ പാറിപ്പറക്കുകയാണ്‌.അമ്മയുടെ കൈപ്പടയിലേയ്ക്ക്‌,അച്ഛന്റെ പുഞ്ചിരിയിലേയ്ക്ക്‌, ഒരുപാടു നാൾ ചേർന്നുറങ്ങിയ ആ നെഞ്ചിന്റെ വേദനയിലേയ്ക്ക്‌.

"എന്താ സച്ചീ ഇരുന്നുറങ്ങാണോ? പണിയുണ്ടെന്നു പറഞ്ഞ്‌ കൊച്ചു വെളുപ്പാൻ കാലത്ത്‌ എഴുന്നേറ്റിട്ട്‌?"

സംഗീതയുടെ തണുത്ത കൈപ്പടം കവിളിൽ അമർന്നപ്പോഴാണു ഞാൻ കണ്ണു തുറന്നത്‌.അവൾ കുളി കഴിഞ്ഞു മുടി തോർത്തുകയാണ്‌. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. കത്തു വായിക്കുമ്പോൾ, ഞാൻ പറയാൻ പോകുന്നതു കേൾക്കുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും?

"ഗീതൂ എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്‌. അതിനു മുൻപു നീയീ കത്തൊന്നു വായിച്ചേ..

അവൾക്കൊന്നും മനസ്സിലായില്ല, എന്റെ കയ്യിൽ നിന്നു കത്തു വാങ്ങുമ്പോൾ അവളുടെ മുഖത്ത്‌ ആ ആശയക്കുഴപ്പം വ്യക്തമായിരുന്നു. പക്ഷെ കത്തു വായിക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അതെനിക്കു കുറച്ച്‌ ആത്മവിശ്വാസം നൽകി.

"നമ്മളിപ്പോ എന്താ ചെയ്യാ ഗീതു?"

"സച്ചി ഒരാഴ്ച്ച ലീവെടുത്ത്‌ വീട്ടിൽ പോയി നിൽക്കൂ. ഇവിടുത്തെ കാര്യങ്ങൾ ഞാൻ മാനേജ്‌ ചെയ്തോളാം." തഴക്കം വന്ന HR ആയ ഗീതുവിനു ഒരു സൊലൂഷൻ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. എനിക്കു നിരാശ തോന്നി.

"ലീവെടുത്ത്‌ എത്ര നാൾ നിൽക്കാൻ കഴിയും? ഒരു ലോങ്ങ്‌ ടേം സൊലൂഷൻ വേണ്ടേ ഇതിന്‌?" ഗീതുവിന്റെ ഭാഷയിൽ തന്നെ ഞാൻ പ്രതികരിച്ചു.ഞാൻ പറയാതെ തന്നെ അവൾ മനസ്സിലാക്കിയിരുന്നെങ്കിൽ..

"സച്ചി എന്താണ്‌ ഉദ്ദേശിക്കുന്നത്‌?"

"നമുക്ക്‌ നാട്ടിൽ സെറ്റിൽ ചെയ്താലോ?" ഒരുപാടു നേരം അടക്കി പിടിച്ച ചോദ്യം പുറത്തു ചാടിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.ഗീതുവിന്റെ മുഖത്ത്‌ അത്ഭുതവും അവിശ്വാസവും നിറഞ്ഞു.

"സച്ചി എന്തായീ പറയുന്നത്‌? പെട്ടെന്നങ്ങനെ തീരുമാനം എടുക്കാൻ പറ്റിയ കാര്യാണോ ഇത്‌?"

"ഇനിയും അച്ഛന്‌ ഒരറ്റാക്ക്‌ വരണോ നിനക്കു തീരുമാനം എടുക്കാൻ?

സംഗീതയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു. വേണ്ടായിരുന്നു. സങ്കടം കൊണ്ട്‌ പറഞ്ഞ വാക്കുകൾക്കു കുറച്ച്‌ മൂർച്ച കൂടിപ്പോയി.

അൽപ നേരത്തെ മൗനത്തിനു ശേഷം സംഗീത പറഞ്ഞു.

