Saturday, July 27, 2013

കടൽ വിളിച്ചപ്പോൾ


ബോഗ്മാലോ ബീച്ചിന്റെ മുകളിൽ സൂര്യൻ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കം ഉണർന്നു വരുന്ന തീരത്തെ, തിരകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു. കാലടികൾ ചെറുതായി നനച്ചു കൊണ്ട് ഞാനും പ്രിയയും സൂര്യോദയം നോക്കി നിന്നു.

"ഇങ്ങനെ വട്ടുള്ള ആളുകളുണ്ടോ? കടല് കാണണം എന്ന് പറഞ്ഞു  വീക്കെന്റിൽ ബാംഗ്ലൂരു  നിന്ന് ഗോവയ്ക്ക് ബസ്സ് പിടിക്കാൻ മാത്രം വട്ടുള്ളവർ!" പ്രിയയുടെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു. ചെറുതായി ചിരിച്ചതല്ലാതെ മറുപടിയൊന്നും ഞാൻ പറഞ്ഞില്ല. ലോണ്ടയിൽ നിന്ന് രാവിലെ അഞ്ചരയ്ക്ക് വാസ്കോയിൽ  എത്തി.ഉടനെ തന്നെ ഒരു ബൈക്ക് റെന്റിനു ഒപ്പിച്ചു ബൊഗ്മലോയിലേയ്ക്കു വച്ചു പിടിക്കുകയായിരുന്നു.

"ഇങ്ങനത്തെ വട്ടൊക്കെ ഒറ്റയ്ക്ക് ചെയ്‌താൽ പോരെ? എന്നേം വലിച്ചു കൊണ്ടരണോ?" പ്രിയ ദേഷ്യം അഭിനയിക്കുകയാണെന്ന് എനിക്കറിയാം. ആകാശത്തിന്റെ നിറം ഓറഞ്ചിൽ നിന്ന് നീലയിലേയ്ക്കു സംക്രമിക്കുകയായിരുന്നു.ഉപ്പു രസമുള്ള കാറ്റ് ഞങ്ങളെ പതിയെ തഴുകുന്നുണ്ടായിരുന്നു.

"അല്ലാ, പെട്ടെന്നെന്താ കടലു കാണണം എന്നൊരു മോഹം? മിനിയാന്ന് വൈകുന്നേരം കണ്ടപ്പോ ഇങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നില്ലല്ലോ?സസ്പെന്സ്  കള! ഇനിയെന്നെ പ്രൊപ്പോസ് ചെയ്യാനെങ്ങാനും ആണോ പരിപാടി?" ഇംഗ്ലീഷ് സിനിമകൾ തലയ്ക്കു പിടിച്ചിരിക്കുന്നു പ്രിയക്ക്!

"പെട്ടെന്ന് കടലിനെ ഓർക്കാൻ കാരണമുണ്ട്. നീ  പി.സി മാധവൻ എന്ന് കേട്ടിട്ടുണ്ടോ?"

"കേരള ചീഫ് സെക്രട്ടറി ആയിരുന്ന ആളല്ലേ? പത്രത്തിൽ ഒക്കെ വായിച്ചിട്ടുണ്ട്"

"വെറുമൊരു ചീഫ് സെക്രട്ടറി എന്ന് ഒഴിക്കിനു പറയാൻ വയ്യ ആളെപ്പറ്റി. 24 വയസ്സിൽ സിവിൽ സർവീസ്  നേടി . വികലാംഗ ക്വോട്ടയിൽ സിവിൽ സർവീസിൽ കയറി എന്ന പേരുദോഷം അദ്ദേഹത്തിനുണ്ടായിരുന്നു, ആദ്യ കാലങ്ങളിൽ. സ്വാധീനമില്ലാത്ത വലതു കാലും കൊണ്ട് ഒരു കുതിരയെപ്പോലെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പടയോട്ടം. എല്ലാ അവയവങ്ങളും തികഞ്ഞവർ അദ്ദേഹത്തിന്റെ ആജ്ഞാ ശക്തിക്ക് മുന്നില് ചൂളി നിന്നു. സിവിൽ സർവീസിൽ നിന്നും വിരമിക്കുന്നത് വരെ അദ്ദേഹം ചെയ്ത ഡെവലപ്മെന്റ് പ്രോജെക്ട്സിന് കണക്കില്ല"

"അല്ല, എവിടുന്നു കിട്ടി ഇത്രമാത്രം ഡീറ്റെയില്സ്? നീ എന്താ വല്ല റിസേര്ച്ചും. നടത്തുന്നുണ്ടോ? കടലും ഈ മാധവൻ സാറും തമ്മിൽ എന്താ ബന്ധം? ഒരുമാതിരി കണക്ഷൻ ഇല്ലാതെ സംസാരിക്കരുത്!" പ്രിയയുടെ മൂക്കു ചുവന്നു.

"ചൂടാവല്ലേടി ! ഞാൻ പറഞ്ഞു വരുന്നതല്ലേ ഉള്ളൂ! മാധവൻ സാറിന്റെ ഒരു പുസ്തകം ഉണ്ട്, -"ചില ഓർമ്മക്കുറിപ്പുകൾ‍" അതിലെ ഒരു അധ്യായം നീയൊന്നു വായിക്കു. എന്നിട്ട് പറ കടല് കാണാൻ തോന്നിയതിൽ വല്ല തെറ്റുമുണ്ടോ എന്ന്."


ബാക്ക് പാക്കിൽ നിന്ന് പുസ്തകം എടുത്തു കൊണ്ട് ഞാൻ പറഞ്ഞു. മടക്കി അടയാളം വച്ച പേജു നിവര്ത്തി ഞാൻ പ്രിയയ്ക്ക് വായിക്കാൻ കൊടുത്തു. വെളുത്ത താളിൽ കറുത്ത അക്ഷരങ്ങൾ.

---------------------------------------------------
" തലശ്ശേരിയിലെ തറവാടു വീടിന്റെ മുൻവശം മുഴുവൻ കമുകിൻ തോപ്പായിരുന്നു അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ചരൽ വഴി. സ്വാതന്ത്ര്യവും മനുഷ്യാവകാശവും പ്രസംഗിച്ചു നടന്നിരുന്ന അച്ഛൻ,
വലതു കാലിനു സ്വാധീനമില്ലാത്ത സ്വന്തം മകന് പക്ഷെ വീട്ടു തടങ്കലാണ് വിധിച്ചത്. അച്ഛൻറെ   പ്രത്യയശാസ്ത്രങ്ങൾക്ക്  വീടിന്റെ ഉമ്മറപ്പടിവരയെ പ്രവേശനമുണ്ടായിരുന്നുള്ളൂ.ഓർമ്മയിൽ തെളിയുന്ന ചിത്രം സ്കൂളിൽ പോകാനായി അഛനോട് കേഴുന്നതാണ്.ഒരിക്കൽ അപസ്മാരത്തിന്റെ ആക്രമണം ഉണ്ടായത് മുതൽ നിയന്ത്രങ്ങൾ ഏറി. പഠിപ്പിക്കാനുള്ള പുസ്തകങ്ങളുമായി വാധ്യാന്മാർ വീട്ടിലേയ്ക്ക് വരും. വീട്ടിൽ ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നു. ജാതക കഥകൾ മുതൽ കാൾ മാർക്സിന്റെ ദാസ് ക്യാപിറ്റൽ വരെയുള്ള പുസ്തകങ്ങൾ. വായന ഒരു ഭ്രമമായി വളർന്നത് അക്കാലങ്ങളിലാണ്. പതിനാലോ പതിനഞ്ചോ ആയിരിക്കണം അന്ന് പ്രായം. കൂടുതൽ വായിക്കുന്തോറും എന്റെ ലോകം എത്ര ചെറുതാണെന്ന ബോധം ശക്തമായിക്കൊണ്ടിരുന്നു.ചിറകു വിടർത്തി പറക്കാൻ ആഗ്രഹിക്കുന്ന ഒരു പക്ഷിയെ പോലെയായിരുന്നു എന്റെ മനസ്സ്. ദുർബലമായ ശരീരത്തിനുള്ളിൽ കിടന്ന് അത് ശക്തിയായി ചിറകിട്ടടിച്ചു.