"സച്ചി എന്നും സെന്റിമെന്റ്സിന്റെ പുറത്താണ്‌ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്‌! പക്ഷേ ഇതങ്ങനെ പറ്റില്ല.പ്രാക്റ്റിക്കലായി ചിന്തിക്കൂ.. നമ്മുടെ എല്ലാ എസ്റ്റാബ്ലിഷ്മെന്റ്സും ഇവിടെയാണു സച്ചീ.. നമ്മുടെ ജോലി, വീട്‌. പിന്നെ ലയബിലിറ്റീസ്‌. വീടീന്റെയും കാറിന്റെയും ലോൺ. ഇതൊക്കെ ഇട്ടെറിഞ്ഞ്‌ എങ്ങനെ നാട്ടിലേയ്ക്കു പോകും?

"നിന്നോട്‌ ഒരു ഫീസിബിലിറ്റി സ്റ്റഡി നടത്താനല്ല ഞാൻ പറഞ്ഞത്‌.അമ്മയുടെ കത്തു വായിച്ചില്ലേ, അച്ഛനറിയാതെ യാതൊരു കാര്യവും ചെയ്യുന്ന ആളല്ല അമ്മ, അത്രയ്ക്കു വിഷമിച്ചാണ്‌ അമ്മയാ കത്ത്‌ എഴുതിയിരിക്കുന്നത്‌. എന്നിട്ടും നിനക്കൊന്നും തോന്നുന്നില്ലേ?"

സംഗീത അൽപ സമയത്തേയ്ക്കു നിശബ്ദയായി. അവളുടെ പ്രാക്റ്റിക്കലായ തലച്ചോറു ചിന്തിക്കുകയാണ്‌. ചിന്തിക്കട്ടെ, നന്നായി ചിന്തിക്കട്ടെ...

"അച്ഛനും അമ്മയ്ക്കും ഇവിടെ വന്നു താമസിക്കാലോ.. എത്ര പ്രാവശ്യം വിളിച്ചതാ നമ്മൾ!"

"എടോ അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ? ഒരു നിമിഷം വീട്ടിൽ അടങ്ങി ഇരിക്കാത്ത ആളാ.. ആ അച്ഛനെ ബാംഗ്ലൂർ കൊണ്ടു വന്നു, ഈ ഫ്ലാറ്റിന്റെ എഴാം നിലയിൽ പൂട്ടിയിടുക എന്നു വച്ചാൽ കഷ്ടമല്ലേ? അച്ഛനിവിടെ ശ്വാസം മുട്ടും!"

സംഗീതയുടെ മുഖത്ത്‌ ആകെയൊരു ആശയക്കുഴപ്പം. MBA ക്ലാസ്സുകളിൽ അവൾ പഠിച്ച കേസ്‌ സ്റ്റഡികൾക്കൊന്നിനും ഇത്രയും സങ്കീർണ്ണത ഉണ്ടായിരുന്നിരിക്കില്ല.

"ഓ കെ, നാട്ടിൽ സെറ്റിൽ ചെയ്യമെന്നു തന്നെ വയ്ക്കുക,നമ്മളവിടെ എങ്ങനെ ജീവിക്കും? നമ്മുടെ ഫീൽഡിൽ ഒരു ജോലി അവിടെ കിട്ടില്ലല്ലോ? അതു മാത്രമല്ല ഇത്രയും നാൾ നമ്മൾ വളർത്തിക്കൊണ്ടു വന്ന കരിയർ , അതിങ്ങനെ ഒരു സെന്റിമന്റ്സിന്റെ പേരിൽ വലിച്ചെറിയണൊ? സച്ചി ഇതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല.. ഉറപ്പാ.."

സത്യമാണ്‌, ഇതിനെക്കുറിച്ചൊന്നും ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. കത്തു കിട്ടിയ സമയം മുതൽ ഇപ്പോൾ വരെ ഇതൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അച്ഛന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ.

എന്നെ ഒന്നു മയപ്പെടുത്താൻ എന്ന മട്ടിൽ അവൾ തുടർന്നു.

"അച്ഛനും അമ്മയ്ക്കും അവരുടെ ലൈഫ്‌ പോലെ നമുക്കും നമ്മുടേതില്ലേ സച്ചീ, അതിവിടെയാണ്‌, മറ്റൊരിടത്തേയ്ക്കു പറിച്ചു നടാൻ ബുദ്ധിമുട്ടാണ്‌, എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ? എല്ലാം ഒരുമിച്ചു മാനേജ്‌ ചെയ്യണം. കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിക്കൂ സച്ചീ..."

"അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രമല്ല ഗീതൂ,നമുക്കു കൂടെ വേണ്ടിയാ ഞാൻ പറയുന്നത്‌.നിനക്കു മടുപ്പു തോന്നുന്നില്ലേ ഈ ലൈഫ്‌? പത്തു വർഷത്തോളമായില്ലേ,നിറുത്താതെ ഓടിയും ട്രാഫിക്കിൽ കുരുങ്ങിയും ഈ ഫ്ലാറ്റിന്റെ ഇട്ടാവട്ട സ്ഥലത്തിങ്ങനെ? മടുപ്പില്ലെന്ന് നിനക്കെങ്ങനെ അഭിനയിക്കാൻ കഴിയുന്നു?"

"പറഞ്ഞു പറഞ്ഞു സച്ചി കാടു കയറുന്നു. ഇതാ ഞാൻ പറഞ്ഞത്‌, സച്ചി എപ്പോഴും സെന്റിമെന്റ്സിന്റെ പുറത്താണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്ന്! ഈ പ്രോഫഷനോടും, സിറ്റിയോടുമുള്ള സച്ചിയുടെ പ്രെജുഡിസ്‌ ഇന്നും ഇന്നലേം തുടങ്ങിയതല്ലല്ലോ? കൂടെയുള്ളവർ ഉയരങ്ങളിലെത്തുമ്പോഴും സച്ചി തുടങ്ങിയേടത്തു തന്നെ നിൽക്കുന്നതും ഈ പ്രെജുഡിസ്‌ കാരണമാ.. അമ്മയുടെ കത്തും കറങ്ങി തിരിഞ്ഞ്‌ അവിടെ തന്നെയെത്തി... "

ക്ലോക്ക്‌ ഏഴരയടിച്ചു. ഗീതുവിന്റെ ക്യാബ്‌ എട്ടു മണിക്കാണ്‌.

"വീട്ടിൽ പോകുന്ന കാര്യം നമുക്കാലോചിക്കാം സച്ചീ, ഇപ്പോൾ ആ പ്രെസന്റേഷൻ തീർക്കാൻ നോക്കൂ.." തിടുക്കത്തിൽ പറഞ്ഞു കൊണ്ടു, ബ്രെഡിൽ വെണ്ണ പുരട്ടാനായി ഗീതു ഓടി.

പ്രാക്റ്റിക്കലായി ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടു ലാപ്ടോപ്പിന്റെ സ്ക്രീനിലേയ്ക്കു ഞാൻ തുറിച്ച്‌ നോക്കി...

Tuesday, June 14, 2011

ഒരു സന്തോഷ വര്‍ത്താനം

ആയിരം കടക്കാറുള്ള ഫോൺ ബില്ലുകൾക്കു വിട - ഇനി മിസ്സ്‌ കോളുകൾ മാത്രം..

ബോറടിക്കുമ്പോ വെറുതെ കഴിച്ചിരുന്ന ബർഗ്ഗറുകൾക്കും പിസ്സയ്ക്കും വിട - ഇനി ക്യാന്റീനിലെ കാലിച്ചായ മാത്രം...

എല്ലാ മാസവും 26 നു സാലറി ക്രെഡിറ്റു ചെയ്തെന്നു മെസ്സേജടിക്കുന്ന സിറ്റി ബാങ്കിനും വിട - ഇനി ഞാൻ സ്റ്റേറ്റ്‌ ബാങ്കിന്റെ സ്വന്തം ആളാ(ലോൺ...)

അപ്പോ പറഞ്ഞു വന്നതു.. എനിക്കു MTech നു അഡ്മിഷൻ കിട്ടി. ബഹുത്‌ ഖുഷി ഹെ... മേൽ പറഞ്ഞ ഒന്നും ഒരു നഷ്ടമായി തോന്നുന്നില്ല.. വീണ്ടും വിദ്യാർത്ഥി ആകുന്നതിലെ സന്തോഷം മാത്രം... അപ്പൊ എല്ലാർക്കും എന്റെ വക ഒരു ലഡു.. :)