പഠിപ്പിക്കാൻ വരുന്നവരിൽ ഏറ്റവും ഇഷ്ടം രാധ
ടീച്ചറോടായിരുന്നു.മലയാളമാണ് ടീച്ചർ പഠിപ്പിച്ചിരുന്നത്.  എങ്കിലും മലയാളത്തിനു പുറത്തെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ചർച്ച  ചെയ്തു. ഞാൻ ആദ്യമായി കണ്ട ഒരു free-thinker  ആയിരുന്നു രാധ ടീച്ചർ.വായിക്കാനും എഴുതാനും യാത്ര ചെയ്യാനും സംസാരിക്കാനും മറ്റേതു വ്യക്തിയും പോലെ തനിക്കും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നു വിശ്വസിച്ചിരുന്ന ഒരു വ്യക്തി.പരിമിതമായ ചുറ്റുപാടുകളിൽ നിന്നു  കൊണ്ടും, തന്റെ ആശയങ്ങളിൽ, സത്തയിൽ കലർപ്പു  പകരാതെ സൂക്ഷിച്ച ഒരാൾ. ആയിടെയാണ്, രാധ ടീച്ചറിന്റെ സ്കൂളിൽ നിന്നും പത്താം ക്ലാസ്സിലെ കുട്ടികൾ തലശ്ശേരി കടപ്പുറം കാണാൻ പോകുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. "കടല് കാണാൻ വരുന്നോ?" എന്ന് ടീച്ചർ ചോദിച്ചപ്പോൾ മനസ്സില് ഒരു ആവേശത്തിരയിളകി.ഞാൻ കടല് കണ്ടിരുന്നില്ല,കായല് കണ്ടിരുന്നില്ല, മഞ്ഞു നിറഞ്ഞ മലകളോ, മണല് നിറഞ്ഞ മരുഭൂമികളോ കണ്ടിരുന്നില്ല. ഞാൻ ഒന്നും കണ്ടിരുന്നില്ല.

വീട്ടില് ഇതിനെ ചൊല്ലി ഒരു വലിയ വഴക്കുണ്ടായതോർക്കുന്നു. അഛൻറെ കണ്ണുകളിലേയ്ക്ക് കൂടി നോക്കാൻ ശക്തിയില്ലാതിരുന്ന ഞാൻ ആദ്യമായി ആ മുഖത്ത് നോക്കി സംസാരിച്ചു, പോകണമെന്ന് വാശി പിടിച്ചു,ഒരു ദിവസത്തെ നിരാഹാരത്തിനു  ശേഷം നൂറു കണക്കിന് നിബന്ധനകളോടെ അച്ഛൻ പോകാൻ അനുവദിച്ചു. അന്നു രാത്രി എൻറെ മുറിയിലെ ചെറിയ ജനാല തുറന്നിട്ട്‌ ആകാശത്തേയ്ക്ക് നോക്കി കിടക്കുമ്പോൾ ഞാൻ ആലോചിച്ചത് കടലിനു ആകാശത്തേക്കാൾ ആഴമുണ്ടാകുമോ എന്നായിരുന്നു.


ചക്രവാളമാണ് ആദ്യം കണ്മുന്നിൽ തെളിഞ്ഞത്. ഉച്ച വെയിലിൽ വെട്ടിത്തിളങ്ങുന്ന കടും നീല ജലപ്പരപ്പ്. കാറ്റിനു നേരിയ ഉപ്പു രസം. പിന്നെയും അല്പം മുന്നോട്ടു നീങ്ങിയപ്പോൾ തീരം കാണാറായി. തീരത്തെ മണൽത്തിട്ടയിൽ വന്നിടിച്ചു പോകുന്ന വെളുത്ത തിരകൾ.കടലിനെന്തൊരു വലുപ്പം! സിന്ദബാദിനെയും, മഗല്ലനെയും വാസ്കോ-ഡാ-ഗാമയെയും പറ്റി  വായിച്ചിട്ടുണ്ടെന്നത്  അല്ലാതെ, അവരുടെ കടൽ ഇത്ര വലുതായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നില്ല. സാഹസികരായ ആ യാത്രികരെ പോലെ ഒരു പായ്ക്കപ്പലിൽ ലോകം ചുറ്റി സഞ്ചരിക്കണമെന്ന് തോന്നി.
"കുട്ടിക്ക് വെള്ളത്തിൽ ഇറങ്ങണോ?" രാധ ടീച്ചർ ചോദിച്ചു.
കടലിൽ ഇറങ്ങരുതെന്ന്  അച്ഛൻ കർശനമായി  വിലക്കിയിരുന്നു. രാധ ടീച്ചറോടും  അച്ഛൻ അത് പറഞ്ഞിരുന്നു.

"ഇത്ര ദൂരം വന്നിട്ട് കടലിൽ എറങ്ങില്യാച്ചാൽ  കഷ്ടാണ്‌. കാലിൽ തിരയടിക്കുമ്പോൾ എന്ത് രസാന്നറിയ്വോ?" രാധ ടീച്ചറുടെ മുഖത്ത് ഒരു കുട്ടിയുടെ കൌതുകവും ആവേശവും മിന്നി മറയുന്നത് ഞാൻ കണ്ടു. പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രണ്ടു കുട്ടികൾ ഇടവും വലവും നിന്നു , എന്നെ സഹായിക്കാൻ. ശോഷിച്ച വലതു കാലും, മണ്ണിൽ ആണ്ടു പൊയ്ക്കൊണ്ടിരുന്ന ഇടതു കാലും കൊണ്ട്,അന്നേ വരെ കണ്ടിട്ടില്ലാത്ത രണ്ടു കുട്ടുകാരുടെ തോളിൽ കയ്യിട്ട് ഞാൻ കടലിലേയ്ക്ക് നടന്നു, നടക്കുന്തോറും മണ്ണിനു നനവേറി വന്നു. നടപ്പ് ക്ലേശകരമായി. കടലിലെ  ആദ്യ തിര എന്റെ കാലിൽ വന്നു തൊട്ട നിമിഷം! ആ തിരകളുടെ വെളുപ്പും ശക്തിയും ഇളം ചൂടും ഇന്നും വ്യക്തമായി ഓർക്കാൻ  കഴിയുന്നു. കാലിനെ പുണരുന്ന ശക്തമായ തിര, മുകളിൽ  പ്രകാശിക്കുന്ന സൂര്യൻ, കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ. തിരകളിൽ വീഴാതെ കൂട്ടുകാരുടെ തോളിൽ പിടിച്ചു നിവർന്നു നില്ക്കുന്ന ഞാൻ. ലോകത്തിനു മുന്നിൽ  നിവർന്നു നില്ക്കുന്നതിലെ ഹരം അന്ന് ഞാൻ മനസ്സിലാക്കി. ആ ഹരമായിരുന്നു പിന്നീട്‌ മുന്നോട്ടുള്ള വഴി തെളിച്ചത്. "

------------------------------------
പ്രിയ ചെറുതായി ചിരിച്ചു. "നിന്റെ ഓരോ വട്ടുകൾ" എന്ന് മൃദുവായി പറഞ്ഞു കൊണ്ട് കടലിലേയ്ക്കു നോക്കി നിന്നു.